സിപിഐ ദേശീയം അല്ലാതായി

Saturday 25 May 2019 11:05 am IST

ന്യുദല്‍ഹി: തമിഴ് നാ്ട്ടിലെ രണ്ടു സീറ്റ് നേട്ടം സിപിഎമ്മിനെ ദേശീയ പാര്‍ട്ടി പദവി പിടിച്ചു നിര്‍ത്താന്‍ സഹായിച്ചു. രണ്ടു സീറ്റ് കിട്ടിയിട്ടും സിപിഐയ്ക്ക് ദേശീയ സ്ഥാനം പിടിക്കാനായില്ല.  ദേശീയ പദവിക്ക് കുറഞ്ഞത് വേണ്ട നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി പദവി  നേടാനാകാത്തതാണ് കാരണം.

തമിഴ്നാടിനു പുറമെ കേരളത്തില്‍ മാത്രമാണ് സിപിഐ സംസ്ഥാന പാര്‍ട്ടി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായെങ്കിലും, ദേശീയപദവി നിശ്ചയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു പ്രകടനം പത്തു വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥിതി മെച്ചപ്പെടുത്താനാകാത്തതിനാല്‍ 2021 ഓടെ സിപിഐ വെറും പ്രാദേശിക പാര്‍ട്ടി മാത്രമാകും.

 നിലവില്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, എന്‍സിപി, ബിഎസ്‌പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് ദേശീയ പദവിയുള്ള പാര്‍ട്ടികള്‍. സിപിഐയ്‌ക്കൊപ്പം 2014ല്‍ എന്‍സിപിയുടെ പദവിയും പോയെങ്കിലും കമ്മീഷന്റെ ഔദാര്യം മുലം 2021 വരെ തുടരാം.

 ബിഎസ്പിക്ക് മദ്ധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പദവിയുണ്ടായിരുന്നു. അസംബ്‌ളി തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നാലിടത്തും ആറു ശതമാനത്തിലേറെ വോട്ട് നേടുകയും ചെയ്തു. തൃണമൂലിന് ദേശീയപദവി കിട്ടിയത് 2016-ലാണ്. ബംഗാളിനു പുറമേ, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിരുന്നു തൃണമൂലിന് സംസ്ഥാന പദവി. ഈ രണ്ടു പാര്‍ട്ടികളുടേയും ദേശീയ സ്ഥാനവും തുലാസിലാണ്

പാര്‍ട്ടികള്‍ക്ക് ദേശീയ, സംസ്ഥാന പദവികള്‍ നിശ്ചയിക്കുന്നത് 1968-ലെ തിരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ സംബന്ധിച്ച ചട്ടമനുസരിച്ചാണ്. അതനുസരിച്ച് ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ദേശീയപദവി ലഭിക്കാന്‍ ഇനി പറയുന്ന മൂന്നു മാനദണ്ഡങ്ങളില്‍ ഏതെങ്കിലുമൊന്ന് കൈവരിക്കണം. ചുരുങ്ങിയത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി, ലോക്സഭയിലെ ആകെ സീറ്റിന്റെ രണ്ടു ശതമാനത്തില്‍ (11 സീറ്റ്) വിജയിക്കണമെന്നതാണ് ഒരു മാനദണ്ഡം.

നാല് ലോക്സഭാ സീറ്റിലെ വിജയത്തിനു പുറമേ, നാല് സംസ്ഥാനങ്ങളില്‍ ലോക്സഭാ, അസംബ്‌ളി തിരഞ്ഞെടുപ്പുകളില്‍ ആറു ശതമാനം വോട്ടുകള്‍ നേടുകയാണ് ദേശീയ പദവിക്കുള്ള മറ്റൊരു മാനദണ്ഡം. ഇതു രണ്ടുമല്ലെങ്കില്‍, പാര്‍ട്ടിക്ക് നാലോ അതിലധികമോ ഇടത്ത് സംസ്ഥാനപദവി ഉണ്ടായിരിക്കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.