രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷമാകും

Sunday 26 May 2019 8:33 am IST

ന്യൂദല്‍ഹി: വന്‍ വിജയത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന് ആശങ്ക പകര്‍ന്ന് മറ്റൊരു വാര്‍ത്ത കൂടി. 2020 നവംബറോടെ എന്‍ഡിഎയ്ക്ക് രാജ്യസഭയിലും ഭൂരിപക്ഷമാകും. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ 123 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ 101 അംഗങ്ങളാണ് എന്‍ഡിഎയ്ക്കുള്ളത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളായ മേരി കോം, സ്വപന്‍ ദാസ് ഗുപ്ത, നരേന്ദ്ര ജാദവ്, മൂന്ന് സ്വതന്ത്ര അംഗങ്ങള്‍ എന്നിവരുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ വര്‍ഷം അംഗസംഖ്യയില്‍ ബിജെപി കോണ്‍ഗ്രസിനെ മറികടന്നിരുന്നു.

യുപിഎ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത കെ.ടി.എസ്. തുള്‍സിയുടെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കുന്നതോടെ ഒരു അംഗത്തെ സര്‍ക്കാരിന് കൂടുതല്‍ ലഭിക്കും. 19 പുതിയ രാജ്യസഭാംഗങ്ങളും എന്‍ഡിയ്ക്കുണ്ടാകും. 310 എംഎല്‍എമാരുള്ള യുപിയില്‍ നിന്നാകും കൂടുതല്‍ അംഗങ്ങളെ ലഭിക്കുക.  തമിഴ്‌നാട് (ആറ്), അസം (മൂന്ന്), രാജസ്ഥാന്‍ (രണ്ട്) കര്‍ണാടക, മിസോറാം, മേഘാലയ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് (ഓരോന്ന് വീതം) സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭാംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിക്കുന്നതോടെ അംഗസംഖ്യം 125 ആകും.  

അടുത്ത വര്‍ഷം നവംബര്‍ വരെ 75 രാജ്യസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അംഗങ്ങളെ നഷ്ടപ്പെടുമെങ്കിലും എന്‍ഡിഎയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ല. ഈ വര്‍ഷം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയമുണ്ടായാല്‍ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. നിലവില്‍ പ്രതിപക്ഷത്തിന് ആധിപത്യമുള്ള രാജ്യസഭയില്‍ മുത്തലാഖ്, പൗരത്വ ഭേദഗതി, മോട്ടോര്‍ വാഹന നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട പല സുപ്രധാന ബില്ലുകളും പാസാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.