അന്തര്‍സംസ്ഥാന ബസ്സുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന; പിഴയിനത്തില്‍ ലഭിച്ചത് 1.8 കോടി രൂപ

Wednesday 22 May 2019 8:19 pm IST

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തിനു പിന്നാലെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പിഴയിനത്തില്‍ ലഭിച്ചത് 1.8 കോടി രൂപ. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബസുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 5286 ബസുകളാണ് വിവിധ ക്രമക്കേടുകളുടെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയിട്ടുള്ളത്. ഇവയില്‍ ഭൂരിഭാഗം ബസുകളും കോണ്‍ട്രാക്ട് കാരിയര്‍ സര്‍വീസ് നടത്തുന്നതിന് മാത്രം അനുമതി നേടിയ ശേഷം വിവിധ സ്റ്റോപ്പുകളില്‍ നിന്ന് യാത്രക്കാരെ കയറ്റി സ്റ്റേജ് കാരിയര്‍ സര്‍വീസ് നടത്തുന്നവയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമേ അമിതവേഗതയുടെ പേരില്‍ വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 206 കേസുകളാണ്.  ഇവയില്‍ പലതും ഇതര സംസ്ഥാന വാഹന രജിസ്‌ട്രേഷന്‍ ഉള്ളവയാണ്. 82,400 രൂപയാണ് അമിതവേഗതയുടെ പേരില്‍ മാത്രം ഈടാക്കിയ തുക.

എന്നാല്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ് മുന്നോട്ടുനീങ്ങുന്‌പോള്‍ ക്രമക്കേടുകളുടെ പേരില്‍ പിഴ ചുമത്തിയ നൂറുകണക്കിന് വാഹനങ്ങള്‍ ഇപ്പോഴും പിഴ അടയ്ക്കാനുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 20 ന് തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കല്ലട ബസിലെ അക്രമം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.