പ്രതിപക്ഷത്തെ തരുര്‍ നയിക്കും

Saturday 25 May 2019 7:22 am IST

ന്യൂദല്‍ഹി: ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം കിട്ടില്ലങ്കിലും  ലോക് സഭയില്‍ പ്രതിപക്ഷത്തെ നയിക്കുക കോണ്‍ഗ്രസ് തന്നെയാകും. പ്രതിപക്ഷ നിരയില്‍ കൂടുതല്‍ സീറ്റുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. പ്രതിപക്ഷ നേതാവ് പദവി കിട്ടണമെങ്കില്‍ 10 ശതമാനം സീറ്റ് കിട്ടണം. 55 സീറ്റിലെത്താത്തിനാല്‍ സ്ഥാനം കിട്ടില്ല. കഴിഞ്ഞ തവണയും ഇതായിരുന്നു സ്ഥിതി.

കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജ്ജുന ഖാര്‍ഗെയായിരുന്നു അനൗദ്യോഗിക പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയ സംസ്ഥാനം കര്‍ണാടകമായിരുന്നു. ഖാര്‍ഗെ ഇത്തവണ തോറ്റു. ഖാര്‍ഗയുടെ സ്ഥാനത്ത് ശശി തരൂര്‍ ആയിരിക്കും എത്തുക. ഇത്തവണ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുള്ളതും കേരളത്തില്‍നിന്നാണ്.

തിരുവനന്തപുരത്തുനിന്ന് ഹാട്രിക് ജയം നേടിയ ശശി തരൂര്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണ്. 

മറ്റ് കാരണങ്ങളാല്‍ തരൂരിനു പകരം മറ്റൊരാളെ ചിന്തിച്ചാല്‍ ഏറെ സാധ്യത കൊടിക്കുന്നില്‍ സുരേഷിനാകും. എഴാം തവണ ലോക സഭയിലെത്തുന്ന സുരേഷിനോളം പാര്‍ലമെന്ററി പരിജയം ഉള്ള നേതാക്കള്‍ കോണ്‍ഗ്രസിലില്ല. കഴിഞ്ഞ തവണ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളയാള്‍ എന്ന പരിഗണകൂടി ഖാര്‍ഗെയ്ക്ക് കിട്ടിയിരുന്നു. അത് മാനദണ്ഡമാക്കിയാല്‍ സുരേഷിന് പ്രതിപക്ഷത്തെ നയിക്കാന്‍ അവസരം കിട്ടും. 

പ്രതിപക്ഷ നേതാവായിരുന്ന ഏക മലയാളി  സി എം സ്റ്റീഫനായിരുന്നു. അടിയന്തരാവസ്ഥയക്ക് ശേഷം ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കുറച്ചു നാളത്തേയ്ക്ക് ഇടുക്കിയില്‍ നിന്ന് ജയിച്ച സ്റ്റീഫന്‍ നേതാവായി. ആദ്യ ലോക് സഭയില്‍ മലയാളിയായ എ കെ ഗോപാലനായിരുന്നു  പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവ് . പക്ഷേ പ്രതിപക്ഷ നേതാവായില്ല.

1951ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 489 സീറ്റില്‍ 364ഉം നേടി കോണ്‍ഗ്രസ് ഭരണകക്ഷിയായപ്പോള്‍ 16 സീറ്റ് നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു രണ്ടാമത്. 12 സീറ്റുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാം കക്ഷിയുമായി. ജനസംഘം നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി പ്രതിപക്ഷത്തെ 32 അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചെങ്കിലും സ്പീക്കര്‍ പ്രതിപക്ഷ നേതാവ് സ്ഥാനം മുഖര്‍ജിക്ക് പൂര്‍ണമായി നല്‍കിയില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്നനിലയിലുള്ള എല്ലാ പരിഗണനയും കിട്ടിയത് മുഖര്‍ജിക്കായിരുന്നു.

യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും കാബിനറ്റ് പദവിയും മറ്റ് ആനുകൂല്യ്ങ്ങളും നിശ്ചയിച്ചത് 1977ലെ ജനത ഭരണകാലത്താണ്. അതിന്‍പ്രകാരം ആദ്യ പ്രതിപക്ഷ നേതാവായത് ആറാം ലോക്സഭയില്‍ വൈ.ബി.ചവാന്‍. ചവാനുപകരം മലയാളിയായ സിഎം സ്റ്റീഫനെ പ്രതിപക്ഷ നേതാവാക്കി. നാല് മാസം തികയും മുന്‍പ് ചവാന്‍ വീണ്ടും പ്രതിപക്ഷ നേതാവായി. ഒരു വര്‍ഷം മൂന്ന് പ്രതിപക്ഷ നേതാക്കന്മാരെ കാണാന്‍ 1979ന് സാധിച്ചു. ഏഴ് എട്ട് ലോക്സഭയില്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം ലഭിക്കുകയും പ്രതിപക്ഷ നേതാവാകാന്‍ ആവശ്യമായ സീറ്റുകള്‍ ഒരു പാര്‍ട്ടിയും കിട്ടാതിരുന്നതിനാലും പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.

9-ാം ലോക്സഭയില്‍ വി.പി.സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായി. (1989-90) വി.പി.സിംഗിന് പകരം ചന്ദ്രശേഖര്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി (90--91) പ്രതിപക്ഷ നേതാവായി. പ്രതിപക്ഷ നേതാവ് പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായ ആദ്യ രണ്ടുവര്‍ഷം അദ്വാനിയായിരുന്നു പ്രതിപക്ഷ നേതാവ് (91-93) തുടര്‍ന്ന് വാജ്പേയിയുടെ 13 ദിവസത്തെ ഭരണത്തില്‍ റാവു പ്രതിപക്ഷനേതാവായി. തുടര്‍ന്ന് ദേവഗൗഡയും എ.കെ.ഗുജ്റാളും ഭരിച്ചപ്പോഴും വാജ്പേയി തന്നെ (96-97) പ്രതിപക്ഷത്തെ നയിച്ചു. വീണ്ടും വാജ്പേയി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ശരദ് പവാറും (98-99) പിന്നീട് സോണിയാഗാന്ധിയും (99-2004) പ്രതിപക്ഷ നേതാക്കളായി. മന്‍മോഹന്‍സിംഗിന്റെ പ്രതിപക്ഷ നേതാവ് അദ്വാനിയും (2004-09) തുടര്‍ന്ന് സുഷമ സ്വരാജു(2009 -14)മായി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.