ഹിന്ദി ഹൃദയഭൂമിയിലും ബിജെപിയുടെ തേരോട്ടം; തകര്‍ന്നത് പ്രമുഖരുടെ കോട്ടകള്‍

Friday 24 May 2019 9:13 pm IST
മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ അശ്വമേധമാണ് പ്രകടമായത്. മൂന്നിടത്തുമായി ആകെയുള്ള 65 മണ്ഡലങ്ങളില്‍ 61 ഇടത്തും താമര വിരിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നാമവശേഷമായി. മധ്യപ്രദേശിലുളള 29 സീറ്റുകളില്‍ 28-ലും ബിജെപി വിജയിച്ചു.

ന്യൂദല്‍ഹി: 2014-ലുണ്ടായ മോദി തരംഗത്തില്‍ ബിജെപി കൈപ്പിടിയിലൊതുക്കിയ ഹിന്ദി ഹൃദയഭൂമി 2018 ഡിസംബറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. അന്ന് ഛത്തീസ്ഗഡ്,രാജസ്ഥാന്‍,മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി.

എന്നാല്‍ വെറും 5 മാസങ്ങള്‍ക്കിപ്പുറം കഥ വീണ്ടും മാറി. 2014-ല്‍ ഉണ്ടായത് മോദി തരംഗമായിരുന്നെങ്കില്‍ 2019-ല്‍ തരംഗം കൊടുംകാറ്റാവുകയായിരുന്നു. നരേന്ദ്ര മോദിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. ഹിന്ദി ഹൃദയ ഭൂമിയില്‍ കോട്ടം തട്ടിയ ബിജെപി അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ നോക്കുകുത്തികളാക്കുകയായിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ അശ്വമേധമാണ് പ്രകടമായത്. മൂന്നിടത്തുമായി ആകെയുള്ള 65 മണ്ഡലങ്ങളില്‍ 61 ഇടത്തും താമര വിരിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നാമവശേഷമായി. മധ്യപ്രദേശിലുളള 29 സീറ്റുകളില്‍ 28-ലും ബിജെപി വിജയിച്ചു. മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്റെ വിജയം മാത്രമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്. 2014-ല്‍ 27 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. അയല്‍ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ 11 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 9-ഉം ബിജെപി തൂത്തുവാരി.

അശോക് ഗെലോട്ട് മുഖ്യമന്ത്രിയായ രാജസ്ഥാനില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിനായില്ല. 25 മണ്ഡലങ്ങളില്‍ 24-ഉം മോദി തരംഗത്തില്‍ കോണ്‍ഗ്രസിനു നഷ്ടമായി. എന്നാല്‍ അവശേഷിക്കുന്ന ഒരു സീറ്റില്‍ പുതുതായി രൂപീകരിക്കപ്പെട്ട രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് വിജയിച്ചത്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട് വരെ ബിജെപിയുടെ മുന്നില്‍ വീണു. മധ്യപ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ കുടുംബ മണ്ഡലമായ ഗുണയിലാണ് പരാജയപ്പെട്ടതെന്നത് മോദി തരംഗത്തിന്റെ വ്യാപ്തി വെളിവാക്കുന്നു. ഹിന്ദി ഹൃദയഭൂമിക്ക് പുറമേ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, ഹരിയാന എന്നിവിടങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.