രോഗികള്‍ക്ക് തീവണ്ടികളില്‍ പ്രതേ്യക പരിഗണന

Sunday 26 May 2019 7:10 am IST

തിരുവനന്തപുരം: ആര്‍എസി യാത്രികര്‍ക്ക് നല്‍കിയ ശേഷം ഒഴിവുള്ള ബര്‍ത്തുകളില്‍ രോഗികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ടിടിഇമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റയില്‍വേ ബോര്‍ഡ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്റെ നിര്‍ദേശാനുസരണമാണ് നടപടി.

ഹൃദ്‌രോഗിയായ കുഞ്ഞിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ സ്വദേശിനിയായ അമ്മയ്ക്ക് ബര്‍ത്ത് നിഷേധിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സ്വമേധയാ കേസെടുത്തിരുന്നു. രോഗികള്‍ക്കും അവരോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്കും അടിയന്തിര സന്ദര്‍ഭങ്ങളില്‍ ബര്‍ത്ത് വേണമെന്നും കൃത്യമായ റിസര്‍വേഷന്‍ നയത്തിന് രൂപം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പുറത്തിറക്കിയ പുതിയ റിസര്‍വേഷന്‍ നയത്തിലുള്ള പ്രധാന തീരുമാനങ്ങള്‍ ഇവയാണ്. 

ദീര്‍ഘദൂര തീവണ്ടികളില്‍ ഒറ്റയ്‌ക്കോ കൂട്ടമായോ സഞ്ചരിക്കുന്ന വനിതായാത്രികര്‍ക്ക് സ്ലീപ്പര്‍ ക്ലാസ്സില്‍  ആറു ബര്‍ത്ത് നീക്കിവയ്ക്കും. രാജധാനി പോലുള്ള തീവണ്ടികളില്‍ തേഡ് എസിയില്‍ ആറ് ബര്‍ത്ത് മാറ്റി വയ്ക്കും. 

സ്ലീപ്പര്‍ ക്ലാസ്സില്‍ ആറു മുതല്‍ ഏഴു വരെയും തേഡ് എസി കോച്ചില്‍ നാലു മുതല്‍ അഞ്ചു വരെയും സെക്കന്‍ഡ് എസിയില്‍ മൂന്നു മുതല്‍ നാലുവരെയും ലോവര്‍ ബര്‍ത്തുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍, 45 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതാ യാത്രക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് നീക്കിവയ്ക്കും.

പ്രതേ്യക തീവണ്ടികളില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ക്യാന്‍സര്‍ പേഷ്യന്റ് ക്വാട്ട നടപ്പിലാക്കും. സൗജന്യ റെയില്‍വേ നിരക്കില്‍ യാത്ര ചെയ്യുന്ന ക്യാന്‍സര്‍ രോഗിക്കും സഹായിക്കും സ്ലീപ്പറില്‍ നാലും എസി, ഫസ്റ്റ് ക്ലാസ്സ് കോച്ചുകളില്‍ രണ്ടുവീതവും ബര്‍ത്തുകള്‍ എമര്‍ജന്‍സി ക്വാട്ടയില്‍ നിന്നും നീക്കിവയ്ക്കും.  

സൗജന്യ റയില്‍വേ നിരക്കില്‍ യാത്ര ചെയ്യുന്ന അംഗപരിമിതര്‍ക്ക് സ്ലീപ്പര്‍ ക്ലാസ്സില്‍ നാലും എസി കോച്ചില്‍ രണ്ടും ബര്‍ത്തുകള്‍ നീക്കി വയ്ക്കും. അംഗപരിമിതനൊപ്പം സഞ്ചരിക്കുന്ന സഹായിക്കും ഇതേ സൗജന്യം ലഭിക്കും.

രോഗികള്‍ക്കും ജോലിക്കുള്ള അഭിമുഖപരീക്ഷയ്ക്കും പോകുന്നവര്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ പ്രതേ്യക പരിഗണന നല്‍കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് താഴത്തെ ബര്‍ത്ത് ഉണ്ടെങ്കില്‍ അനുവദിക്കും.  

റിസര്‍വ് ചെയ്യുമ്പോള്‍ മുകളിലുള്ള ബര്‍ത്ത് ലഭിച്ച മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് താഴത്തെ ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ അനുവദിക്കാന്‍ ടിടിഇക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

റെയില്‍വേ ബോര്‍ഡ് ഡയറക്ടര്‍ (പാസഞ്ചര്‍ മാര്‍ക്കറ്റിങ്) ഷെല്ലി ശ്രീവാസ്തവ  കമ്മീഷനെ അറിയിച്ചതാണ് ഇക്കാര്യം.  സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിനു പുറമെ ഫാദര്‍ എബ്രഹാം കല്ലിച്ചേത്തും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.