ഇടതിനെ തകര്‍ത്തത് പിണറായി ലൈന്‍; പൂച്ചയ്ക്ക് ആര് മണികെട്ടും...?

Sunday 26 May 2019 8:07 am IST

ആലപ്പുഴ: 'ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുണ്ടാകും, ജനങ്ങളുണ്ടാകില്ല' അന്തരിച്ച ഇടതു ചിന്തകന്‍ പ്രൊഫ.എം.എന്‍. വിജയന്‍ മുന്‍പ് സിപിഎം നേതൃത്വത്തോട് പറഞ്ഞ വാചകമാണിത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും, ഇടതുമുന്നണിയെയും ദയനീയ പരാജയത്തിലേക്ക് നയിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് ഓരോ സഖാവും ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണിത്. പക്ഷെ, പാര്‍ട്ടി ഘടകങ്ങളില്‍ പോലും പിണറായി ലൈനിനെ വിമര്‍ശിക്കാന്‍ നേതാക്കളാരുമില്ല. വിഎസിന്റെ പ്രതാപകാലം കഴിഞ്ഞതോടെ പാര്‍ട്ടിയെന്നാല്‍ പിണറായി വിജയനും, പിണറായിയെന്നാല്‍ പാര്‍ട്ടിയും എന്നായി മാറി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിലേക്ക് പാര്‍ട്ടിയേയും മുന്നണിയെയും നയിച്ചതില്‍ പ്രധാനഘടകം ശബരിമല വിഷയമാണെന്ന് മറ്റാരേക്കാളും സഖാക്കള്‍ക്ക് അറിയാം. പക്ഷെ പുറത്തുപറയാനോ, പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാനോ ആരും തയാറില്ല. മോദി വിരോധം, ന്യൂനപക്ഷ ഏകീകരണം തുടങ്ങി ബാഹ്യകാര്യങ്ങള്‍ പറഞ്ഞ് പിണറായിയെയും അദ്ദേഹത്തിന് ഏറാന്‍മൂളികളായി മാറിയ സംസ്ഥാന നേതൃത്വത്തെയും സംരക്ഷിക്കുകയെന്നത് മാത്രമായി അവലോകന യോഗങ്ങളും, പാര്‍ട്ടി കമ്മിറ്റികളും മാറുന്നു.

ശബരിമല വിഷയം പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ചയായി വരാന്‍ സാദ്ധ്യതയില്ല. അത്തരമൊരു നിരീക്ഷണം പിണറായിയുടെ നിലപാട് തള്ളുന്നതാകുമെന്നതുകൊണ്ടുതന്നെ, ശബരിമലയെ പുറത്തുനിര്‍ത്തിയുള്ള പരിശോധനയാകും സിപിഎം നടത്തുക. പാര്‍ട്ടി കോട്ടകളില്‍പ്പോലും ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷം. സ്ത്രീകള്‍ കൂടുതലായി വോട്ടുചെയ്ത സ്ഥലങ്ങളില്‍ ഇടതുമുന്നണിക്ക് വന്‍ തിരിച്ചടി.  ഇതെല്ലാം ശബരിമല വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാരും കാണിച്ച തിടുക്കം തിരിച്ചടിച്ചതാണെന്ന് രഹസ്യമായി ചില നേതാക്കള്‍ സമ്മതിക്കുന്നു. 

തെരഞ്ഞെടുപ്പ് കാലത്ത് പിണറായി കുടുംബസമേതം നടത്തിയ യൂറോപ്യന്‍ യാത്രയും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇന്ത്യയിലെ അവശേഷിക്കുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി പാര്‍ട്ടി മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലൊന്നും തെരഞ്ഞടുപ്പ് പ്രചാരണത്തിന് പോകാന്‍ കൂട്ടാക്കിയില്ല. തമിഴ്നാട്ടില്‍ ഇടതുപക്ഷം മത്സരിക്കുന്ന നാല് സീറ്റില്‍ ഒരു യോഗത്തിലെങ്കിലും പങ്കെടുത്ത് അവര്‍ക്ക് ആവേശം പകരാന്‍ പിണറായി തയാറായില്ല. പിണറായി പ്രചാരണത്തിന് പോകാതിരുന്നതിനാല്‍  തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥികളെങ്കിലും ജയിച്ചു കയറിയെന്നും അവര്‍ പരിഹാസ രൂപേണ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി മുന്നില്‍നിന്ന് നയിച്ച ആദ്യ തെരഞ്ഞടുപ്പില്‍ തന്നെ പാര്‍ട്ടിയും മുന്നണിയും തകര്‍ന്നടിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുതല്‍ പ്രചാരണത്തിന്റെ അവസാനഘട്ടം വരെ തന്റെ തീരുമാനങ്ങള്‍ ഇടതുമുന്നണിയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വടകരയില്‍ പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത് കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാക്കാന്‍ ഇടയാക്കുമെന്ന് വ്യക്തമായിരുന്നു. പി.വി. അന്‍വറിനേയും, ജോയ്‌സ് ജോര്‍ജിനെയും സ്ഥാനാര്‍ത്ഥിയാക്കിയതും പിണറായിയുടെ കടുത്ത നിലപാട് കാരണമായിരുന്നു. ഇതോടെ അഴിമതി വിരുദ്ധതയും പൊളിഞ്ഞു വീണു. 

സ്ഥാനമാനങ്ങള്‍ കൈയടക്കാന്‍ തക്കംപാര്‍ത്ത് ചുറ്റും നിഴല്‍പോലെ പറ്റിക്കൂടി നില്‍ക്കുന്നവരുടെ പുകഴ്ത്തലില്‍ മതിമറന്ന് നവോത്ഥാന നായകനാകാന്‍ വിശ്വാസി സമൂഹത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പോലും തള്ളിപ്പറഞ്ഞ പിണറായിയാണ് തോല്‍വിയുടെ ഒന്നാം പ്രതിയെന്ന് സഖാക്കള്‍ പറഞ്ഞു തുടങ്ങി. പക്ഷെ തുറന്നു പറയാനുള്ള ധൈര്യം ആര്‍ക്കുമില്ല, പൂച്ചയ്ക്ക് മണികെട്ടാന്‍ വൈകുന്നതിന് അനുസരിച്ച് ജനം പാര്‍ട്ടിയെ സമ്പൂര്‍ണമായി തിരസ്‌ക്കരിക്കുമെന്നാണ് അണികളുടെ അടക്കംപറച്ചില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.