രാഹുലിന്റെയും മമതയുടെയും രാജിനാടകം

Sunday 26 May 2019 8:36 am IST

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖം രക്ഷിക്കാന്‍ രാജിനാടകവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചെന്നും പാര്‍ട്ടി ഐക്യകണ്‌ഠേന നിരസിച്ചെന്നും പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജ്ജേവാല പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചെന്നും എന്നാല്‍ പാര്‍ട്ടി അനുവദിച്ചില്ലെന്നും മമത അവകാശപ്പെട്ടു. 

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഹുല്‍ രാജി സന്നദ്ധത അറിയുച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ നല്‍കിയിരുന്നു. പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ രാജി ആവര്‍ത്തിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ പരിഗണിക്കാമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ രാഹുല്‍ എതിര്‍ത്തു. സഹോദരിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്ന് പറഞ്ഞ രാഹുല്‍ നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവരെയും പരിഗണിക്കാമെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ ചര്‍ച്ച അവസാനിച്ചു. നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് രാഹുലിനെ രക്ഷിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആസൂത്രണം ചെയ്ത നാടകമാണ് രാജിയെന്ന് ഇതോടെ വ്യക്തമായി. 

പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് പ്രവര്‍ത്തകസമിതി രാഹുലിനെ ചുമതലപ്പെടുത്തിയെന്ന് സുര്‍ജ്ജേവാല പറഞ്ഞു. രാഹുലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് പുറമെ അധ്യക്ഷന്‍ അമേത്തിയില്‍ തോറ്റു. അഴിച്ചുപണിയുണ്ടെങ്കില്‍ ആദ്യം മാറേണ്ടത് രാഹുല്‍ തന്നെയല്ലേയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ചോദ്യം. പതിവ് പോലെ രാഹുലിനെ സംരക്ഷിക്കുകയും മറ്റ് നേതാക്കളെ ബലിയാടാക്കുകയുമാണ് ലക്ഷ്യമെന്നും ഇവര്‍ ആരോപിക്കുന്നു. ഫലത്തില്‍ പരാജയം വിലയിരുത്താനുള്ള പ്രവര്‍ത്തകസമിതി യോഗം രാഹുലിന് സംരക്ഷണമൊരുക്കി പിരിഞ്ഞു. പത്രസമ്മേളനത്തില്‍ രാഹുല്‍ പങ്കെടുത്തില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.