ഭരണഘടനയെ വന്ദിച്ച് പുതിയ യാത്ര

Saturday 25 May 2019 5:50 pm IST
സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയധികം വനിതാ എംപിമാര്‍ പാര്‍ലമെന്റിലെത്തുന്നത് ഇതാദ്യമാണ്. ദേശീയ വികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. അതേ സമയം തന്നെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക താല്‍പ്പര്യങ്ങള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ തന്നെയായി മാറുമെന്നും മോദി പറഞ്ഞു.

ന്യൂദല്‍ഹി: ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി  ജനസേവനത്തിന്റെ രണ്ടാമൂഴത്തിന്റെ യാത്ര തുടങ്ങി. ബിജെപിയും എന്‍ഡിഎയും മോദിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തതിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ നവഭാരത നിര്‍മ്മിതിക്കായുള്ള പുതിയ യാത്രയില്‍ ഒന്നിച്ചു മുന്നേറാമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

യോഗത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് സര്‍ക്കാരുണ്ടാക്കാന്‍ മോദി അവകാശമുന്നയിച്ചു. മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച രാഷ്ട്രപതി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിര്‍ദ്ദേശിച്ചു. മുന്‍ ദേശീയ അധ്യക്ഷന്മാരായ രാജ്‌നാഥ്‌സിങ്ങും നിതിന്‍ ഗഡ്ക്കരിയും പിന്താങ്ങി. പാര്‍ലമെന്ററി കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിനന്ദിച്ചു. 

എന്‍ഡിഎ അധ്യക്ഷന്‍ പ്രകാശ് സിങ് ബാദല്‍ ലോക്‌സഭയിലെ എന്‍ഡിഎ നേതാവായി മോദിയെ നിര്‍ദ്ദേശിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എല്‍ജെപി അധ്യക്ഷന്‍ രാംവിലാസ് പസ്വാന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്നിവര്‍ പിന്തുണച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഡിഎ മുഖ്യമന്ത്രിമാര്‍, വിവിധ എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ എന്നിവര്‍ മോദിയെ അഭിനന്ദിച്ച് പ്രസംഗിച്ചു.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന ഭരണഘടനയുടെ ആദ്യപ്രതിയിന്മേല്‍ ശിരസ്സ് നമിച്ചാണ് മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തത്. രാജ്യമെങ്ങും ഭരണാനുകൂല വികാരം ആഞ്ഞടിച്ചതാണ് ഇത്രവലിയ വിജയത്തിന് കാരണമായത്. പുതിയ ഊര്‍ജ്ജത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. വലിയ വിജയം നമ്മുടെ ഉത്തരവാദിത്വങ്ങളും വര്‍ദ്ധിപ്പിക്കുന്നു. വിജയിച്ചെത്തിയ എല്ലാവരേയും അഭിനന്ദിക്കുന്നു. ആദ്യമായി ലോക്‌സഭാംഗങ്ങളായവരെ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ഭരണത്തുടര്‍ച്ച ആഗ്രഹിച്ചതിന്റെ തരംഗമാണ് രാജ്യം മുഴുവന്‍ ആഞ്ഞടിച്ചത്. രാജ്യത്തുനിന്ന് ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചു നീക്കാനുള്ള അന്തിമയുദ്ധത്തിന് എല്ലാവരും തയാറെടുക്കണം. ഏറ്റവുമധികം വനിതകളെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയധികം വനിതാ എംപിമാര്‍ പാര്‍ലമെന്റിലെത്തുന്നത് ഇതാദ്യമാണ്. ദേശീയ വികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. അതേ സമയം തന്നെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക താല്‍പ്പര്യങ്ങള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ തന്നെയായി മാറുമെന്നും മോദി പറഞ്ഞു. 

ഭാരതമാതാവിനേക്കാള്‍ വലിയ മറ്റൊരു ദേവത നമുക്കില്ല. ന്യൂനപക്ഷങ്ങളുടെ അടക്കം വിശ്വാസം നമുക്കാര്‍ജ്ജിക്കേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം, പ്രശസ്തിക്ക് വേണ്ടി ആവരുത് പ്രവര്‍ത്തനം. നേതാക്കളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാവരുത്. വിഐപി സംസ്‌ക്കാരം പൂര്‍ണമായും ഇന്ത്യയില്‍ അവസാനിക്കുകയാണ്. നമ്മുടെ പൈതൃകം എന്തെന്ന് നേതാക്കള്‍ മറക്കരുതെന്നും പ്രധാനമന്ത്രി എംപിമാരെ ഓര്‍മ്മിപ്പിച്ചു. 

എന്‍ഡിഎ യോഗത്തിന് ശേഷം രാത്രി എട്ടിന് രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്രമോദി ഔദ്യോഗികമായി കത്ത് കൈമാറി.  സത്യപ്രതിജ്ഞയുടെ തീയതിയും  മന്ത്രിസഭയിലെ  മറ്റ് അംഗങ്ങളാരൊക്കെ എന്നും അറിയിക്കാനും രാഷ്ട്രപതി മോദിയോട് നിര്‍ദ്ദേശിച്ചതായി  രാഷ്ട്രപതി ഭവന്റെ അറിയിപ്പില്‍ പറയുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.