അമേഠി പിടിച്ച വിജയ സ്മിതം

Saturday 25 May 2019 5:24 am IST
മണ്ഡലത്തില്‍ താന്‍ ചെയ്യാതിരുന്നതൊക്കെ ഊര്‍ജസ്വലതയോടെ ഓടിനടന്ന് ചെയ്ത സ്മൃതിയുടെ വ്യക്തിപ്രഭാവം കണ്ട് അവിടേക്ക് കടന്നുചെല്ലാന്‍ പോലും രാഹുലിന് ഭയമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ഒറ്റത്തവണ മാത്രമാണ് രാഹുല്‍ അമേഠിയിലേക്ക് കടന്നത്.

അമേഠി: സ്മൃതിയുടെ മൃദുമന്ദഹാസം ഇനി അേമഠിക്ക് സ്വന്തം. തോല്‍വികള്‍ കണ്ട് പിന്മാറാതെ പ്രസരിപ്പോടെ അമേഠിയിലെ ജനങ്ങളിലേക്കിറങ്ങിയ സ്മൃതിക്ക് അവര്‍ വോട്ട്‌കൊണ്ട് നന്ദി അറിയിച്ചു.

സ്മൃതിയുടെ ഈ വിജയം ഒരുപക്ഷേ, ആദ്യമറിഞ്ഞത് രാഹുല്‍ തന്നെയാകും. കുടുംബസ്വത്തെന്ന നിലയില്‍ ജനങ്ങളെ ഗൗനിക്കാതെ അമേഠിയെ കൊണ്ടുനടന്നതിനിടയില്‍ എവിടെയോ സ്മൃതിയുടെ സ്വീകാര്യത രാഹുല്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാകും മൂന്ന് ലക്ഷം വോട്ടുകള്‍ എണ്ണാന്‍ ബാക്കിയുള്ളപ്പോള്‍ സ്മൃതിക്ക് രാഹുല്‍ വിജയാശംസകള്‍ നേര്‍ന്നത്.

മണ്ഡലത്തില്‍ താന്‍ ചെയ്യാതിരുന്നതൊക്കെ ഊര്‍ജസ്വലതയോടെ ഓടിനടന്ന് ചെയ്ത സ്മൃതിയുടെ വ്യക്തിപ്രഭാവം കണ്ട് അവിടേക്ക് കടന്നുചെല്ലാന്‍ പോലും രാഹുലിന് ഭയമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ഒറ്റത്തവണ മാത്രമാണ് രാഹുല്‍ അമേഠിയിലേക്ക് കടന്നത്.

നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യസ്വത്തെന്ന കണക്കെ 2004ല്‍ രാഹുലിന് കൈമാറി കിട്ടിയതാണ് അമേഠി. 1998ന് ശേഷം ഇവിടെ കോണ്‍ഗ്രസ് തോല്‍വി അറിയുന്നത് ഇതാദ്യം. 

2004ല്‍ അമ്മ സോണിയയില്‍ നിന്ന് രാഹുല്‍ അമേഠി ഏറ്റുവാങ്ങി. 2009ല്‍ മൂന്ന് ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. പക്ഷെ 2014 എത്തുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി. എതിര്‍പക്ഷത്ത് സ്മൃതിയെ കളത്തിലിറക്കി ബിജെപി രാഹുലിനെ വെല്ലുവിളിച്ചു. അത്തവണ ഭൂരിപക്ഷം പകുതിയോളം കുറച്ചു. 

സ്മൃതിയുടെ കര്‍മശേഷിയില്‍ പാര്‍ട്ടിയും പ്രധാനമന്ത്രിയും പൂര്‍ണവിശ്വാസം അര്‍പ്പിച്ച്, അവരെ അവിടെത്തന്നെ തുടരാന്‍വിട്ടു. തോറ്റെങ്കിലും അമേഠിയിലെ യഥാര്‍ത്ഥ എംപിയായിരുന്നു സ്മൃതി. മാസങ്ങളോളം അമേഠിയില്‍ താമസിച്ച് പ്രശ്‌നങ്ങള്‍ പഠിച്ചു. പ്രദേശവാസികളുമായി സംവദിച്ചു. അവരിലൊരാളായി പ്രവര്‍ത്തിച്ചു.

സ്മൃതിയുടെ രാഷ്ട്രീയ ഇച്ഛാശക്തി ചോദ്യം ചെയ്യാനോ, കുറവുകള്‍ കണ്ടു പിടിക്കാനോ കഴിയാതിരുന്ന പ്രതിപക്ഷം, വിദ്യാഭ്യാസ യോഗ്യതയടക്കമുള്ള വിഷയങ്ങള്‍ ആയുധമാക്കി വ്യക്തിപരമായി അധിക്ഷേപിച്ചു. പക്ഷേ, അപ്പോഴേക്കും രാഹുലിന്റെ കൈയില്‍ നിന്ന് അമേഠി വഴുതിത്തുടങ്ങിയിരുന്നു. ഇതില്‍ ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് വണ്ടികയറിയത്.

രാഹുലിന് ഒറ്റയ്ക്ക് അമേഠിയില്‍ ഒന്നും ചെയ്യാനാകില്ലെന്നറിഞ്ഞതോടെയാണ് പ്രിയങ്കയെ കളത്തിലിറക്കിയത്. സ്മൃതി ഇറാനിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് അവരെ അറിയുക പോലുമില്ലെന്ന മട്ടിലുള്ള പ്രിയങ്കയുടെ പ്രതികരണത്തിന് ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കി. ഇനി സ്മൃതി ആരെന്ന് മറക്കാന്‍ നെഹ്‌റു കുടുംബത്തിനും കഴിയില്ല. 

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നുണപ്രചരണങ്ങള്‍ നടത്തി ഓടിനടന്ന രാഹുലിനെ കണ്ണു തുറന്നിരുന്ന അമേഠിയിലെ ജനങ്ങള്‍ പാഠം പഠിപ്പിച്ചു. ഇനിയൊരിക്കലും ആരാലും കബളിപ്പിക്കപ്പെടാന്‍ തയാറല്ലെന്ന തീരുമാനത്തില്‍ അവര്‍ സ്മൃതിക്ക് സമ്മാനിച്ചത് 55,120 വോട്ടിന്റെ ഭൂരിപക്ഷം.

അമേഠിക്കിത് പുതിയ പ്രഭാതം: സ്മൃതി

ഒരു വ്യക്തിയിലായിരുന്നില്ല, ഉത്തരവാദിത്തപ്പെട്ടയാള്‍ അവ നിറവേറ്റാതിരുന്നതില്‍ ഊന്നിയാണ് പ്രചാരണം നടത്തിയതെന്ന് സ്മൃതി ട്വിറ്ററില്‍ കുറിച്ചു. അമേഠിക്കിത് പുത്തന്‍ പ്രഭാതം. പുത്തന്‍ നിശ്ചയദാര്‍ഢ്യം. അമേഠിക്കെന്റെ നന്ദി. 

ഒരു വശത്ത് ഒരു കുടുംബവും മറുവശത്ത് കുടുംബം പോലെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായിരുന്നു. തന്റെ വിജയം കേരളത്തിലും ബംഗാളിലും ജീവന്‍ ബലികൊടുക്കേണ്ടി വന്ന പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു. എന്റെ വിജയം അവരുടെ കുടുംബങ്ങള്‍ക്കുള്ളതാണ്, സ്മൃതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.