മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ അധികസമയം നല്‍കില്ല: സുപ്രീംകോടതി

Wednesday 22 May 2019 12:52 pm IST
ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാമെന്നും പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റുസംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസിനിപ്പിക്കേണ്ട കാലമായെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ന്യൂദല്‍ഹി: എറണാകുളം മരടില്‍ കായല്‍ കൈയേറി നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള സമയപരിധി നീട്ടിനില്‍കില്ലെന്ന് സുപ്രീംകോടതി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവരോട് ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഫ്‌ളാറ്റ് ഉടമകള്‍ക്ക്  നഷ്ടപരിഹാരം തേടി ഉചിതമായ വേദികളെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിലെ കായലോരത്ത് നിര്‍മ്മിച്ച ഹോളി ഫെയ്റ്റ് അപ്പാര്‍ട്ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് എത്രയും വേഗം പൊളിച്ചു നീക്കാന്‍ കോടതി വീണ്ടും നിര്‍ദ്ദേശം നല്‍കിയത്. പരിസ്ഥിതി നിയമ ലംഘകരോട് കോടതികളും മറ്റു സംവിധാനങ്ങളും ക്ഷമ കാണിക്കുന്ന രീതി അവസാനിപ്പിക്കേണ്ട കാലമായെന്ന ശ്രദ്ധേയമായ പ്രതികരണത്തോടെയാണ് സമയപരിധി നല്‍കണമെന്ന ഹര്‍ജി കോടതി തള്ളിയത്. ബദല്‍ സംവിധാനം ഒരുക്കുന്നതുവരെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് സമയപരിധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി. മെയ് എട്ടിനായിരുന്നു ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കോടതി ഉത്തരവ്. ഒരുമാസത്തിനുള്ളില്‍ ഇവ പൊളിക്കണമെന്ന വിധിക്കെതിരെയാണ് ഉടമകള്‍ കോടതിയെ സമീപിച്ചത്. നാനൂറോളം കുടുംബങ്ങളാണ് അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി താമസിക്കുന്നത്. 

അപ്പാര്‍ട്ടുമെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേരള തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. 2006ല്‍ മരട് പഞ്ചായത്ത് ആയിരുന്നപ്പോഴാണ് സിഎസ്ആര്‍ സോണ്‍ മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്ത് വന്‍കിട ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. പിന്നീടത് മരട് മുനിസിപ്പാലിറ്റിയായി മാറി. നിലവില്‍ കെട്ടിടങ്ങള്‍ ഉള്ള സ്ഥലം സോണ്‍ രണ്ടിലാണ്. സോണ്‍ രണ്ടിലുള്ള പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തീരദേശ അതോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്ന് കെട്ടിട നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചു കളയാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. നിര്‍മ്മാണ അനുമതി ലഭിച്ച കാലത്ത് സോണ്‍ മൂന്നില്‍ ആയിരുന്ന പ്രദേശമായിരുന്നെന്നും അതിനാല്‍ തന്നെ തീരദേശ അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാണെന്നുമായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ മെയ് എട്ടിലെ ഉത്തരവ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.