തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിയുടെ പ്രശംസ

Saturday 25 May 2019 7:34 pm IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ പട്ടിക നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്.

കമ്മീഷന്റെ പ്രയത്‌നത്തെ രാഷ്ട്രപതി പ്രശംസിച്ചു. സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിനായി ജനവിധിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് സുരക്ഷയൊരുക്കിയ പോലീസിനും കേന്ദ്ര സേനകള്‍ക്കും പ്രചാരണത്തിനും പോളിങ്ങിനും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. 

രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പതിനാറാം ലോക്‌സഭ പിരിച്ചുവിടണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.

വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വ്യാജ ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. വിവിപാറ്റ് ആദ്യം എണ്ണണമെന്ന അസാധാരണ ആവശ്യം അനുവദിക്കാത്തതിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനെ കുറ്റപ്പെടുത്തി. എന്നാല്‍ വിവിപാറ്റും വോട്ടിങ് മെഷീനിലെ വോട്ടും തമ്മില്‍ വ്യത്യാസം ഉണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.