ഠേംഗ്ഡി വാങ്മയം

Sunday 26 May 2019 3:31 am IST
കേരളത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാരംഭത്തിന് കാരണക്കാരായവരില്‍ പ്രമുഖനായിരുന്നു ഠേംഗ്ഡി. മാനവ ജീവിതത്തിന്റെ നാനാമുഖമായ വശങ്ങളെക്കുറിച്ച് ആഴമേറിയ ഉള്‍ക്കാഴ്ച പുലര്‍ത്തിയ അദ്ദേഹത്തിന്റെ ജീവിതം സമാജത്തിനു സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അതിന് പ്രേരകവും മാധ്യമവും രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നുവെന്നു മാത്രം. സംഘപ്രചാരകനെന്ന നിലയ്ക്ക് ലോകസംഗ്രഹമെന്നദൗത്യ നിര്‍വഹണത്തിന് വേദിയിരുന്ന വിജ്ഞാന സമ്പാദനത്തെ അദ്ദേഹം ഒരു തപസ്യയായിത്തന്നെ ഏറ്റെടുത്തു. മൗലികമായ ഭാരതീയ ചിന്താധാര മാനവ ജീവിതത്തിന്റെ മാത്രമല്ല, സമസ്ത ജീവജാലങ്ങളുടെയും സസ്യ പ്രപഞ്ചത്തിന്റെയും അന്തസ്സത്തയിലേക്ക് എങ്ങനെ ആïിറങ്ങിയെന്നു കണ്ടെത്താനുള്ള ത്വര അദ്ദേഹത്തിനുമുണ്ടായിരുന്നു

ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന ദത്തോപന്ത് ഠേംഗ്ഡിയുടെ വാങ്മയത്തിന്റെ മലയാള പരിഭാഷ പത്തുവാല്യങ്ങളായി മെയ് 14 ന് എറണാകുളം ഇഎംഎസ് സ്മാരക ടൗണ്‍ ഹാളില്‍ പ്രകാശനം ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഭാരതീയ മസ്ദൂര്‍ സംഘമാണാ സംഘടനയെന്നു പറയേണ്ട ആവശ്യമില്ല.

ബിഎംഎസ് കേരള സംസ്ഥാന സമിതി രൂപീകൃതമായപ്പോള്‍ മുതല്‍ 18 വര്‍ഷക്കാലം അതിന്റെ സംസ്ഥാനാധ്യക്ഷ സ്ഥാനം വഹിച്ച അഡ്വക്കേറ്റ് കെ. രാംകുമാര്‍, മുതിര്‍ന്ന സംഘ പ്രചാരകനും മുന്‍ അഖില ഭാരതീയ ബൗദ്ധിക്പ്രമുഖും, പരമ പൂജനീയ ഗുരുജിയുടെ സമഗ്ര വചനങ്ങളുടേയും സമാഹര്‍ത്താവും വൈവിധ്യമാര്‍ന്ന തലങ്ങളിലെ വിജ്ഞാനപ്രദവും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആര്‍.ഹരിയില്‍നിന്നായിരുന്നു രാംകുമാര്‍ അതേറ്റു വാങ്ങിയത്. 

കേരളത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാരംഭത്തിന് കാരണക്കാരായവരില്‍ പ്രമുഖനായിരുന്നു ഠേംഗ്ഡി. മാനവ ജീവിതത്തിന്റെ നാനാമുഖമായ വശങ്ങളെക്കുറിച്ച് ആഴമേറിയ ഉള്‍ക്കാഴ്ച പുലര്‍ത്തിയ അദ്ദേഹത്തിന്റെ ജീവിതം സമാജത്തിനു സമര്‍പ്പിക്കപ്പെട്ടതായിരുന്നു അതിന് പ്രേരകവും മാധ്യമവും രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നുവെന്നു മാത്രം.

