സ്വര്‍ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ടും, ജ്വല്ലറി അക്കൗണ്ടന്റും പിടിയില്‍

Friday 24 May 2019 1:08 pm IST

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. സൂപ്രണ്ട് തിരുവനന്തപുരം പിടിപി നഗര്‍ സ്വദേശി വി. രാധാകൃഷ്ണന്‍, കടത്ത് സ്വര്‍ണം വാങ്ങുന്ന ജ്വല്ലറി അക്കൗണ്ടന്റ് മലപ്പുറം സ്വദേശി റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. 

ഈ മാസം 13ന് വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഡിആര്‍ഐയുടെ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. സൂപ്രണ്ട് ഡ്യൂട്ടിയിലുള്ള സമയങ്ങളിലാണ് വിമാനത്താവളത്തില്‍ നിന്നുള്ള കടത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഡിആര്‍ഐയുടെ നിരീക്ഷണത്തിലുള്ള വിഷ്ണുവുമായി ബന്ധം സ്ഥാപിച്ചാണ് കടത്തിന് സഹായം നല്‍കിയത്. കടത്തുകാര്‍ എത്തുന്ന വിമാനത്തെക്കുറിച്ച് വിഷ്ണു സൂപ്രണ്ടിനെ അറിയിക്കും. ഈ സമയം കടത്തുകാര്‍ക്ക് സുരക്ഷിതമായി സ്വര്‍ണവുമായി പുറത്തുകടക്കാന്‍ എല്ലാ സഹായവും സൂപ്രണ്ട് ഒരുക്കും. വിവരം ലഭിച്ചാല്‍ ആ സമയത്തെ ഡ്യൂട്ടി ഉദ്യോഗസ്ഥരെ മാറ്റി സൂപ്രണ്ട് സ്വയം പരിശോധന ഏറ്റെടുക്കും. ബാഗുകളും സ്‌കാനിങ് മെഷീനിലൂടെയുള്ള പരിശോധനകളും നടത്തി കടത്തുകാരെ രക്ഷപ്പെടുത്തിയിട്ടേ ഡ്യൂട്ടി അവസാനിപ്പിക്കൂ. 

വിഷ്ണുവും സൂപ്രണ്ടുമായുമുള്ള ഫോണ്‍ സന്ദേശങ്ങളും ഒരു മാസത്തെ വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രധാന പ്രതിയിലേക്ക് ഡിആര്‍ഐ എത്തിയത്. രജിസ്റ്റര്‍, ഡ്യൂട്ടി ബുക്കുകളില്‍ നിന്നും  തെളിവ് ലഭിച്ചു. സൂപ്രണ്ടിനെ തിരുവനന്തപുരത്ത് നിന്നും റാഷിദിനെ കൊച്ചിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

ഇരുപത്തഞ്ച് കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി സുനില്‍കുമാറും ഇടനിലക്കാരി സെറീനയും പിടിയിലായ സംഭവത്തിലെ അന്വേഷണമാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. കടത്തിന്റെ മുഖ്യ സൂത്രധാരന്‍ അഭിഭാഷകനായ ബിജുമോഹന്‍, സ്വര്‍ണ്ണം വാങ്ങുന്ന പഴവങ്ങാടിയിലെ ജൂവലറി ഉടമ ഹക്കീം, സഹായികളായ വിഷ്ണു, പ്രകാശന്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പലവട്ടം വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയ അഡ്വ.ബിജുമോഹന്റെ ഭാര്യ സവിതയെ ഡിആര്‍ഐ നേരത്തെ പിടികൂടിയിരുന്നു. കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.