മലയാള മാധ്യമങ്ങളിലെ മണ്ടന്‍ ശുപ്പാണ്ടിമാര്‍

Saturday 25 May 2019 5:11 am IST

തുടര്‍ച്ചയായി മൂന്നാം വട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ എന്‍ഡിടിവി പ്രതിനിധിയെ ഓഫീസില്‍ നിന്ന് ഇറങ്ങിവന്നാണ് നരേന്ദ്ര മോദി സ്വീകരിച്ചത്. സഹകരണം തുടരണം എന്ന് അദ്ദേഹത്തിന്റെ കരം പിടിച്ച് മോദി പറഞ്ഞു. ചാനല്‍ പണ്ഡിതന്മാര്‍ക്ക് തീനും കുടിയും പ്രധാനമന്ത്രിക്കൊപ്പമുള്ള വിമാനയാത്രയും നിഷേധിച്ചതിന്റെ അന്ന് തുടങ്ങിയ ചൊരുക്കാണ് പോയ അഞ്ചുവര്‍ഷം ഇത്തരക്കാര്‍ ചൊറിഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചത്. 

മലയാളം ചാനലിലെ 'വേണു'വായനക്കാര്‍ക്കാണ് പൊറുതിമുട്ടല്‍ കൂടുതലും ഉണ്ടായിരുന്നത്. മാതൃഭൂമിയും ഏഷ്യാനെറ്റും മനോരമയും ഇന്നലെപ്പിറന്ന ഇരുപത്തിനാലുമൊക്കെ  കൊണ്ടുപിടിച്ച് അന്തിച്ചര്‍ച്ചകള്‍ കൊഴുപ്പിക്കുകയായിരുന്നു. 

യുപിയിലെയും ത്രിപുരയിലെയുമൊക്കെ അസംബ്ലി തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതോടെ അതില്‍ ചിലര്‍ക്ക് ജനാധിപത്യത്തില്‍ത്തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടു. ചൊറിഞ്ഞിട്ടും ചൊറിഞ്ഞിട്ടും തീരാത്ത ചൊറിച്ചിലുമായി പ്രത്യേകം പരമ്പരകള്‍ തന്നെ തുടങ്ങി അവര്‍. 

മോദി അപകടമാണെന്നും കേരളത്തിലേക്ക് കടത്തരുതെന്നുമൊക്കെ ചാഞ്ഞും ചരിഞ്ഞും ഇരുന്ന് നിലവിളിച്ചു. ശൂലം, ഗര്‍ഭിണി, കുടല്‍മാല തുടങ്ങിയ ഗുജറാത്ത് കാലത്തെ തെറിവിളികളില്‍ നിന്ന് നരേന്ദ്ര മോദിയെ മോചിപ്പിക്കാന്‍ ഔദാര്യം കാട്ടിയ ഇക്കൂട്ടര്‍ അസഹിഷ്ണുതയുള്ളതെന്നും പശുവിന്റെ പേരില്‍ ആളെക്കൊല്ലുന്നവരെന്നുമൊക്കെ മോദിക്ക് വോട്ട് ചെയ്ത നാട്ടുകാരെ അധിക്ഷേപിക്കാന്‍ തുടങ്ങി. ത്രിപുരയില്‍ ജയിച്ചതിന്റെ പേരില്‍ വിപ്ലവ് കുമാറിന്റെ പ്രസംഗങ്ങളില്‍ കയറി ചൊറിയുകയായിരുന്നു പിന്നെ. 

