ജനങ്ങള്‍ ഡിലീറ്റ് ചെയ്ത രാഹുല്‍ ട്വീറ്റുകള്‍

Thursday 23 May 2019 9:48 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ കരുത്തനായ 'കാവല്‍ക്കാരനെ' പരിഹസിച്ച് സ്വയം പരിഹാസ്യനായത്  രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്സിന്റെ തോല്‍വിക്കും ബിജെപിയുടെ വിജയാവര്‍ത്തനത്തിനും  കോണ്‍ഗ്രസ് അധ്യക്ഷന്റെ മോദി വിരുദ്ധ ട്വീറ്റുകള്‍ നല്‍കിയ 'സംഭാവന ' ചെറുതല്ല. 

മോദിയെ മോശക്കാരനായി രാഹുല്‍ കുറിച്ചിട്ട  ഓരോ ട്വിറ്റും ബിജെപിക്കു ലഭിച്ച വോട്ടിന്റെ തൂക്കം കൂട്ടി. രാഹുല്‍ 'ജല്‍പ്പനങ്ങള്‍' ക്കുള്ള മറുപടി ബിജെപിക്കുള്ള വോട്ടായി നല്‍കി ജനങ്ങള്‍.  

റഫാല്‍ ഇടപാടില്‍ മോദിയെ അഴിമതിക്കാരനായി ചിത്രീകരിക്കുന്ന രാഹുലിന്റെ   'ചൗക്കീദാര്‍ ചോര്‍ ഹെ' ട്വീറ്റ് രാജ്യത്തെങ്ങും തരംഗമായി എന്ന കോണ്‍ഗ്രസ്സിന്റെ അവകാശവാദം സത്യമായി. മോദിക്ക് അനുകൂലവും കോണ്‍ഗ്രസ്സിന് അടിയുമായി തീര്‍ന്ന തരംഗം. 

നിങ്ങളുടെ കാവല്‍ക്കാരന്‍ നിര്‍ഭയനായി   രാഷ്ട്രത്തെ സേവിക്കുന്നു. ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെ, സാമൂഹ്യ തിന്മകള്‍ക്കെതിരേ പോരാടുന്ന, രാഷ്ട്ര നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരനാണ്. മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു. 

തുടര്‍ന്ന് ബിജെപെി നടത്തിയ ''മേം ഭീ ചൗക്കീദാര്‍ ക്യാംപെയ്ന്‍'' ജനങ്ങളേറ്റെടുത്തു. ചക്കിനു വെച്ചത് കൊണ്ടത് കൊക്കിന്. പിന്നീടങ്ങോട്ട് മേം ഭീ ചൗക്കീദാര്‍ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ മോദിക്കുള്ള പിന്തുണകള്‍ പ്രളയമായെത്തി.  

തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയോട് അമിത പ്രതിപത്തിയെന്നായിരുന്നു മറ്റൊരു ട്വിറ്റര്‍ ആരോപണം. തെരഞ്ഞെടുപ്പില്‍  കൃത്രിമം കാണിക്കുന്നതിന്  ഇലക്ടറല്‍ ബോണ്ട് മുതല്‍ വോട്ടിങ് മെഷീനുകള്‍ വരെ  പ്രയോജനപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് കൂട്ടു നില്‍ക്കുന്നു. നമോ ടിവി, 'മോദി  സൈന്യം',  കോദാര്‍ നാഥ് നാടകം തുടങ്ങിയവയിലെല്ലാം കമ്മീഷന്‍ മോദിയോട്  അടിയറവു പറഞ്ഞത് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു  ട്വീറ്റിന്റെ സാരം. 

അക്കാര്യവും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങള്‍  തള്ളി. 

മോദിയും  അമിത് ഷാ യും നടത്തിയ പത്രസമ്മേളനത്തേയും രാഹുല്‍ കണക്കിന് പരിഹസിച്ചു.   ഇതുവരെ പത്രസമ്മേളനം നടത്താത്ത മോദി പരാജയ ഭീതിയിലാണെന്ന് പരോക്ഷമായി പരിഹസിച്ച ട്വീറ്റ് തുടങ്ങുന്നത് ഇങ്ങനെ. ' അഭിനന്ദനങ്ങള്‍ മോദി. അതിഗംഭീര പ്രകടനം.'

പത്രക്കാരുടെ  ചോദ്യത്തിന് അമിത് ഷായാണ് ഉത്തരം നല്‍കിയതെന്ന കളിയാക്കല്‍ പരാമര്‍ശിച്ച്  ' അടുത്ത തവണ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ക്കെങ്കിലും  ഉത്തരം പറയാന്‍ അമിത് ഷാ സമ്മതിച്ചേക്കു' മെന്നായിരുന്നു തുടര്‍ന്നുള്ള വരികള്‍.

മോദി െൈലസ്(മോദിയുടെ കള്ളങ്ങള്‍)  എന്നത് ലോകം മുഴുവന്‍ പ്രശസ്തിയാര്‍ജിച്ച പുതിയൊരു വാക്കാണ്. മികച്ച മോദി കള്ളങ്ങള്‍  ലഭ്യമാകുന്ന വെബ്‌സൈറ്റും ഇപ്പോഴുണ്ടെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കള്ളങ്ങള്‍ പറഞ്ഞതും പറയുന്നതും ആരാണെന്ന് ജനങ്ങള്‍ വിധിയെഴുതി....

  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.