പഞ്ചാബിലും കോണ്‍ഗ്രസിന് അടിപതറുന്നു; ഭരണം പ്രതിസന്ധിയില്‍

Tuesday 21 May 2019 6:09 pm IST
സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗറിന് ചണ്ഡീഗഡില്‍ സീറ്റ് ലഭിക്കാത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ഏറ്റെടുത്തെന്ന് സിദ്ദു പറഞ്ഞതോടെയാണ് സര്‍ക്കാരിലെ പൊട്ടിത്തറി മറനീക്കിയത്.

പഞ്ചാബ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി നവജോത് സിംഗ് സിദ്ദുവും തമ്മിലുള്ള ഏറ്റമുട്ടലില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. സിദ്ദുവിനെതിരെ ഹൈക്കമാന്‍ഡ് നടപടിക്കൊരുങ്ങുന്നു എന്നാണ് സൂചന. പ്രശ്‌നം ഗൗരവകരമാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സംസ്ഥാന ഘടകം  പ്രസിഡന്റ് സുനില്‍ ജാഖറോട് ഹൈക്കമാന്‍ഡ് വിശദമായ റിപ്പോര്‍ട്ട്  ആവശ്യപ്പെടാനും തീരുമാനം.

സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗറിന് ചണ്ഡീഗഡില്‍ സീറ്റ് ലഭിക്കാത്തതിന്റെ ഉത്തരവാദിത്വം  മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ഏറ്റെടുത്തെന്ന് സിദ്ദു പറഞ്ഞതോടെയാണ് സര്‍ക്കാരിലെ പൊട്ടിത്തറി മറനീക്കിയത്. എന്നാല്‍ ഇക്കാര്യം അമരിന്ദര്‍ നിഷേധിച്ചു. ചണ്ഡീഗഡില്‍ മത്സരിക്കാന്‍ തനിക്ക് അവസരം നിഷേധിച്ചത് അമരിന്ദര്‍ സിങ്ങാണെന്ന് നവ്‌ജോത് കൗര്‍ ഒരു സ്വകാര്യ ചാനലില്‍ തുറന്നടിച്ചു. ഇതോടെ മന്ത്രിസഭയില്‍ പോര് മുറുകി.

സിദ്ദുവിനെതിരെ മറ്റൊരു മന്ത്രി സാധുസിംഗ് ദാരാംസോട്ട് കഴിഞ്ഞ ദിവസം  രംഗത്തെത്തി. സിദ്ദുവിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ക്യാബിനറ്റ് മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പോകാമെന്നും ബിജെപിയില്‍ നിന് കോണ്‍ഗ്രസ്സിലേക്ക് വന്ന സിദ്ദു ഇനി എങ്ങോട്ട് പോകുമെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ എന്നും സാധു പരിഹസിച്ചു. ഹൈക്കമാന്‍ഡ് നടപടിയെടുക്കണമെന്നും പാര്‍ട്ടി സംസ്ഥാന യോഗം ചേരണമെന്നും ദാരാംസോട്ട് ആവശ്യപ്പെട്ടു.

തന്നെ പുറത്താക്കി മുഖ്യമന്ത്രിയാവാനാണ് സിദ്ദു ശ്രമിക്കുന്നതെന്ന് അമരിന്ദര്‍ സിങ് പറഞ്ഞതാണ് പ്രശ്‌നം വഷളാക്കിയത്. അമരിന്ദറിനോട് വിയോജിപ്പുള്ള ഒരു വിഭാഗം എംഎല്‍എമാര്‍ സിദ്ദുവിനൊപ്പം അണിനിരക്കുന്നു എന്നാണ് സൂചനകള്‍. ഇതോടെ മധ്യപ്രദേശിനും കര്‍ണാടകയ്ക്കും പിന്നാലെ പഞ്ചാബിലും കോണ്‍ഗ്രസ് ഭരണം അനിശ്ചിതത്വത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.