ഹൈബി ചരിത്രം തിരുത്തി, രാജീവിന് കനത്ത തിരിച്ചടി

Friday 24 May 2019 12:02 pm IST

കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ മണ്ഡലത്തിലെ യുഡിഎഫ് വിജയത്തിന്റെ ചരിത്രം തിരുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഹൈബി വിജയിച്ചത്.

ഇരുപത് വര്‍ഷം മുന്‍പ് അച്ചന്‍ ജോര്‍ജ് ഈഡന്റെ പേരില്‍ കുറിച്ചിട്ട റെക്കോര്‍ഡ് തകര്‍ത്തായിരുന്നു മകന്‍ ഹൈബിയുടെ മുന്നേറ്റം. 1999ല്‍ അച്ഛന്‍ ജോര്‍ജ് ഈഡന്‍ നേടിക്കൊടുത്ത 1,11,305 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. പിതാവ് ജോര്‍ജ് ഈഡന്റെ പാത പിന്തുടര്‍ന്ന് 1,69,219 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ്  മകന്‍ ഹൈബി ഈഡന്‍ ചരിത്രവിജയം നേടിയത്.1,69,153 വോട്ടിന്റെ ഭൂരിപക്ഷം. 

4,91,263 വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബിക്ക് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവിന് ലഭിച്ചത് 3.22110 വോട്ടുകളാണ്. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പ്രൊഫ. കെ.വി. തോമസിന്റെ ഭൂരിപക്ഷം 87,047 ആയിരുന്നു. 

ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നില മെച്ചപ്പെടുത്തി. 1,37,749 നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. 2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് ലഭിച്ചത് 99,003 വോട്ടുകളാണ്.

മണ്ഡലത്തില്‍ സ്വതന്ത്രരെ പരീക്ഷിക്കുന്നത് അവസാനിപ്പിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച ഇടത് സ്ഥാനാര്‍ത്ഥി പി. രാജീവിന് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇടത് എംഎല്‍എമാരുള്ള തൃപ്പൂണിത്തുറ, വൈപ്പിന്‍, കൊച്ചി നിയമസഭ മണ്ഡലങ്ങളില്‍പ്പോലും രാജീവിന് ഭൂരിപക്ഷം ലഭിച്ചില്ല. എം. സ്വരാജിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയില്‍ 52,404 വോട്ടുകളാണ് രാജീവിന്. ഇവിടെ ഹൈബി 71,631 വോട്ടുകള്‍ നേടി. കൊച്ചിയില്‍ ഹൈബി 71,270 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാജീവിന് ലഭിച്ചത് 41,957 വോട്ടുകളാണ്. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എസ്. ശര്‍മ്മയുടെ വൈപ്പിന്‍ മണ്ഡലത്തില്‍ ഹൈബിക്ക് 68,047 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാജീവിന് 41,957 വോട്ടുകളാണ് കിട്ടിയത്.

ജനവിധി അംഗീകരിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്താകെ യുഡിഎഫിനുണ്ടായ അനുകൂല തരംഗം യുഡിഎഫ് മണ്ഡലമായ എറണാകുളത്തും നന്നായി പ്രതിഫലിച്ചു. ഫലം വിശദമായി പരിശോധിക്കും. വേണ്ട തിരുത്തലുകള്‍ വരുത്തും. ഇനിയും എല്ലാ നല്ല കാര്യങ്ങള്‍ക്കും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും, രാജീവ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.