ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശ്രീധരൻ പിള്ള വക്കീൽനോട്ടീസ് അയച്ചു

Saturday 25 May 2019 8:28 pm IST

തിരുവനന്തപുരം: അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമായ വാർത്ത കെട്ടിച്ചമച്ചും പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന് ഏഷ്യാനെറ്റ് ന്യൂസിനെതിരെ  ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള വക്കീൽനോട്ടീസ് അയച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും വെബ് പേജിലും ഈ മാസം 20നും 24നും ശ്രീധരൻ പിള്ളയുടെ പ്രസ്താവനയെന്ന പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻപിള്ളയുടെ അഭിഭാഷകൻ ജോസഫ് തോമസാണ് ഏഷ്യാനെറ്റിന് നോട്ടീസയച്ചത്. 

20ന് പ്രസിദ്ധീകരിച്ച 'പത്തനംതിട്ടയിൽ നെഗറ്റീവ് ചിന്ത ഉണ്ടായി', 'ബിജെപി വോട്ടുകൾ യുഡിഎഫിന് പോയിരിക്കാം', 'ഫലത്തിനു മുൻപേ പൊട്ടലും ചീറ്റലും', 'പത്തനംതിട്ടയെ ചൊല്ലി വീണ്ടും വിവാദം', 'സുരേന്ദ്രന്റെ തോൽവി സൂചിപ്പിച്ച് ശ്രീധരൻപിള്ള' എന്നിങ്ങനെ അഞ്ച് വാർത്തകൾ വ്യാജമാണെന്നും കൃത്രിമമായി മെനഞ്ഞെടുത്തതാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

24ന് പുറത്തുവന്ന 'പാർട്ടി തീരുമാനം മറികടന്നുള്ള ആർഎസ്എസിന്റെ ഇടപെടലാണ് തോൽവിക്ക് കാരണമെന്ന് ശ്രീധരൻ പിള്ള' എന്ന ഏഷ്യാനെറ്റ് വാർത്ത അദ്ദേഹം നിഷേധിച്ചു. അന്നേ ദിവസം പുറത്തു വന്ന 'തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താൻ മത്സരിച്ചിരുന്നെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ കിട്ടുമെന്നായിരുന്നു എന്നാണ് ശ്രീധരൻപിള്ളയുടെ വാദം' എന്ന വാർത്തയും വ്യാജമാണെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി. 

അപകീർത്തികരമായ ഈ വാർത്തകൾ പിൻവലിച്ച് ഏഷ്യാനെറ്റ് ചാനലിലും വെബ് പേജിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും നൽകി മാപ്പ് പറയണമെന്നും അതിന് തയ്യാറാകാത്ത പക്ഷം ഒറ്റക്കും കൂട്ടായും സിവിലായും ക്രിമിനലായും നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

ഏഷ്യാനെറ്റ് ഡയറക്ടർമാരെ പ്രതിനിധീകരിക്കുന്ന ജുപീറ്റർ ക്യാപിറ്റൽ, സിഇഒ അമിത് ഗുപ്ത, ചീഫ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ, റിപ്പോർട്ടർമാരായ കെ.ജി കമലേഷ്, സാനിയ എന്നിവർക്കാണ് ശ്രീധരൻപിള്ള നോട്ടീസയച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.