സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ ബിജെപി

Friday 24 May 2019 8:35 pm IST
നാളെ നടക്കുന്ന എന്‍ഡിഎ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കുന്നതോടെ അദ്ദേഹം വീണ്ടും രാസഷ്ട്രപതിയെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് വാദമുന്നയിക്കും.

ന്യൂദല്‍ഹി: മോദിയുടെ രണ്ടാം വരവില്‍ സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ ബിജെപി. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 29നോ 30നോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ദല്‍ഹിയില്‍ ചേരുന്ന എന്‍ഡിഎ പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സര്‍ക്കാര്‍ രൂപീകരണവും ചര്‍ച്ചയാകും. ബംഗാളില്‍നിന്നും കൂടുതല്‍ മന്ത്രിമാര്‍ എന്‍ഡിഎ സര്‍ക്കാരില്‍ ഇടംനേടിയേക്കും. 

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ലോക്‌സഭ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തന്റെയും മന്ത്രിസഭയുടെയും രാജി സമര്‍പ്പിച്ചു. ഇത് അംഗീകരിച്ച രാഷ്ട്രപതി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം പാര്‍ട്ടിയുടെ വന്‍ വിജയത്തിന് മോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് രാവിലെ ചേരുന്നുണ്ട്. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും രാഹുലിന്റെ രാജിയും ചര്‍ച്ച ചെയ്യും. 

കഴിഞ്ഞ തവണ മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് സാര്‍ക്ക് നേതാക്കള്‍ അതിഥികളായി പങ്കെടുത്തിരുന്നു. ഇത്തവണയും ലോക നേതാക്കള്‍ എത്തിച്ചേരുമെന്നാണ് സൂചന. പാക്പ്രധാനമന്ത്രിക്ക് ക്ഷണം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. 

ഔദ്യോഗിക ഫല പ്രഖ്യാപനം നീട്ടിവെച്ച എട്ടു മണ്ഡലങ്ങളുടെ കൂടി ഫലം ഇന്നലെ രാവിലെയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അരുണാചലില്‍ കിരണ്‍ റിജിജുവിന്റെ വിജയമാണ് ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സീറ്റുകള്‍ 52ലേക്ക് ഒതുങ്ങിയതോടെ ഇത്തവണയും ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസിന് ലഭിക്കില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.