ഭീകരതക്കെതിരായ പോരാട്ടം കൂടുതല്‍ ജാഗ്രതയോടെ തുടരും: സുഷമ സ്വരാജ്

Thursday 23 May 2019 3:41 am IST

ബിഷ്‌കെക്(കിര്‍ഗിസ്ഥാന്‍): ശ്രീലങ്കയിലെ ഐഎസ് ആക്രമണത്തിനു ശേഷം ഭീകരാക്രമണത്തിന് എതിരായ പോരാട്ടത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഷാങ്ഹായ് സഹകരണ സംഘടനയുടെ(എസിഒ)സമ്മേളത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുഷമ.

ഭീകരാക്രമണത്തിന്റെ ദുരിതങ്ങള്‍ ഏറെ അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അടുത്തിടെ പുല്‍വാമയിലേത് അടക്കം സാധാരണക്കാരും സൈനികരുമായി എത്രയോ പേരുടെ ജീവന്‍ ഇന്ത്യക്കു നഷ്ടമായി. എന്നാല്‍ ഭീകരതയ്ക്ക് മറുപടി നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ മാറിച്ചിന്തിക്കുകയാണ്. ശക്തമായി തിരിച്ചടിക്കുക എന്നതാണ് നയം, സുഷമ പറഞ്ഞു.

മറ്റു രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങളുണ്ടാകുമ്പോഴും ഇന്ത്യ വളരെ ശ്രദ്ധയോടെയാണ് സ്ഥിഗതികള്‍ വിലയിരുത്തുന്നത്. അടുത്തിടെ ശ്രീലങ്കയെ നടുക്കിയ ഐഎസ് ആക്രമണത്തില്‍ ഇന്ത്യയുടെ ഹൃദയവും വേദനിച്ചു. അതുകൊണ്ടു തന്നെ ഭീകരതക്കെതിരായ പോരാട്ടത്തില്‍ കൂടുതല്‍ ജാഗ്രതയും ആസൂത്രണവും ആവശ്യമുണ്ട് എന്നാണ് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്.

യുദ്ധം ഏറെ നാശങ്ങള്‍ വിതച്ച അഫ്ഗാനിസ്ഥാനില്‍ സമാധാനവും പുരോഗതിയും യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ എല്ലാ സഹായവും നല്‍കുമെന്നും സുഷമ പറഞ്ഞു.

പാക്കിസ്ഥാന്റെ ഷാ മെഹമ്മൂദ് ഖുറേഷി ഉള്‍പ്പെടെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്ത രണ്ടു ദിവസത്തെ സമ്മേളത്തില്‍ ഭീകരതയടക്കം മേഖല നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ദീന്‍ബെക്കോവുമായി സുഷമ പ്രത്യേക കൂടിക്കാഴ്ച നടത്തി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.