സംഘപ്രചാരകനെന്ന നിലയ്ക്ക് ലോകസംഗ്രഹമെന്ന ദൗത്യ നിര്‍വഹണത്തിന് വേണ്ടിയിരുന്ന വിജ്ഞാന സമ്പാദനത്തെ അദ്ദേഹം ഒരു തപസ്യയായിത്തന്നെ ഏറ്റെടുത്തു. മൗലികമായ ഭാരതീയ ചിന്താധാര മാനവ ജീവിതത്തിന്റെ മാത്രമല്ല, സമസ്ത ജീവജാലങ്ങളുടെയും സസ്യ പ്രപഞ്ചത്തിന്റെയും അന്തസ്സത്തയിലേക്ക് എങ്ങനെ ആണ്ടിറങ്ങിയെന്നു കണ്ടെത്താനുള്ള ത്വര അദ്ദേഹത്തിനുണ്ടായിരുന്നു, അതു നൈസര്‍ഗികവുമായിരുന്നു. അതിന്റെ ബാഹ്യപ്രകാശനമാണ് അദ്ദേഹത്തിന്റെ വാങ്മയമായിത്തീര്‍ന്നത്. അവ സമാഹരിക്കാന്‍ മുന്‍കയ്യെടുത്ത ബിഎംഎസും മലയാളത്തില്‍ പ്രസിദ്ധീകരിച്ച കുരുക്ഷേത്ര പ്രകാശനും അഭിനന്ദനമര്‍ഹിക്കുന്നു.

പഴയ സെന്‍ട്രല്‍ പ്രോവിന്‍സിലും, പില്‍ക്കാലത്തു മധ്യപ്രദേശിലും അനിഷേധ്യ നേതാവും മുഖ്യമന്ത്രിയുമായിരുന്ന പണ്ഡിത് രവിശങ്കര്‍ ശുക്ല ശ്രീ ഗുരുജിയോട് ഏറെ വാത്സല്യം പുലര്‍ത്തിയിരുന്നത്രേ. അവിടത്തെ ഐഎന്‍ടിയുസി എന്ന തൊഴിലാളി പ്രസ്ഥാനത്തിലെ അച്ചടക്ക രാഹിത്യവും താന്തോന്നിത്തവും അസഹ്യമായപ്പോള്‍ ഒരു നല്ല സംഘപ്രവര്‍ത്തകന്‍ അതിന്റെ ചുമതലയില്‍ വന്നാല്‍ നന്നാവുമെന്ന് ശ്രീ ശുക്ലയ്ക്കു തോന്നി ശ്രീഗുരുജിയുടെ സഹായമഭ്യര്‍ത്ഥിച്ചുവത്രേ.  അതിന്റെ ഫലമായി ഠേംഗ്ഡി നിയുക്തനായി. അതുവരെ തൊഴിലാളി സംഘടനകള്‍ക്കു മാതൃക പാശ്ചാത്യ നാടുകളിലെ മാര്‍ക്‌സിസ്റ്റ് രീതിയായിരുന്നു. അതാകട്ടെ വര്‍ഗ സംഘര്‍ഷത്തില്‍ അധിഷ്ഠിതവും.

തൊഴിലാളി നേതാക്കളേറെയും സംഘര്‍ഷങ്ങളില്‍നിന്ന് മുതലെടുത്തു സ്വാര്‍ഥപൂര്‍ത്തി വരുത്തിയവരും. യൂറോപ്യന്‍ സോഷ്യലിസത്തിന്റെയും, മുതലാളിത്തത്തിന്റെയും പശ്ചാത്തലത്തില്‍ ഭാരതത്തിലെ തൊഴില്‍ മേഖലയുടെ തനിമയെയും ഉള്ളടക്കത്തെയും നിഷേധിക്കുന്നവയായിരുന്നു നിലവിലിരുന്ന പ്രസ്ഥാനങ്ങള്‍. ഭാരതീയ പാരമ്പര്യമനുസരിച്ച് തൊഴില്‍ സംസ്‌കാരത്തിന്റെ അടിവേരുകള്‍ കണ്ടെത്തി അതില്‍ വളംവെച്ചുകൊണ്ടുള്ള ഒരു നൂതന ദേശീയത വികസിപ്പിക്കണമെന്നായിരുന്നു ശ്രീഗുരുജി ഠേംഗ്ഡിജിക്കു കൊടുത്ത നിര്‍ദ്ദേശം. അതദ്ദേഹം അത്യുത്തമമായ വിധത്തില്‍ ചെയ്തു. ഈ വിഷയം പരാമര്‍ശിക്കപ്പെടുന്ന ഭാരതീയ സാഹിത്യത്തിലേക്കദ്ദേഹം ഊളിയിട്ടു.

