ഭൂമിയെ ഹരിതക്കുട ചൂടിക്കാന്‍ ഇവര്‍ കാടുകളുണ്ടാക്കുന്നു

Wednesday 22 May 2019 10:15 am IST
ഇന്ന് ജൈവ വൈവിധ്യ ദിനം
"പുളിയറക്കോണത്തെ 'മിയാവാക്കി കാട്ടില്‍' ചെറിയാന്‍ മാത്യു. സഹായി മധു സമീപം"

തിരുവനന്തപുരം: ഭൂമിയെ ഹരിതക്കുട ചൂടിക്കാന്‍ ഇവര്‍ കാടുകളുണ്ടാക്കുന്നു. പ്രകൃതിയുടെ ജൈവ വൈവിധ്യം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമം. തിരുവനന്തപുരം ഓര്‍ഗാനിക് ചാരിറ്റബിള്‍ സൊസൈറ്റിയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാടുകളുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 

വെറും കാടല്ല, 'മിയവാക്കി വന'മാണ് ഇവര്‍ സൃഷ്ടിക്കുന്നത്. കേരളത്തിലെ കാവുകളുടെ ജാപ്പനീസ് പതിപ്പാണ് മിയാവാക്കി വനങ്ങള്‍. സ്വകാര്യ പറമ്പിലും സ്ഥാപനങ്ങള്‍ക്ക് ഉള്ളിലും ഇത്തരം കൃത്രിമ കാടുകളുടെ തണലൊരുക്കുകയാണ് സൊസൈറ്റി. അരസെന്റിലും ഒരു സെന്റിലുമൊക്കെ ഉയരമേറിയ വൃക്ഷങ്ങളാല്‍ നിബിഡമായ കാട്. നഗരങ്ങള്‍ വനവല്‍ക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപനില കുറയ്ക്കുന്നതിനും സഹായകമാകും മിയാവാക്കി കാടുകള്‍. 

പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരങ്ങള്‍ കൊണ്ടാണ് കാടൊരുക്കുന്നത്.  തനിയെ രൂപപ്പെടുന്ന കാടുകളെക്കാള്‍ വളരെ ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് മിയവാക്കി വനങ്ങളുടെ സവിശേഷത. ശരാശരി 10-15 വര്‍ഷംകൊണ്ട് 150 വര്‍ഷം പ്രായമുള്ള സ്വാഭാവിക വനങ്ങള്‍ക്കു തുല്യമായ ഒരു കാട് രൂപപ്പെടുത്താന്‍ ഇതുവഴി സാധിക്കും. ചെടി നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം. 

ഒരു ചതുരശ്രമീറ്ററില്‍ 3-4 ചെടികളാണ് വേണ്ടത്. വള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍, ചെറുമരങ്ങള്‍, വന്‍മരങ്ങള്‍ എന്നിവ ഇടകലര്‍ത്തി നടുന്നതുവഴി വനത്തിനുള്ളില്‍ പല തട്ടിലുള്ള ഇലച്ചാര്‍ത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുന്നതിനാല്‍  സൂര്യപ്രകാശത്തിനു വേണ്ടിയുള്ള മത്സരത്തില്‍ ചെടികള്‍ ഉയരത്തില്‍ വളരുന്നു.

ഓരോ സ്ഥലത്തും സ്വാഭാവികമായി വളര്‍ന്നിരുന്ന ചെടികളെ കണ്ടെത്തിയാണ് മിയാവാക്കി വനത്തിന്റെ രൂപകല്‍പ്പന. വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ചെടികള്‍ ചട്ടികളിലാക്കി പ്രത്യേക നടീല്‍ മിശ്രിതം നിറയ്ക്കുന്നു. നിശ്ചിത വളര്‍ച്ചയെത്തിയ ചെടികള്‍ നടുന്ന സ്ഥലത്ത് ഒരു മാസത്തോളം സൂക്ഷിക്കും. അവിടത്തെ കാലാവസ്ഥയോട് പൊരുത്തപ്പെടുന്നതിനാണിത്. തുടര്‍ന്ന് ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് അതിനുള്ളില്‍ നടീല്‍ മിശ്രിതം നിറച്ചശേഷമാണ് തൈകള്‍ നടുന്നത്. ചാണകപ്പൊടി, ചകിരിനാര്, ഉമി എന്നിവ തുല്യ അളവില്‍ കൂട്ടിച്ചേര്‍ത്താണ് നടീല്‍മിശ്രിതമുണ്ടാക്കുന്നത്. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് വനം വച്ചുപിടിപ്പിക്കാന്‍ 3500 രൂപയാണ് ചെലവ്. 

വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണം മൈലമൂട്ടില്‍ ബിസിനസുകാരനായ എം.ആര്‍. ഹരികുമാറിന്റെ കൃഷിയിടത്തിലാണ് ഒന്നര വര്‍ഷം മുമ്പ് സൊസൈറ്റി ആദ്യ മിയാവാക്കി വനം സ്ഥാപിച്ചത്. ഇവിടുത്തെ മരങ്ങള്‍ ഇപ്പോള്‍ 15 അടിയിലേറെ വളര്‍ന്നുകഴിഞ്ഞു. പ്രകൃതിക്ക് നഷ്ടമായ പച്ചപ്പ് വീണ്ടെടുക്കാന്‍, കാവുകളാല്‍ സമൃദ്ധമായ പോയകാലത്തിന്റെ പുനര്‍ജനിയാണ് ആശയത്തിനു പിന്നിലെന്ന് സൊസൈറ്റി സെക്രട്ടറി ചെറിയാന്‍ മാത്യു പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.