ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പരാജയം സമ്മാനിച്ചത് മുന്‍ അനുയായി

Friday 24 May 2019 6:06 pm IST

ഭോപ്പാല്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പരാജയം ഏറെ അപ്രതീക്ഷിതമായിരുന്നു. ഡോ. കെ.പി. സിങ്ങിനെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചപ്പോള്‍ ഏറെ പരിഹാസത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇതിനെ നേരിട്ടത്. പതിറ്റാണ്ടുകളായി സിന്ധ്യ കുടുംബത്തിന്റെ തറവാട്ടുസ്വത്തായിരുന്ന ഗുണ പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാധവ് റാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യയെ നിര്‍ത്തിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് അവിടെ ഒരു സീറ്റ് ഉറപ്പിച്ചതാണ്. 

കോണ്‍ഗ്രസ് പാളയം വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ട് ഒരു കൊല്ലം തികയുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന് ഈ സീറ്റ് ഓഫര്‍ ചെയ്യപ്പെടുന്നത്്. കൂടാതെ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നതാണെങ്കിലോ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായി ആയും. ഇതോടെ കോണ്‍ഗ്രസ്സിന്റെ പരിഹാസം ഇരട്ടിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ തന്നെ പരിഹസിച്ചുകൊണ്ട് ആദ്യമെത്തി.

കെപി സിങ് തന്റെ ഭര്‍ത്താവിന്റെ ഇലക്ഷന്‍ ഏജന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് എടുത്ത ചിത്രം പങ്കു വെച്ചുകൊണ്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയുടെ പരിഹാസങ്ങള്‍. മഹാരാജാവിന്റെ സെല്‍ഫിയെടുക്കാന്‍ ക്യൂ നിന്നിരുന്നവര്‍ എന്ന അടിക്കുറുപ്പോടുകൂടിയാണ് ആ ചിത്രം നല്‍കിയത്. എന്നാല്‍ ഈ കുത്തുവാക്കുകളെല്ലാം തള്ളിക്കൊണ്ടാണ് സിങ്ങിന്റെ ഓരോ പ്രവര്‍ത്തനങ്ങളും.

നാലു വട്ടം ഗുണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രഘുവീര്‍ പ്രതാപ് സിങ്ങിന്റെ മകനും തിരക്കുള്ള ഡോക്ടറുമായ ഡോ. കെ പി സിങ്ങ് യാദവ്  സജീവ രാഷ്ട്രീയത്തിലെത്തുന്നത് 2004 മുതല്‍ക്കാണ്. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രാദേശിക പദവികള്‍ വഹിച്ചിരുന്നു. ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബിജെപി സിങ്ങിന് ഒരു അവസരം കൂടി കൊടുക്കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഈ അവസരത്തിന് തക്കതായ പ്രതിഫലം തന്നെയാണ് സിങ് ബിജെപിക്ക് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളിലെ പ്രമുഖനായ ജ്യോത്രാദിത്യ സിന്ധ്യയെ തന്നെ 1,25,500 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് കുത്തകയായ ഗുണ മണ്ഡലം ബിജെപി കൈപ്പിടിയില്‍ ഒതുക്കിയത്. ഇത് ചിലരുടെയൊക്കെ ധാര്‍ഷ്ട്യത്തിനും കുടുംബാരാഷ്ട്രീയ ഹുങ്കിനും ഏറ്റ കനത്ത പ്രഹരം കൂടിയാണ് ഈ അപ്രതീക്ഷിത ജയം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.