മഹാഭാരതവും ശുക്രനീതിയും അര്‍ഥശാസ്ത്രവും  മനുസ്മൃതിയും പോലുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ പരിശോധിച്ച് വര്‍ഷങ്ങളെടുത്ത് സമഗ്രമായ രേഖ തയ്യാറാക്കി. തൊഴിലാളി പ്രസ്ഥാനത്തില്‍ ഇരുത്തം വന്ന വി.വി. ഗിരി രാഷ്ട്രപതിയായിരുന്ന കാലത്ത്, ബിഎംഎസിന്റെ വകയായി അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍  ഒരു നിവേദനം തയ്യാറാക്കി.

മറ്റു തൊഴിലാളി പ്രസ്ഥാനം അവകാശ പത്രിക നല്‍കാന്‍ പുറപ്പെടുന്ന സ്ഥാനത്ത്, വമ്പിച്ച ഒരു പ്രകടനമായി ബിഎംഎസ് പ്രവര്‍ത്തകര്‍ രാഷ്ട്രപതിഭവനില്‍ എത്തി, ഠേംഗ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം അതു വി.വി. ഗിരിക്കു സമര്‍പ്പിച്ചു. അവകാശ പത്രികയുടെ സ്ഥാനത്ത് അവര്‍ നല്‍കിയത് ബിഎംഎസിന്റെ പതിനാലു പ്രതിബദ്ധതകള്‍ എന്ന രേഖയായിരുന്നു. അതു വായിച്ച് രാഷ്ട്രപതിക്ക് ആനന്ദം നിറഞ്ഞ വിസ്മയമുണ്ടായി. സമരസജ്ജമായ തൊഴിലാളി പ്രസ്ഥാനം തങ്ങള്‍ക്ക് രാഷ്ട്രത്തോടുള്ള പ്രതിബദ്ധത അക്കമിട്ടു നിരത്തി ഉന്നയിക്കുന്നത് ആദ്യമായിരുന്നു.

ഈ പ്രതിബദ്ധത രാഷ്ട്രത്തോടും ജനങ്ങളോടുമായിരുന്നു. ഏതു തൊഴില്‍ തര്‍ക്കത്തിലും മുതലാളി-തൊഴിലാളി എന്ന രണ്ടുപക്ഷങ്ങളല്ല അദൃശ്യമായൊരു മൂന്നാംപക്ഷം കൂടിയുണ്ടെന്നും, അതാണ് രാഷ്ട്രമെന്നും, രാഷ്ട്ര താല്‍പ്പര്യത്തിനു ഹാനികരമായ കരാറിലേര്‍പ്പെടാന്‍ ഇരുവര്‍ക്കും അവകാശമില്ലെന്നുമായിരുന്നു ഠേംഗ്ഡിയുടെ കാഴ്ചപ്പാട്.

അധ്വാനിക്കുന്ന വര്‍ഗത്തിന്റെ മുന്നണിപ്പടയായാണ് തൊഴിലാളികളെ അവകാശമുന്നയിച്ച് സര്‍വരാജ്യത്തൊഴിലാളികളോട് ആഹ്വാനം ഉയര്‍ത്തി വന്ന കമ്മൂണിസ്റ്റ് സോഷ്യലിസ്റ്റ് തൊഴിലാളി സംഘടനകള്‍ക്ക് കാലത്തെ അതിജീവിക്കാന്‍ കഴിയുന്നില്ലെന്നു തെളിഞ്ഞു. അതേസമയം ബിഎംഎസ് ക്രമേണ വളര്‍ന്ന് ലോകതൊഴിലാളി സംഘടനയില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടി. അതി ന്റെ സമ്മേളനങ്ങളില്‍ അവര്‍ സമര്‍പ്പിച്ച പ്രബന്ധങ്ങള്‍ പാശ്ചാത്യര്‍ക്കു പുതിയ അറിവുകള്‍ നല്‍കി.

