വധശ്രമത്തിന് പിന്നില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാവ്: സി.ഒ.ടി. നസീര്‍

Thursday 23 May 2019 4:33 am IST

കണ്ണൂര്‍: തനിക്കതിരെയുള്ള ആക്രമണത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ സി.ഒ.ടി. നസീര്‍. തലശ്ശേരി, കൊളശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും തലശ്ശേരിയിലെ പ്രമുഖ സിപിഎം നേതാവുമാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നും ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് നസീര്‍ പറഞ്ഞു. 

മൂന്ന് പേരാണ് ആക്രമിച്ചത്. അവരെ തിരിച്ചറിയാം. അക്രമികള്‍ ദിവസങ്ങളായി തന്നെ നിരീക്ഷിക്കുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. മൂന്ന് പേരെ പിടിച്ച് കേസൊതുക്കാനാണ് ശ്രമം. അപ്പോള്‍ ഗൂഢാലോചന തെളിയിക്കപ്പെടില്ല. ഇത് ചെയ്യിപ്പിച്ച ആളുകളുണ്ട്. അവരെ പുറത്തു കൊണ്ടുവരണം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും നസീര്‍ പറഞ്ഞു.

പാര്‍ട്ടി അന്വേഷിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞത്. കൃത്യമായ പോലീസ് അന്വേഷണമാണ് വേണ്ടത്. എന്നാല്‍, മൊഴി രേഖപ്പടുത്തിയതല്ലാതെ പിന്നെയാരും വന്നിട്ടില്ല. മത്സരിക്കുന്ന സമയത്ത് പല ഭീഷണികളുമുണ്ടായി. പുതിയ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് അടിച്ചൊതുക്കാനാണ് ഇത്തരത്തിലുള്ള നടപടിയെന്നും നസീര്‍ ആരോപിച്ചു.

നസീറിന് നേരെയുള്ള ആക്രമണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് കഴിഞ്ഞ ദിവസം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ജില്ലാ സെക്രട്ടറി എം.വി. ജയരാജനും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞത്. എന്നാല്‍, രണ്ടു പേരുടെയും കള്ളം തുറന്നു കാണിച്ചാണ് നസീറിന്റെ വെളിപ്പെടുത്തല്‍. ഇത് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി. റംസാന്‍ മാസത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പാര്‍ട്ടി നേതാവിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തലശ്ശേരി മേഖലയില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായഭിന്നത രൂപം കൊണ്ടു. എക്കാലവും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുകയും പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുകയും ചെയ്യുന്ന സിപിഎം നേതൃത്വം. പിന്നീട് പാര്‍ട്ടിക്കാരായ പ്രതികള്‍ പിടിക്കപ്പെടുന്നതോടെ സ്വയം അപഹാസ്യരാവുകയാണ് പതിവ്. നസീറിന് നേരെയുള്ള വധശ്രമത്തിലും പാര്‍ട്ടിയുടെ പതിവ് തട്ടിപ്പാണ് വെളിപ്പെട്ടത്.

അതേസമയം, നസീറിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയിലായി. കൊളശ്ശേരി സ്വദേശി സോജിത്തിനെയാണ് തലശ്ശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തിരുവില്വാമലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.