വോട്ടെണ്ണല്‍ ദിനത്തില്‍ റെക്കോഡ് വൈദ്യുതി ഉപഭോഗം

Saturday 25 May 2019 4:44 pm IST

സ്വന്തം ലേഖകന്‍

ഇടുക്കി: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞ ദിനത്തില്‍ റെക്കോഡ് തിരുത്തി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. രണ്ട് ദിവസത്തിനിടെ മാത്രം കൂടിയത് 19 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉപയോഗിച്ചത് 88.3386 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ 25.4325 ദശലക്ഷം യൂണിറ്റും ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ അവശേഷിച്ചത് പുറമെ നിന്നെത്തിച്ചു. 

ഇതിന് മുമ്പ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചത് കഴിഞ്ഞ ഏപ്രില്‍ 13ന് ആയിരുന്നു, 88.1029 ദശലക്ഷം യൂണിറ്റ്. വോട്ടെണ്ണല്‍ ദിനത്തില്‍ ടെലിവിഷന്‍, ഫാന്‍, എയര്‍ കണ്ടീഷന്‍ തുടങ്ങിയവയുടെ ഉപയോഗം കുതിച്ചുയര്‍ന്നതാണ് ഉപഭോഗം ഉയരാന്‍ കാരണം. 

മഴ അകന്ന് നിന്നിരുന്നെങ്കില്‍ വൈദ്യുതി ഉപയോഗം 90 ദശലക്ഷം പിന്നിടുമായിരുന്നു. അതേസമയം ഇന്നലെ വൈദ്യുതി ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തുന്നതായാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്നും ജൂണ്‍ 20 വരെയുള്ള വെള്ളം സംഭരണിയില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. നിലവില്‍ 19 ശതമാനം വെള്ളമാണ് ബോര്‍ഡിന്റെ സംഭരണികളില്‍ ആകെയുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കുറവാണിത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.