കൊല്ലത്തെ വോട്ട് ചോര്‍ച്ച; സിപിഎമ്മിന് കനത്ത അടി

Saturday 25 May 2019 4:02 am IST
2014ലെ തെരഞ്ഞെടുപ്പില്‍ പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നേടിയതിനെക്കാള്‍ ഇരുപത്തിമൂവായിരത്തിലേറെ വോട്ടുകളുടെ കുറവാണ് ഇക്കുറി കെ.എന്‍.ബാലഗോപാലിനു കിട്ടിയത്. എന്‍.കെ.പ്രേമചന്ദ്രനു 4,08,528 വോട്ടും ബേബിക്ക് 3,70,879 വോട്ടുമാണ് അന്ന് കിട്ടിയത്.

കൊല്ലം: രണ്ട് മന്ത്രിമാരും അഞ്ച് എംഎല്‍എമാരും രാപ്പകല്‍ കിണഞ്ഞു ശ്രമിച്ചിട്ടും കൊല്ലത്ത് സിപിഎമ്മില്‍ വോട്ടു ചോര്‍ച്ചയുണ്ടായത് പാര്‍ട്ടിയെ വെട്ടിലാക്കി. മുഖ്യമന്ത്രിയും ധനമന്ത്രിയും കിണഞ്ഞ് പരിശ്രമിച്ചിട്ടും കൊല്ലം പിടിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല, 

2014ലെ തെരഞ്ഞെടുപ്പില്‍ പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നേടിയതിനെക്കാള്‍ ഇരുപത്തിമൂവായിരത്തിലേറെ വോട്ടുകളുടെ കുറവാണ് ഇക്കുറി കെ.എന്‍.ബാലഗോപാലിനു കിട്ടിയത്. എന്‍.കെ.പ്രേമചന്ദ്രനു 4,08,528 വോട്ടും ബേബിക്ക് 3,70,879 വോട്ടുമാണ് അന്ന് കിട്ടിയത്. ഇക്കുറി ആകെ 12,92,636 വോട്ടര്‍മാര്‍. പോള്‍ ചെയ്തത് 9,61,212 വോട്ട്. ബാലഗോപാലിന് കിട്ടിയത് 350821 വോട്ടു മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 73,221 വോട്ടര്‍മാര്‍ കൂടിയിട്ടും സിപിഎമ്മിന് അത് നേട്ടമാക്കാനായില്ല.

അന്ന് കണ്ണൂര്‍ ലോബിയുടെ കള്ളക്കളികളുടെ ഭാഗമായി ഇടത് ശക്തികേന്ദ്രങ്ങളില്‍പോലും  ബേബിക്ക് വോട്ടു ചോര്‍ന്നിരുന്നു. പോളിറ്റ് ബ്യൂറോ അംഗത്തിന്റെ തോല്‍വി വിശദീകരിക്കാന്‍ പാര്‍ട്ടി ഏറെ പ്രയാസപ്പെട്ടു. വന്‍ ഭൂരിപക്ഷം കിട്ടുമെന്നു കരുതിയിരുന്ന ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ് ബേബി പിന്നിലായത്.  കുണ്ടറ അസംബ്ലി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറിടത്തും ബേബി പിന്നില്‍പ്പോയി. കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടായ ബേബിയെ തറപറ്റിക്കാന്‍ നടത്തിയ ആസൂത്രിത നീക്കങ്ങള്‍ക്ക് ഒത്താശയുമായി ബാലഗോപാലുമുണ്ടായിരുന്നു. 

എന്നാല്‍ ഇത്തവണ ഇതിനുള്ള മറുപടി കാലം ബാലഗോപാലിന് സമ്മാനിച്ചു. ബേബിക്ക് സ്വാധീനമുള്ള മേഖലകളില്‍ ബാലഗോപാലിന് വോട്ട് കുത്തനെ കുറഞ്ഞതും മറ്റ് ചര്‍ച്ചകളിലേക്ക് വഴിതുറക്കുന്നു. ചവറ ഒഴിച്ച് മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇടത് പക്ഷത്തിന് കാലിടറി. നഗര ഹൃദയം പ്രതിനിധാനം ചെയ്യുന്ന കൊല്ലം നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ നേടിയത് 45,443 വോട്ടാണ്. എന്നാല്‍ ഇത്തവണ 44,203 വോട്ടായി കുറഞ്ഞു. ഇരവിപുരത്ത് 45936 വോട്ട് നേടിയ സ്ഥാനത്ത് 44,162 വോട്ടായി കുറഞ്ഞു. ചവറയില്‍ ലഭിച്ച 44,437 എന്ന വോട്ട് നില ഇത്തവണ 46,994 ലേക്ക് ഉയര്‍ന്നത് മാത്രമാണ് ഏക ആശ്വാസം. കുണ്ടറയില്‍ 57,440 നേടിയ ഇടത്ത് 54,908 ആയി കുറഞ്ഞു. ചാത്തന്നൂരില്‍ 46,114 വോട്ടുകള്‍ മാത്രമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ 53,293 വോട്ടുകള്‍ ഇവിടെ നേടിയിരുന്നു. ചടയമംഗലത്ത് 59, 567ല്‍ നിന്ന് 56155ലേക്ക് ചുരുങ്ങി. പുനലൂരില്‍  54,956 വോട്ടുകള്‍ മാത്രമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ 63,227 വോട്ടുകള്‍ നേടിയ സ്ഥാനത്താണ് ഈ കുറവ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പ്രതിനിധികള്‍ തൂത്തുവാരിയ മണ്ഡലത്തില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.