രാജിവെയ്ക്കാമെന്ന് രാഹുല്‍ ഗാന്ധി, വേണ്ടെന്ന് നേതൃത്വം

Saturday 25 May 2019 3:54 pm IST

ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി വീണ്ടും രാജി സന്നദ്ധത അറിയിച്ചു. രാജ്യത്ത് യുപിഎയ്ക്കുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നുംം രാജിവെയ്ക്കാമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്. 

എന്നാല്‍ മന്‍മോഹന്‍ സിങ്ങും പ്രിയങ്ക ഗാന്ധിയും ഇതില്‍ നിന്നും പിന്തിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാജി വയ്ക്കുമെന്ന നിലപാടില്‍ ശക്തമായി ഉറച്ചു നിന്നാല്‍ മാത്രമേ രാഹുല്‍ ഗാന്ധിയുടെ തീരുമാനം എഐസിസി അംഗീകരിക്കാന്‍ സാധ്യതയുള്ളൂ. എന്നാല്‍ ശനിയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി അത് അംഗീകരിക്കാനുള്ള സാധ്യത വളരെക്കുറവാണ്. 

തെരഞ്ഞടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കുന്നത് താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നല്ല സന്ദേശം നല്‍കില്ലെന്നും തീരുമാനം മാറ്റണമെന്നും സോണിയാഗാന്ധി രാഹുലിനോട് നേരത്തേ വ്യക്തമാക്കിയിരുന്നു. 

അതിനിടെ ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിട്ടുനില്‍ക്കും. എന്നാല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ കമല്‍നാഥ് പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും തെരഞ്ഞെടുപ്പ് പരാജയമാകും ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. 

52 അംഗങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലുള്ളത്. രാഹുലിനെക്കൂടാതെ പ്രിയങ്കാ ഗാന്ധി വദ്ര അടക്കമുള്ള ജനറല്‍ സെക്രട്ടറിമാര്‍, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് സമിതിയിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.