ഇരുപതു വര്‍ഷത്തിന് ശേഷം ശിക്ഷ വെട്ടിക്കുറച്ചു

Saturday 25 May 2019 4:38 pm IST

കൊച്ചി : ജയിലില്‍ പ്രതിയെ കാണാനെത്തിയയാളില്‍ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ ജയില്‍ വാര്‍ഡന് വിജിലന്‍സ് കോടതി വിധിച്ച മൂന്നു വര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി ഒരു വര്‍ഷമാക്കി വെട്ടിക്കുറച്ചു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 75 വയസ്സായതും കേസിന്റെ കാലപ്പഴക്കവും കണക്കിലെടുത്താണ് ശിക്ഷ വെട്ടിക്കുറയ്ക്കുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 

 അട്ടക്കുളങ്ങര സബ് ജയിലില്‍ വാര്‍ഡനായിരുന്ന പൂജപ്പുര സ്വദേശി പി. കൃഷ്ണന്‍ കുട്ടിക്കെതിരെ 1998 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. നാലാഴ്ചയ്ക്കകം പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങണമെന്നും 50,000 രൂപ പിഴ വിധിച്ചതു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പിഴയൊടുക്കിയില്ലെങ്കില്‍ നാലു മാസം കൂടി ജയില്‍ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു മോഷണക്കേസില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ലോറന്‍സ് കൂട്ടുപ്രതിയെ ജയിലില്‍ കാണാന്‍ പോയപ്പോള്‍ വാര്‍ഡന്‍ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സില്‍ പരാതി നല്‍കിയ ഇയാള്‍ അവര്‍ ഫിനോഫ്തലീന്‍ പുരട്ടി നല്‍കിയ ആയിരം രൂപ വാര്‍ഡന് നല്‍കി.

തുടര്‍ന്നാണ് വാര്‍ഡന്‍ പിടിയിലായത്. എന്നാല്‍ ഹര്‍ജിക്കാരനടക്കം നാല് വാര്‍ഡന്‍മാര്‍ പണം വാങ്ങിയെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ പണം വാങ്ങിയെങ്കിലും ഹര്‍ജിക്കാരനെതിരെയാണ് പരാതിയുള്ളത്. മറ്റുള്ളവര്‍ക്കെതിരെ കേസില്ല എന്നതു കൊണ്ട് ഹര്‍ജിക്കാരനെ കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ശിക്ഷ വെട്ടിക്കുറച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.