മൂന്നാറില്‍ കൈയേറ്റത്തിന് കെഎസ്ഇബി ഒത്താശ

Sunday 26 May 2019 7:00 am IST

ഇടുക്കി: മൂന്നാറിലെ കൈയേറ്റ മാഫിയയ്ക്ക് ഒത്താശ പാടി വൈദ്യുതി വകുപ്പ്. വന്‍കിട കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് നിര്‍ബന്ധമായിരുന്ന റവന്യൂ വകുപ്പ് എന്‍ഒസി ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഉത്തരവിലൂടെ എടുത്തു കളഞ്ഞു. അപേക്ഷയുമായി വരുന്ന എല്ലാ കെട്ടടിങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കാനാണ് ഡോ.ബി. അശോകിന്റെ ഉത്തരവില്‍ പറയുന്നത്.

ഇത്തരത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് നിയമവിരുദ്ധമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ വ്യക്തമാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ഉത്തരവിനെതിരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണന്‍ദേവന്‍ ഹില്‍സ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തമ്പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍, ആനവിലാസം എന്നിങ്ങനെ ഏഴ് വില്ലേജുകളിലാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് നിലനിന്നിരുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളം സബ് കളക്ടറായിരിക്കെയാണ് റവന്യൂ എന്‍ഒസി നിര്‍ബന്ധമാക്കിയത്. ഇതിനെതിരെ അന്ന് സിപിഎം ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനിറങ്ങി. പിന്നീട് വന്‍കിട ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാത്രം നിയമം ബാധകമാക്കി ഉത്തരവ് തിരുത്തി. ഈ ഉത്തരവിലാണ് കെഎസ്ഇബി വെള്ളം ചേര്‍ത്തത്. 

കെഎസ്ഇബി നല്‍കുന്ന വൈദ്യുതി കണക്ഷനും പഞ്ചായത്ത് നല്‍കുന്ന ബില്‍ഡിങ് പെര്‍മിറ്റും കോടതിയില്‍ ഹാജരാക്കിയാണ് കൈയേറിയ ഭൂമിയിലെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നത്. കൂടുതല്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷനുകള്‍ ഉപയോഗിക്കുന്നത് ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ്. ഇത് വലിയ തോതില്‍ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന ന്യായമാണ് ഉത്തരവിന് കാരണമായി സെക്രട്ടറി പറയുന്നത്. റവന്യൂ വകുപ്പ് അവകാശവാദം ഉന്നയിക്കുന്ന മുറയ്ക്ക് സ്വന്തം ചെലവില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.