വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷാ വലയത്തില്‍; അട്ടിമറി അസാധ്യം

Thursday 23 May 2019 7:35 am IST

ന്യൂദല്‍ഹി: പ്രതിപക്ഷം ആരോപിക്കുന്നതുപോലെ വോട്ടു ചെയ്ത വോട്ടിങ് യന്ത്രം തട്ടിയെടുത്ത് പകരം വേറെ യന്ത്രങ്ങള്‍ കൊണ്ടുവന്നു വച്ച് അട്ടിമറി നടത്തുന്നത് അസാധ്യമെന്ന് വിദഗ്ധര്‍. വലിയ സുരക്ഷയാണ് യന്ത്രങ്ങള്‍ക്കുള്ളതെന്നതിനാല്‍ ചെറിയൊരു ഇടപെടല്‍ പോലും ചിന്തിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.  അവ സൂക്ഷിക്കുന്ന മുറികള്‍ക്കടുത്തു പോലുമെത്താന്‍ ആര്‍ക്കുമാവില്ല.

 വാഹനം

 പോളിങ് ബൂത്തുകളില്‍ നിന്ന് കനത്ത സുരക്ഷയില്‍ സര്‍ക്കാര്‍ ബസുകളിലോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാടകയ്‌ക്കെടുത്ത വാഹനങ്ങളിലോ പോലീസ് വാഹനങ്ങളിലോ ആണ് യന്ത്രങ്ങള്‍  കൊണ്ടുപോകുക.

അകമ്പടി

 കേന്ദ്ര-സംസ്ഥാന സേനകളുടെ സംയുക്ത സംഘമാണ് ഇവ കൊണ്ടുേപാകുന്ന വാഹനങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നത്. പ്രിസൈഡിങ് ഒാഫീസറും ഒപ്പമുണ്ടാകും.

സാങ്കേതികവിദ്യ

 യ്രന്തങ്ങളും വിവിപാറ്റുകളും  സുരക്ഷിതമായി എത്തിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായവും ലഭ്യമാക്കും. ഉദ്യോഗസ്ഥരുടെ ദേഹത്ത് കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ചിലയിടങ്ങളില്‍ ഡ്രോണുകളുമുണ്ട്. ഇവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് ഉണ്ട്. അതിനാല്‍ അവയുടെ യാത്ര കൃത്യമായി നിരീക്ഷിക്കാം.

 യന്ത്രങ്ങളില്‍ രണ്ടു യൂണിറ്റുകളാണുള്ളത്. ഒന്ന്  കണ്‍ട്രോള്‍ യൂണിറ്റ്, അത് പോളിങ് ഓഫീസറുടെ പക്കലാണ്. ഇത് കേബിള്‍ വഴി ബാലറ്റ് യൂണിറ്റുമായി ബന്ധിപ്പിക്കും. ഒന്നിലധികം ബാലറ്റ് യൂണിറ്റുകള്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റുമായും ബന്ധിപ്പിക്കാം. ഇവ സൂക്ഷിക്കാന്‍ അനവധി സ്‌ട്രോങ് റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ സുരക്ഷയ്ക്ക് എത്ര പേരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തില്ല. സുരക്ഷാ കാരണങ്ങളാലാണിത്.

യന്ത്രങ്ങളുടെ സൂക്ഷിപ്പ്

വോട്ടെുപ്പ് കഴിഞ്ഞ് യന്ത്രങ്ങള്‍, അവയ്‌ക്കൊപ്പമുള്ള പെട്ടികളില്‍ വയ്ക്കും. പ്രത്യേകം പെട്ടിയിലാണ്  വിവിപാറ്റ് വയ്ക്കുക. തുടര്‍ന്ന് പോളിങ് ഓഫീസര്‍മാരുടെയും ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ പെട്ടികള്‍ സീല്‍ ചെയ്യും. സ്‌ട്രോങ് റൂമില്‍ യന്ത്രങ്ങള്‍ എത്തിച്ചാലുടന്‍ മുറി പൂട്ടി സീല്‍ ചെയ്യും. 

ജനലുകളുണ്ടെങ്കില്‍ അവയും അടച്ച് സീല്‍ ചെയ്യും. എല്ലാം പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ഥികളുടെയോ അവരുടെ ബൂത്ത് ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍. 24 മണിക്കൂറും സായുധ പോലീസ് സംഘമാണ് കാവല്‍ നില്‍ക്കുക. ഇവര്‍ കളക്ടമാരുടെ നിയന്ത്രണത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.