ബിഎംഎസിന്റെ വളര്‍ച്ചയില്‍ വിസ്മയം പൂണ്ട ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗം അവരെ അങ്ങോട്ട് ക്ഷണിച്ചു. ഠേംഗ്ഡിയുടെ നേതൃത്വത്തില്‍ അവിടെ പോയ സംഘം ബിഎംഎസിന്റെ മൗലിക കാഴ്ചപ്പാട് അവതരിപ്പിച്ചത് അവരെ വിസ്മയിപ്പിച്ചു. ബിഎംഎസിന്റെ ക്ഷണപ്രകാരം ചീനയില്‍നിന്ന് ഒരു പ്രതിനിധി സംഘം ദല്‍ഹിയിലും വന്നു മടങ്ങി.

ഠേംഗ്ഡിജിയുടെ പ്രതിഭ തൊഴിലാളിപ്രസ്ഥാനത്തിന്റെ രംഗത്തു സൃഷ്ടിച്ച അദ്ഭുതത്തിന്റെ ഒരു ഭാഗം വിവരിക്കുകയായിരുന്നു ഇവിടെ. അദ്ദേഹത്തിന്റെ മുദ്ര മറ്റനേകം രംഗങ്ങളില്‍ പതിഞ്ഞ കാര്യവും ശ്രദ്ധേയമാണ്. രാജ്യസഭാംഗമായിരുന്ന കാലത്ത് തന്റെ പഴയ കേരള ബന്ധം, കേരളത്തിലെ  സഭാംഗങ്ങളുമായി പരിചയപ്പെടാനും അവരുടെ ചിന്തകളെ സ്വാധീനിക്കാനും ഉപയോഗപ്പെടുത്തി. കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായ കെ. ദാമോദരന്‍ എഴുതിയ ഇന്ത്യയുടെ ആത്മാവ് എന്ന ചിന്തോദ്ദീപകമായ പുസ്തകത്തെക്കുറിച്ച് ഠേംഗ്ഡി പ്രകടിപ്പിച്ച അഭിപ്രായം അദ്ദേഹത്തെ സ്വാധീനിച്ചു. അതിന്റെ ഫലം ഗ്രന്ഥത്തെ വിപുലീകരിച്ച് ദാമോദരന്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ തോട്ട്' എന്ന ബൃഹദ് ഗ്രന്ഥത്തില്‍ നമുക്കു വായിക്കാം.

മറ്റൊരു സിപിഐ ചിന്തകനായ എം.ജി. ബൊക്കാറെയുമായി ഠേഗ്ഡി നടത്തിയ ചര്‍ച്ചകളുടെയും ആശയ വിനിമയത്തിന്റെയും ഫലമാണ് ഹിന്ദു ഇക്കണോമിക്‌സ് എന്ന പ്രശസ്ത ഗ്രന്ഥം. അതിനദ്ദേഹം എഴുതിയ 80 ലധികം പുറങ്ങളുള്ള അവതാരിക, ആ വിഷയത്തിന്റെ ഉജ്ജ്വലമായ വിശകലനമാണ്. ലോകത്ത്  നിലവിലുള്ള എല്ലാ സാമ്പത്തിക ദര്‍ശനങ്ങളുടെയും താരതമ്യ വിവേചനം അതിലുണ്ട്. ഭാരതീയ സാമ്പത്തിക ചിന്തയുടെ മേന്മ അതില്‍ സ്ഥാപിച്ചിരിക്കുന്നു.

