പ്രണയം പറയാത്ത പ്രണയചിത്രം

Sunday 26 May 2019 9:59 am IST

പേരില്‍ പ്രണയവും പ്രമേയത്തില്‍ സാമൂഹ്യ തിന്മകളും ഒളിപ്പിക്കുന്നു നവാഗതനായ അനുരാജ് മനോഹറിന്റെ ഇഷ്‌ക്. മ്യൂസിക്കല്‍ ലൗസ്റ്റോറി എന്ന ടാക് ലൈനോടെയാണ് ചിത്രം തീയേറ്ററിലെത്തിയതെങ്കിലും പ്രണയത്തിന്റെ കുളിരോ, മ്യൂസിക്കിന്റെ വശ്യതയോ ചിത്രത്തിലില്ല. പകരം പൊള്ളുന്ന സാമൂഹ്യ യഥാര്‍ത്ഥ്യങ്ങളിലേക്കാണ് ക്യാമറ തിരിച്ചുപിടിക്കുന്നത്. പരിമിത കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രം രണ്ടോമുന്നോ ദിവസത്തെ കഥയാണ് പറയുന്നത്.

സച്ചി തന്റെ കാമുകി വസുതയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിന് അവരെയും കൂട്ടി കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ്. രാത്രിയുടെ ഏകാന്തതയില്‍ പ്രണയം വികാരത്തിന് വഴിമാറുമ്പോള്‍ അവര്‍ ഒരു ഹോസ്പിറ്റലിന്റെ പാര്‍ക്കിങ്ങ് ഏരിയായില്‍ കാര്‍ ഒതുക്കുന്നു. യൗവ്വനത്തിന്റെ ചൂടില്‍ പരസ്പരം പ്രണയം പങ്കുവെയ്ക്കുമ്പോള്‍ സദാചാരത്തിന്റെ നിഴല്‍ അവര്‍ക്ക് മുകളില്‍ പതിക്കുന്നു. അവിടെനിന്നും ചിത്രം സംഘര്‍ഷഭരിതമാകുന്നു. തങ്ങള്‍ പോലീസാണെന്ന് പരിചയപ്പെടുത്തി രണ്ടുപേര്‍ അവര്‍ക്കടുത്തേക്ക്, ആല്‍വിനും മുകുന്ദനും. പിന്നെ സദാചാര പോലീസിങ്ങിന്റെ രാത്രി. ആ രാത്രിക്ക് സച്ചി അതേ നാണയത്തില്‍ പ്രതികാരം ചെയ്യുന്നു. 

സദാചാര പോലീസെന്ന സാമൂഹ്യ വിപത്തിനെ ചിത്രം പ്രമേയമാക്കുമ്പോള്‍ അത് സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ്. ആദ്യപകുതിയിലെ സദാചാര പോലീസിങ് പ്രേക്ഷകരെ വിരസതയിലേക്ക് നയിക്കുന്നുണ്ട്. 'എസ് ദുര്‍ഗ്ഗ' എന്ന ചിത്രത്തിനു പിന്നാലെ ഇഷ്‌ക് എത്തിയതാവാം അതിന് കാരണം. ചിത്രീകരണത്തില്‍ ന്യൂജന്‍ ട്രെന്റ് നിലനിര്‍ത്താനുള്ള സംവിധായകന്റെ ശ്രമം പലയിടത്തും പാളുന്നുണ്ട്.  എന്നാല്‍ രണ്ടാം പകുതിയുടെ അവതരണത്തില്‍ സംവിധായകന്റെ കൈയടക്കം പ്രകടമാണ്. 

ഷൈന്‍ നിഗമും ഷൈന്‍ ടോം ചാക്കോയും മത്സരിച്ചഭിനയിക്കുമ്പോള്‍ ഓരോ നിമിഷവും ആകര്‍ഷണീയം തന്നെ. ഒരു ഇടവേളയ്ക്കുശേഷം ഷൈന്‍ ടോം ചാക്കോ മികച്ച പ്രകടനത്തോടെ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

സദാചാര പോലീസിങ്ങിനിറങ്ങുന്നവര്‍ക്കുനേരെ കൈചൂണ്ടുന്ന ചിത്രം അവര്‍ക്കും ഒരു കുടുംബമുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു. ഇരകള്‍ അനുഭവിക്കുന്ന മാനസികപീഡനവും പില്‍ക്കാല ജീവിതവും ചര്‍ച്ചചെയ്യുന്നുമുണ്ട് ചിത്രം. സദാചാര പോലീസുകാരെ മാത്രമല്ല, മറിച്ച് ഇരയാക്കപ്പെടുന്ന പുരുഷന്റെ സദാചാരബോധത്തെയും പരിഹസിക്കുന്നു. പുരുഷകേന്ദ്രീകൃതമായാണ് ചിത്രം പുരോഗമിക്കുന്നതെങ്കിലും സ്ത്രീപക്ഷം ചേര്‍ന്നാണ് അവസാനിക്കുന്നത്.  എല്ലാ പുരുഷനിലേയും സദാചാരത്തിനുനേരെ കാര്‍ക്കിച്ച് തുപ്പുകയാണ് സംവിധായകന്‍. 

സദാചാര രാത്രിയിലെ കാമുകിയുടെ സ്വഭാവശുദ്ധിയെ സംശയിക്കുന്ന നായകന്‍ അതിന് ഉത്തരം തേടി പ്രതികാരത്തിനിറങ്ങുന്നു. സദാചാര രാത്രിയിലില്ലാത്ത ആണത്തം തന്റെ ശുദ്ധിയില്‍ സംശയം തോന്നിയപ്പോള്‍ എങ്ങനെ ഉണ്ടായി എന്ന ചോദ്യം എല്ലാ പുരുഷ സദാചാര സിംഹങ്ങള്‍ക്കും നേരെയുള്ള ഒളിയമ്പാണ്. 

തിരക്കഥയിലെ കൃത്യതയും സംവിധാനത്തിലെ ചടുലതയും അഭിനയത്തിലെ മികവും ചിത്രം പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകര്‍ഷിക്കും. ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എ.വി. അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

പുരുഷകേന്ദ്രീകൃതമായ സ്ത്രീപക്ഷ സിനിമ- അതാണ് ഇഷ്‌ക്. പ്രണയമല്ല കരുതലാണ് സ്ത്രീക്കാവശ്യമെന്ന് പറയുന്നു ചിത്രം. ശക്തമായ സാമൂഹ്യവിമര്‍ശനമാണ് ഈ ചിത്രം നടത്തുന്നത്. പ്രണയം പറയാത്ത പ്രണയ ചിത്രത്തെ പ്രേക്ഷകര്‍ പ്രണയിക്കുമെന്നുറപ്പ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.