ആറ്റിങ്ങലില്‍ ബിജെപിക്ക് ഇരട്ടിയിലധികം വോട്ട്

Friday 24 May 2019 10:21 am IST

തിരുവനന്തപുരം: ഹാട്രിക്ക് വിജയത്തിനായി മൂന്നാമതും അങ്കത്തിനിറങ്ങിയ എല്‍ഡിഎഫിന്റെ അഡ്വ. എ. സമ്പത്തിനെ മുട്ടുകുത്തിച്ച് അടൂര്‍ പ്രകാശ്. 3,79,469 വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍പ്രകാശ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്. ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ 2,46,502 വോട്ട് നേടി മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റം നടത്തി. ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടിയിലധികം വോട്ടാണ് വര്‍ധിച്ചത്. അഡ്വ. എ. സമ്പത്തിന് 3,40,298 വോട്ട് ലഭിച്ചു.

ത്രികോണ മത്സരം നടന്ന ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ 39,216 വോട്ടിന്റെ ഭൂരിപക്ഷമാണ് അടൂര്‍പ്രകാശ് നേടിയത്. 

നാലാം തവണ ജനവിധി തേടി ഇറങ്ങിയ സമ്പത്തിന് ഇക്കുറി നിലം തൊടാനായില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ആദ്യം തുടങ്ങുകയും ആറ് റൗണ്ടുകളോളം പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ മേല്‍ക്കോയ്മ നേടുകയും ചെയ്ത സമ്പത്തിനെ കാത്തിരുന്നത് ദയനീയ തോല്‍വി. ആറ്റിങ്ങലില്‍ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എല്ലാ മണ്ഡലങ്ങളിലും ആധിപത്യം പുലര്‍ത്തിയ അടൂര്‍പ്രകാശ് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങിയപ്പോള്‍ സമ്പത്തിനായിരുന്നു ലീഡെങ്കില്‍ വിവിപാറ്റ് പൊട്ടിച്ചതോടെ ക്രമേണ അടൂര്‍പ്രകാശ് കളം പിടിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് യുഡിഎഫ് നേടിയ മേല്‍ക്കോയ്മ അവസാനം വരെ നിലനിര്‍ത്താനായതോടെ അടൂര്‍ പ്രകാശ് വിജയം ഉറപ്പിക്കുകയായിരുന്നു.

ഇരുമുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതായിരുന്നു ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ഇരുമുന്നണികളെയും പിന്‍തള്ളി ബിജെപി മുന്നില്‍ വന്നേക്കുമെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലായിരുന്നു ശോഭയുടെ പ്രകടനം. 2014 നേക്കാള്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ബിജെപി വോട്ട് വര്‍ധിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗിരിജ കുമാരി 90,528 വോട്ടാണ് നേടിയത്. ഇക്കുറി 1,55,974 വോട്ടിന്റെ വര്‍ധനവാണ് ബിജെപി ആറ്റിങ്ങലില്‍ നേടിയെടുത്തത്.

വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് കണ്ടു പിടിച്ചതോടെ ഇക്കുറി ജയം വിദൂരമാണെന്ന ബോധ്യത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ടുണ്ടെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നല്‍കിയതോടെ തെരഞ്ഞെടുപ്പ് ഓഫീസറും കളക്ടറും സംഭവത്തില്‍ ഇടപെട്ടു. ഇതോടെ കള്ളവോട്ട് ചെയ്യാന്‍ ആകാതായി. സമ്പത്തിന്റെ വോട്ട് ക്രമാതീതമായി കുറഞ്ഞു. ഇതും ഇടതുപക്ഷത്തിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍  കാരണമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.