സിപിഎമ്മിന്റെ ദേശീയത പോകില്ല; രക്ഷപെട്ടത് തലനാരിഴയക്ക്

Saturday 25 May 2019 9:15 am IST

 

 ന്യൂദല്‍ഹി: സംസ്ഥാന പാര്‍ട്ടി പദവിക്കാവശ്യമായ വോട്ടു പോലും പശ്ചിമ ബംഗാളില്‍ നിന്ന് കിട്ടിയില്ലങ്കിലും സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി തല്‍ക്കാലം പോകില്ല.  തമിഴ്‌നാട്ടില്‍ നിന്ന് കിട്ടിയ രണ്ടു സീറ്റുകളാണ് രക്ഷപ്പെടുത്തിയത്. 

ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി കിട്ടണമെങ്കില്‍ പ്രാധാനമായി മൂന്ന് നിബന്ധനകളാണുള്ളത്. 1. പാര്‍ട്ടി കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും 2% ലോക്‌സഭാ സീറ്റുകളില്‍ വിജയം(11സീറ്റ്), 2.ലോക് സഭാ  തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറു ശതമാനം വോട്ടു നേടുകയും നാലു ലോക് സഭാ സീറ്റുകളില്‍ വിജയവും, 3.നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി പദവി.  ഈ നിബന്ധനകളില്‍ ഒരെണ്ണം നേടിയാല്‍ ദേശീയ പദവി നിലനിര്‍ത്താം.

ഇതില്‍ അവസാനത്തെ നിബന്ധനയാണ് സിപിഎമ്മിന് കച്ചി തുരുമ്പായിരിക്കുന്നത്. കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി നിലനിര്‍ത്താനായി.

സംസ്ഥാന പദവി കിട്ടണമെങ്കില്‍ പ്രധാനമായി നാലു നിബന്ധനകളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്. 1.നിയമസഭയിലെ മൂന്ന് ശതമാനം സീറ്റുകള്‍ നേടണം, 2.സംസ്ഥാനത്തിന് അനുവദിച്ച ഓരോ 25 ലോക്‌സഭാസീറ്റുകളില്‍ ഒന്ന് എന്ന തോതില്‍ ലോക്‌സഭാ സീറ്റുകള്‍, 3.ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറ്  ശതമാനം വോട്ടുകളും ഒരു ലോക് സഭ സീറ്റും രണ്ടു നിയമസഭ സീറ്റുകളും, 4. ലോക് സഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ട് ശതമാനം വോട്ടുകള്‍. 

കേരളത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാര്‍ട്ടിക്ക് പാലിക്കാനായി. ത്രിപുരയില്‍ സീറ്റൊന്നും കിട്ടിയില്ലങ്കിലും കുറഞ്ഞത് എട്ട് ശതമാനം വോട്ട് എന്ന നിബന്ധന സഹായിച്ചു. 16 ശതമാനം വോട്ട് ഇത്തവണ അവിടെ പിടിക്കാനായി. പശ്ചിമ ബംഗാളില്‍ 22.96 ശതമാനം ഉണ്ടായിരുന്ന വോട്ട് 6.54 ശതമാനമായി ഇടിഞ്ഞു. ലോക് സഭാ പരിഗണിച്ചാല്‍ സംസ്ഥാന പദവി ഇല്ല. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10.35 ശതമാനം വോട്ടും 26 സീറ്റും നേടിയിട്ടുള്ളതിനാല്‍ പദവി നഷ്ടം ഉണ്ടാകില്ല.ലോക് സഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ട് ശതമാനം എന്ന മാനദണ്ഡമാണ് ര്ക്ഷിച്ചത്. 

തമിഴ് നാട്ടില്‍  നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ടു പോലും ഇല്ലാതിരുന്ന സിപിഎമ്മിന് തുണയായത് ലോക് സഭയിലെ രണ്ടു സീറ്റാണ്. സംസ്ഥാനത്തിന് അനുവദിച്ച ഓരോ 25 ലോക്‌സഭാസീറ്റുകളില്‍ ഒന്ന് എന്ന തോതില്‍ കിട്ടുക എന്ന നിബന്ധന അവിടെ പാലിക്കപ്പട്ടു. 38 സീറ്റുള്ളപ്പോള്‍ 2 സീറ്റില്‍ വിജയിക്കാനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.