സ്വച്ഛ് ഭാരതും ശൗചാലയവും വരെ മോദിയെ കളിയാക്കാന്‍ ഉപാധികളാക്കി. മോദി പണിയുന്ന കക്കൂസ് ഇവിടെ വേണ്ടെന്നും പിണറായി വെളിയിട വിസര്‍ജ്യ കേന്ദ്രങ്ങള്‍ പണിതു തരുമെന്നുമൊക്കെയായിരുന്നു 'നിഷ്പക്ഷ' മാധ്യമപ്രവര്‍ത്തകരുടെ തള്ള്. തിരുവനന്തപുരത്ത് പുലര്‍ച്ചെ വെളിക്കിറങ്ങാന്‍ പോയ വൃദ്ധയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് മുകളില്‍ അടയിരുന്നിട്ട് അവര്‍ മോദിയുടെ ശൗചാലയങ്ങളെ കളിയാക്കി. 

നോട്ട് നിരോധനത്തിന്റെ പേരു പറഞ്ഞ് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചു. റോഡില്‍ ബസിടിച്ച് മരിച്ചവരെ പോലും നോട്ടുനിരോധനത്തിന്റെ രക്തസാക്ഷികളാക്കി മോദിക്കെതിരെ അന്തിച്ചര്‍ച്ചകളില്‍ അവതാരകവേഷമിട്ട കോമാളികള്‍ ഉറഞ്ഞുതുള്ളി. രോഹിത് വെമുലയുടെ ആത്മഹത്യയെ മറയാക്കിയും കള്ളങ്ങള്‍ എഴുന്നള്ളിച്ചു. നാട്ടില്‍ നടന്ന എല്ലാ കൊലപാതകങ്ങള്‍ക്കും മോദി മറുപടി പറയണമെന്നായിരുന്നു മുറവിളി. 

നോട്ടുനിരോധനം മൂലം മോദി സര്‍ക്കാര്‍ തകരുമെന്ന് പറഞ്ഞപ്പോള്‍ ജനം യുപി മൊത്തത്തില്‍ വെള്ളിത്തളികയിലാക്കി ബിജെപിക്ക് നല്‍കി. അതോടെ കുരുപൊട്ടിയ മാധ്യമച്ചാവേറുകള്‍ മോദിക്കെതിരെ മാത്രമല്ല ജനാധിപത്യത്തിനെതിരെയും കുരച്ചുചാടി. 

ഉറിയിലെയും ബലാക്കോട്ടിലെയും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെതിരെ വാളെടുത്തവര്‍ ഭീകരാക്രമണങ്ങള്‍ പോലും മോദി സംഘടിപ്പിക്കുന്നതാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നയിച്ചു. പതിനഞ്ച് ലക്ഷത്തിന്റെ നുണക്കഥകള്‍ മുതല്‍ ഒടുവിലത്തെ റഡാര്‍ എപ്പിസോഡ് വരെ ചീറ്റിപ്പോപ്പോള്‍ വോട്ടിങ് മെഷീന്‍ എന്ന തുരുമ്പ് പിടിച്ച ആയുധം എടുത്ത് പടയ്ക്കിറങ്ങി കേരളം ഭാരതത്തെക്കാള്‍ വലിയ രാജ്യമാണെന്ന് കരുതുന്ന മണ്ടന്‍ ശുപ്പാണ്ടിമാര്‍. 

ഗുജറാത്തിന്റെ ചേല്ക്കാണ് മോദിയുടെ പോക്ക്. ഇനി ആ കസേര മാറാന്‍ പോകുന്നില്ല. പിണറായിയെയും രാഹുലിനെയും പ്രധാനമന്ത്രിയാക്കിയേ അടങ്ങൂ എന്ന് പൂതി കൂടുതലുള്ളവര്‍ അതിന് അതിന് ധര്‍മ്മടവും (ഇപ്പോഴത്തെ നിലയ്ക്കും അതിനും വകുപ്പില്ല) വയനാടും പ്രത്യേക രാജ്യങ്ങളായി പ്രഖ്യാപിക്കേണ്ടിവരും. അത് കണ്ടും കേട്ടും അറിഞ്ഞിട്ടും അറിഞ്ഞില്ലെങ്കില്‍ പിന്നെ ചൊറിയാതെ വയ്യ എന്നല്ലാതെ എന്ത് പറയാനാണ്?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.