കര്‍ണാടകയില്‍ പുകയുന്ന സഖ്യത്തെ രക്ഷിക്കാന്‍ അവസാന ശ്രമം

Saturday 25 May 2019 5:26 am IST
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത ഇന്നലെ രാവിലെ എച്ച്.ഡി. കുമാരസ്വാമി ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കെപിസിസി പ്രസിഡന്റ് ദിനേശ്ഗുണ്ടുറാവു എന്നിവരെ അറിയിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു ഇരുനേതാക്കളുടെയും മറുപടി.

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം പുകയുന്ന കര്‍ണാടകത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തെ രക്ഷിക്കാന്‍ അവസാനശ്രമം. സഖ്യത്തിലൂടെ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനിറങ്ങിയ ഇരുപാര്‍ട്ടികളും ഏറ്റുവാങ്ങിയത് ചരിത്രത്തിലെ കനത്ത തോല്‍വി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുക്കുന്ന കലാപത്തെ നേരിടാനുള്ള അവസാന വഴിതേടുകയാണ് ഇരുപാര്‍ട്ടി നേതാക്കളും.

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത ഇന്നലെ രാവിലെ എച്ച്.ഡി. കുമാരസ്വാമി ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കെപിസിസി പ്രസിഡന്റ് ദിനേശ്ഗുണ്ടുറാവു എന്നിവരെ അറിയിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു ഇരുനേതാക്കളുടെയും മറുപടി. 

പിന്നീട് രാഹുല്‍ നേരിട്ട് കുമാരസ്വാമിയെ വിളിച്ച് സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും രാജിവെക്കരുതെന്നും അറിയിച്ചു. രമേശ് ജാര്‍ക്കിഹോളി അടക്കമുള്ള കോണ്‍ഗ്രസ് വിമത നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കാനുള്ള നീക്കം നടത്താമെന്ന് രാഹുല്‍, കുമാരസ്വാമിക്ക് ഉറപ്പു നല്‍കിയതായാണ് പുറത്തു വരുന്ന വിവരം. ഇതിനുശേഷം പരമേശ്വരയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗം കുമാരസ്വാമിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലെ എല്ലാ എംഎല്‍എമാരും സഖ്യസര്‍ക്കാരിനൊപ്പമുണ്ടെന്ന് പരമേശ്വര പറഞ്ഞു. 

എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കുമാരസ്വാമിയും മറ്റു മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അവസരം നല്‍കാതെ പെട്ടെന്ന് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് നേതാക്കള്‍ മടങ്ങി. 

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് ദിനേശ്ഗുണ്ടുറാവുവും ജെഡിഎസ് പ്രസിഡന്റ് എച്ച്. വിശ്വനാഥും രാജിവെക്കണമെന്ന് പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടയില്‍ കോണ്‍ഗ്രസില്‍ വിമത നീക്കവും ശക്തമായി. ഇന്നലെ മുന്‍മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ യോഗം ചേര്‍ന്നു. ഒന്‍പത് എംഎല്‍എമാര്‍ പങ്കെടുത്തതായാണ് വിവരം. 

സര്‍ക്കാര്‍ രാജിവെക്കണം: ബിജെപി

കര്‍ണാടകയിലെ കനത്ത പരാജയം കണക്കിലെടുത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ ആവശ്യപ്പെട്ടു. ബിജെപിക്ക് 51.34 ശതമാനം വോട്ട് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് അന്‍പത് ശതമാനത്തിലധികം വോട്ട് ലഭിക്കുന്നത്. ഇത് തെളിയിക്കുന്നത് ജനങ്ങളുടെ പിന്തുണ ബിജെപിക്കാണെന്നാണ്. അതിനാല്‍, സഖ്യസര്‍ക്കാരിന് തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. 

പ്രചരണ വിഭാഗം അധ്യക്ഷന്‍  രാജിവച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെ തുടര്‍ന്ന് എച്ച്.കെ. പാട്ടീല്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രചരണ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയതായി അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ജനവിധിയെ താന്‍ അംഗീകരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ മോശം പ്രകടനത്തിനുള്ള കാരണം ജെഡിഎസ് പാര്‍ട്ടിയുമായുള്ള സഖ്യമാണ്. സഖ്യ സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.