കരുത്തോടെ മോദി; പ്രതിപക്ഷത്തിന് ഇനി ആശങ്കയുടെ ദിനങ്ങള്‍

Thursday 23 May 2019 7:23 pm IST
ഒരു അടിസ്ഥാനവുമില്ലാതെ കള്ളനെന്നും നീചനെന്നും അവര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിച്ചു. ഇരു ചേരിയില്‍നിലയുറപ്പിച്ച് കൊല്ലും കൊലയുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍ മോദിയുടെ കുതിപ്പ് തടയാനായി ഒരുമിച്ചു. എല്ലാ അവസരവാദികള്‍ക്കും ചുട്ട മറുപടി നല്‍കി മുന്‍പില്ലാത്ത ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കി.

ന്യൂദല്‍ഹി: ഭരണത്തിലെത്തുകയായിരുന്നില്ല, മോദിയെ താഴെയിറക്കുക  എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ബിജെപി വന്നാലും കുഴപ്പമില്ല, മോദി പ്രധാനമന്ത്രിയാകരുത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവരത് പരസ്യമായി ജനങ്ങളോട് പലതവണ വിളിച്ചുപറഞ്ഞു. രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ച് മോദിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലേക്ക് പ്രചാരണം പലപ്പോഴും വഴിമാറി. 

ഒരു അടിസ്ഥാനവുമില്ലാതെ കള്ളനെന്നും നീചനെന്നും അവര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിച്ചു. ഇരു ചേരിയില്‍നിലയുറപ്പിച്ച് കൊല്ലും കൊലയുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍ മോദിയുടെ കുതിപ്പ് തടയാനായി ഒരുമിച്ചു. എല്ലാ അവസരവാദികള്‍ക്കും ചുട്ട മറുപടി നല്‍കി മുന്‍പില്ലാത്ത ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കി. 

2014ല്‍ അധികാരത്തിലേറാന്‍ കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിനെതിരായ വികാരവും മോദിയെ സഹായിച്ചിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ സീറ്റുകളോടെ മോദി പ്രധാനമന്ത്രിയാകുന്നത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. മോദിക്ക് മാത്രം അവകാശപ്പെടാനാകുന്ന വിജയമാണിതെന്ന് വ്യക്തം. മുഴുവന്‍ നേതാക്കളെയും ഒറ്റയ്ക്ക് നേരിട്ട് ജനങ്ങളുടെ അനുഗ്രഹം വാങ്ങി കൂടുതല്‍ കരുത്തോടെയാണ് മോദി കിരീടധാരണത്തിനൊരുങ്ങുന്നത്. 

അഴിമതി വിരുദ്ധ നടപടികളും പരിഷ്‌കരണങ്ങളും തുടരാനുള്ള രാജ്യത്തിന്റെ അനുമതിയാണിത്. അഴിമതിക്കെതിരായ മോദിയുടെ കര്‍ശന നടപടികളാണ് ഒന്നാം നമ്പര്‍ ശത്രുവായി അദ്ദേഹത്തെ പ്രതിഷ്ഠിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതും. നെഹ്‌റു കുടുംബത്തിലെ രാഹുല്‍, സോണിയ, റോബര്‍ട്ട് വാദ്ര, മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കള്‍ ഗുരുതര കേസുകള്‍ നേരിടുന്നവരാണ്. വരാനിരിക്കുന്ന മോദിയുടെ നടപടികള്‍ ഇവരുടെ നെഞ്ചിടിപ്പേറ്റുന്നതും സ്വാഭാവികം.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കിയിരുന്നത്. റഫാല്‍ കരാര്‍ പ്രധാന പ്രചാരണായുധമാക്കിയതും കോണ്‍ഗ്രസ്സിന് പിഴച്ചു. മോദി അഴിമതി ചെയ്യുമെന്ന് ജനങ്ങള്‍ വിശ്വസിച്ചില്ല. ബിജെപിക്കെതിരെ ഏറ്റവും വലിയ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവന്ന നോട്ട് റദ്ദാക്കലും ജിഎസ്ടിയും തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പോലും സാധിച്ചില്ല.

മഹാ സഖ്യം രൂപീകരിച്ചിട്ടും മോദിയുടെ മുന്നേറ്റം തടയാന്‍ സാധിക്കാതിരുന്നത് ആശങ്കയോടെ മാത്രമേ പ്രതിപക്ഷത്തിന് കാണാന്‍ സാധിക്കു. നിയമസഭാ തെരഞ്ഞെടുപ്പുകളെയും ഫലം ബാധിക്കും. കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.