ചര്‍ച്ച വെറുതെയായില്ല; എസ്ഡിപിഐ ലീഗിനെ അകമഴിഞ്ഞ് സഹായിച്ചു

Saturday 25 May 2019 4:17 am IST

SDPI

മലപ്പുറം: എസ്ഡിപിഐയുമായുള്ള മുസ്ലിം ലീഗിന്റെ രഹസ്യചര്‍ച്ച വെറുതെയായില്ല. പൊന്നാനിയിലും മലപ്പുറത്തും ലീഗിന് വലിയ വിജയം സമ്മാനിച്ചത് എസ്ഡിപിഐയും അനുബന്ധ സംഘടനകളും ചേര്‍ന്നെന്ന് വ്യക്തമായി. 

പൊന്നാനിയില്‍ തോല്‍വി ഭയന്ന ഇ.ടി. മുഹമ്മദ് ബഷീറിനെ രക്ഷിക്കാനാണ് ലീഗ് നേതൃത്വം എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മാര്‍ച്ച് 14ന് രാത്രി കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. മുഹമ്മദ് ബഷീറിനൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം ലീഗ് നിഷേധിച്ചു. എന്നാല്‍, ചര്‍ച്ച നടന്നെന്നും തെരഞ്ഞെടുപ്പു കാര്യങ്ങളാണ് സംസാരിച്ചതെന്നും എസ്ഡിപിഐ വെളിപ്പെടുത്തി. ഫലം പുറത്തുവന്നതോടെ തീവ്രവാദ ആരോപണങ്ങള്‍ നേരിടുന്ന സംഘടനയുമായുള്ള ലീഗിന്റെ അടുത്തബന്ധം പകല്‍പോലെ വ്യക്തമായി. 

2014ല്‍ 25,410 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്ന് വിജയിച്ചത്.  ഇത്തവണ ഭൂരിപക്ഷം 1,93,273 ആയി വര്‍ധിച്ചു. 2019ല്‍ 26,640 വോട്ടുകളുണ്ടായിരുന്ന എസ്ഡിപിഐക്ക് ഇത്തവണ അത് വെറും 18,124 ആയി ചുരുങ്ങി. ഇടത് വിരുദ്ധ വികാരം സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ചതിനൊപ്പം എസ്ഡിപിഐ പിന്തുണയും കൂടിയായപ്പോള്‍ ലീഗിന്റെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു.

കുഞ്ഞാലിക്കുട്ടിയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ് എസ്ഡിപിഐ നേതാക്കള്‍. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും എസ്ഡിപിഐ തയാറായില്ല. ഇത്തവണയും മലപ്പുറത്ത് ലീഗിന് പരോക്ഷമായി പിന്തുണ നല്‍കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, രഹസ്യചര്‍ച്ച പുറത്തായതോടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മത്സരിച്ചെങ്കിലും 19,106 വോട്ടുകള്‍ മാത്രമാണ് നേടിയത്. 2014ല്‍ നസ്‌റുദ്ദീന്‍ എളമരം എസ്ഡിപിഐക്ക് വേണ്ടി 47,853 വോട്ടുകള്‍ നേടിയിരുന്നു. ലീഗും എസ്ഡിപിഐയുമായുള്ള അവിശുദ്ധബന്ധം വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.