പി. പരമേശ്വര്‍ജി ദല്‍ഹിയിലെ ദീനദയാല്‍ റിസേര്‍ച്ച് സെന്ററിന്റെ ഡയറക്ടറായിരുന്ന കാലത്ത് ഠേംഗ്ഡിയുമായി നടത്തിയ സുദീര്‍ഘമായ ആശയവിനിമയത്തിന്റെ ഫലമായി കേരളത്തില്‍ സുശക്തമായിനിന്ന ഹിന്ദുവിരുദ്ധ ചിന്താധാരകളെ ഫലപ്രദമായി നേരിടാന്‍ ഒരു ബൗദ്ധിക സ്ഥാപനം വേണമെന്ന ആശയം രൂപംകൊണ്ടു. പരമേശ്വര്‍ജി തിരുവനന്തപുരത്തു ഭാരതീയ വിചാരകേന്ദ്രം ആരംഭിക്കുന്നതിലേക്ക് അത് നയിച്ചു. വിചാരകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തപ്പെട്ട വിചാരസദസ്സുകളില്‍ ഠേംഗ്ഡി ചെയ്ത പ്രഭാഷണങ്ങള്‍, ആ മേധാശക്തിയെ തികച്ചും അനാവരണം ചെയ്യുന്നവയായിരുന്നു. നാഷണലിസ്റ്റ് പഴ്‌സ്യൂട്ട്, തേഡ്‌വേ എന്നീ പേരുകളിലുള്ള പുസ്തകങ്ങളില്‍ ആ പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അടിസ്ഥാനപരമായി സ്വയംസേവകനാണ് താന്‍ എന്ന ബോധ്യമാണ് അദ്ദേഹത്തെ ഈ നേട്ടങ്ങള്‍ക്കൊക്കെ കാരണക്കാരനാക്കിയതെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെ സംഘപ്രവര്‍ത്തകന്‍ എങ്ങനെയാകണം എന്നതിനെ പ്രതിപാദിക്കുന്ന കാര്യകര്‍ത്താ (മലയാളത്തില്‍ സംഘപ്രവര്‍ത്തകന്‍) എന്ന വിശിഷ്ട ഗ്രന്ഥവും അദ്ദേഹത്തിന്റേതായുണ്ട്. പണ്ഡിറ്റ് നെഹ്‌റുവിന്റെ സ്വപ്‌നമായിരുന്നല്ലോ സോവ്യറ്റ് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികള്‍. അതിന്റെ പരിണാമം ഭാരതത്തിന്റെ സാമ്പത്തികനില ആസൂത്രിതമായി ഉയര്‍ത്തുക എന്നതിനുപകരം താഴ്ത്തുകയാണു ചെയ്തത്. ഠേംഗ്ഡിജിയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി ദയാ കൃഷ്ണ രചിച്ച 'ഇന്ത്യാസ് പ്ലാന്‍ഡ് പോവര്‍ട്ടി' എന്ന ഗ്രന്ഥത്തിന് അദ്ദേഹം എഴുതിയ അവതാരിക വലിയ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്.

ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, ജനസംഘം, കിസാന്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച്, വിചാരകേന്ദ്രം തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തില്‍ ഠേംഗ്ഡിജി നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഭാവിയെ കാണാനുള്ള ദീര്‍ഘ ദര്‍ശിത്വവും അദ്ഭുതകരമാണ്. കമ്യൂണിസം സ്വയം മാറ്റുരയ്ക്കുമ്പോള്‍ എന്ന ചെറുപുസ്തകവും, 10 വര്‍ഷത്തിനകം സോവ്യറ്റ് യൂണിയന്‍ ഇല്ലാതാകുമെന്ന ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ശതാബ്ദി സംഗമത്തില്‍ 1988-ല്‍ ചെയ്ത പ്രഭാഷണത്തിലെ പ്രസ്താവവും അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനത്തിനു ദൃഷ്ടാന്തമാണ്.

ഠേംഗ്ഡിജിയുടെ വാങ്മയം നല്ല തോതില്‍ മലയാളികള്‍ക്ക് ലഭ്യമായി എന്നത് സന്തോഷകരമാണ്. ഇനിയും പ്രസിദ്ധീകൃതമാകാത്തവ സമാഹരിക്കാനും  ശ്രമം ചെയ്യേണ്ടതാണ്. ഇഎംഎസ്സിന്റെ പേരിലുള്ള ഈ ടൗണ്‍ഹാള്‍ ബിഎംഎസ് കയ്യടക്കിയത്, അദ്ദേഹത്തിന്റെ ആശയങ്ങളുടെ അകത്തളത്തിലേക്ക് സംഘാശയങ്ങളുടെ കടന്നുചെല്ലലിന്റെപ്രതീകമായും കാണേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.