വോട്ടുമറിച്ചു, നിലപാടില്‍ തോറ്റു; ഇനി പിണറായി മാറുമോ

Friday 24 May 2019 8:28 am IST

കൊച്ചി: അടിയന്തരാവസ്ഥക്കെതിരെ കേരളത്തിലെ സമരത്തില്‍ അടിയും ഇടിയും കൊണ്ടത് ജനസംഘവും സംഘപരിവാറുമായിരുന്നു. 1977-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത് കോണ്‍ഗ്രസ്. ആരാധനാ വിശ്വാസ സംരക്ഷണത്തിന് അടിയും ആക്രമണങ്ങളും അനുഭവിച്ചത് സംഘപരിവാറും ബിജെപിയുമാണ്. തെരഞ്ഞെടുപ്പു വിജയം കോണ്‍ഗ്രസ്സിനായി. 

രാഷ്ട്രീയത്തില്‍ ഇങ്ങനെ ചരിത്രം ആവര്‍ത്തിക്കും. അടിയന്തരാവസ്ഥയ്‌ക്കെതിരേ സമരം നടക്കുമ്പോള്‍ കമ്യൂണിസ്റ്റുകളില്‍ സിപിഐ കോണ്‍ഗ്രസ് മുന്നണിയിലായിരുന്നു, സിപിഎം രഹസ്യമായി പിന്തുണയ്ക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു അന്നത്തെ കോണ്‍ഗ്രസ് വിജയം.

 ഇത്തവണ മതവിശ്വാസ വിരുദ്ധരായ കമ്യൂണിസ്റ്റുകള്‍ക്കെതിരായ ജനവികാരം രൂപപ്പെട്ടു. എന്നിട്ടും ബിജെപിക്ക് കേരളത്തില്‍ എംപിയില്ലാതെപോയി. പാര്‍ട്ടി തലസ്ഥാന മണ്ഡലത്തില്‍ രണ്ടാമതെത്തി. ആറ് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും നിലവില്‍ എംഎല്‍എയുള്ള നേമത്ത് ഒന്നാമതുമെത്തി. ബിജെപിക്ക് വോട്ടുകൂടി. 

ശബരിമല വിഷയത്തില്‍ നേട്ടം ബിജെപിക്കാണെന്ന് മനസിലാക്കിയ കമ്യൂണിസ്റ്റുകള്‍ വോട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മറിച്ചു. ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും അപകടമാണെന്നുമുള്ള അവരുടെ മോദി വിരുദ്ധ പ്രചാരണം ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കി. 45 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ട്, യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളിലും കൂടി 15 ശതമാനത്തോളം വരുന്ന സംഘടിതഹിന്ദുമതത്തിന് വിരുദ്ധമായ വോട്ട്- അങ്ങനെ 60 ശതമാനത്തോളം വോട്ടിനെതിരേയാണ് ബിജെപി സ്ഥാനാര്‍ഥികളുടെ നേട്ടം. ശബരിമല വിഷയത്തിലും ഭരണ ധാര്‍ഷ്ട്യത്തിലും കമ്യൂണിസ്റ്റ് അഹന്തയിലും വോട്ടര്‍മാര്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാരിനോട് എതിര്‍പ്പായിരുന്നു. 

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും നിയമസഭാ മണ്ഡലത്തിലും സിപിഎമ്മിന്റെ പരാജയം പാര്‍ട്ടിയെ ഞെട്ടിച്ചു.  മൂന്നു വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ഹിതപരിശോധനയുടെ ഫലം പോലെ. പിണറായിയെ തള്ളി, കോണ്‍ഗ്രസ്സുമായി സഖ്യമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈന്‍ കേരളത്തില്‍ നടപ്പിലാവുകയായിരുന്നു.  

അണികളേയും അനുയായികളേയും മാധ്യമങ്ങളേയും മുഖ്യമന്ത്രി ഇനിയും ആട്ടിമാറ്റുമോ? അതോ തന്നിഷ്ടത്തിന്റെ ശൈലി മുഖ്യമന്ത്രി മാറ്റുമോ? അതല്ല, സമ്പൂര്‍ണ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് സ്വയം മാറുമോ?

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.