വിവിപാറ്റുകള്‍ ആദ്യം എണ്ണില്ല

Wednesday 22 May 2019 2:34 pm IST
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയായ ശേഷം മാത്രമേ വിവിപാറ്റുകള്‍ എണ്ണൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ മൂന്നുദിവസത്തേക്ക് നീട്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരാകരിച്ചത്. ഇന്ന് രാവിലെ എട്ടു മണിക്ക് പോസ്റ്റല്‍ ബാലറ്റുകളും എട്ടര മുതല്‍ ഇവിഎമ്മുകളും എണ്ണും.

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയും അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഒരു നീക്കം കൂടി പാളി. വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. 

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയായ ശേഷം മാത്രമേ വിവിപാറ്റുകള്‍ എണ്ണൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ മൂന്നുദിവസത്തേക്ക് നീട്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരാകരിച്ചത്. ഇന്ന് രാവിലെ എട്ടു മണിക്ക് പോസ്റ്റല്‍ ബാലറ്റുകളും എട്ടര മുതല്‍ ഇവിഎമ്മുകളും എണ്ണും. 

ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വീതം വിവിപാറ്റുകളാണ് വോട്ടെണ്ണലിന്റെ ഭാഗമായി എണ്ണുന്നത്. ഇവിഎമ്മുകള്‍ എണ്ണി പൂര്‍ത്തിയായ ശേഷം അഞ്ചുവീതം വിവിപാറ്റുകള്‍ എണ്ണി രേഖപ്പെടുത്തും. ഉച്ചയോടെ ഇവിഎമ്മുകള്‍ എണ്ണി പൂര്‍ത്തിയാകുമെങ്കിലും അതാത് മണ്ഡലങ്ങളിലെ വിവിപാറ്റുകള്‍ കൂടി എണ്ണിയ ശേഷം രാത്രി ഏഴു മണിയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് സാധ്യതയുള്ളൂ.

ഇവിഎമ്മുകള്‍ എണ്ണാന്‍ ആരംഭിക്കുന്നതിന് മുമ്പായി വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 പ്രതിപക്ഷ കക്ഷികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വിവിപാറ്റുകളും അതിന് ശേഷം ഇവിഎമ്മുകളും എണ്ണണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. രണ്ടും തമ്മില്‍ വത്യാസം ഉണ്ടായാല്‍ ആ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് യന്ത്രങ്ങളും എണ്ണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഇത്തരത്തില്‍ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണി തിട്ടപ്പെടുത്താന്‍ രണ്ടോ മൂന്നോ ദിവസം വേണ്ടിവരുമെന്നും വോട്ടെണ്ണല്‍ അത്രയും നീളാന്‍ അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ ശക്തമായ നിലപാടെടുത്തു. വോട്ടിങ് യന്ത്രത്തിലെ വോട്ടും വിവിപാറ്റിലെ രസീതും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വിവിപാറ്റിലെ കണക്കായിരിക്കും അന്തിമമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. വിവിപാറ്റ് എണ്ണിയതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണം.

പൊരുത്തക്കേട് ഉണ്ടായെങ്കില്‍ അതെങ്ങനെയന്ന് കമ്മീഷന്‍ വിശദമായി പരിശോധിക്കും. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണാന്‍ ആരംഭിക്കുന്നതിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിങ് ഏജന്റുമാര്‍ ഇവിഎം സീരിയല്‍ നമ്പറുകള്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിന്നീട് പരാതിയുമായി വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തടയാനാണ് ഈ നിര്‍ദേശം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.