പിണറായിക്കെതിരെ പ്രതിഷേധം ഉയരുന്നു

Sunday 26 May 2019 8:30 am IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം തേടുമ്പോള്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യക്ഷമായും പരോക്ഷമായും തള്ളി സിപിഎമ്മിനുള്ളില്‍ നിന്ന് പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമലയാണെന്നു തിരിച്ചറിഞ്ഞെങ്കിലും ഇന്നലെ മുഖ്യമന്ത്രി അതു തള്ളി. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായമാണ് മന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും മെഴ്‌സിക്കുട്ടിയമ്മയും സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പ്രകടിപ്പിക്കുന്നത്.    

തോല്‍വിക്കു കാരണം ശബരിമല വിഷയമല്ലെന്ന് ഇന്നലെ പിണറായി തീര്‍ത്തു പറഞ്ഞു. വിശ്വാസികള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാത്തതാണ്  കാരണമെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു.  അതിനാല്‍ ജനങ്ങള്‍ വോട്ട്  കോണ്‍ഗ്രസിന് കൊടുത്തു. അതും തിരിച്ചടിയായി, പിണറായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. 

തോല്‍വിക്ക് കാരണം ശബരിമല തന്നെയാണെന്നും എന്നാല്‍ തുറന്ന ചര്‍ച്ചയില്‍ ഇത് പ്രകടിപ്പിക്കരുതെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് മറുപടി പറയേണ്ടത് എഴുതി തയാറാക്കി എല്ലാ അംഗങ്ങള്‍ക്കും നല്‍കി.  മാധ്യമങ്ങള്‍ ആരാഞ്ഞാല്‍ എല്ലാ പേരും ഒരേ ഉത്തരം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശവും പിണറായി നല്‍കി. എന്നാല്‍  മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ പാടേ തള്ളി  പരാജയകാരണം ശബരിമല തന്നെയെന്ന  അഭിപ്രായവുമായി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ രംഗത്ത് വന്നു. 

തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെയാണ് തന്റെ അഭിപ്രായം തുറന്നടിച്ചത്. ശബരിമല പ്രശ്‌നത്തില്‍ സിപിഎമ്മിനെതിരായി സംഭവിച്ച അടിയൊഴുക്ക് പ്രചരണകാലത്ത് തിരിച്ചറിയാന്‍ കഴിയൊതെ പോയത് വീഴ്ചയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഐസക് തുറന്നടിച്ചു. തിരിച്ചടി താത്ക്കാലികമാണെന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍ അങ്ങിനെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ കടുത്ത സ്വയം വിമര്‍ശനത്തോടെ പരിഹരിച്ചില്ലെങ്കില്‍ കരകയറാന്‍ കഴിയില്ല എന്ന മുന്നറിയിപ്പാണ് തോമസ് ഐസക് നല്‍കുന്നത്. 

 പരാജയ കാരണം ശബരിമല വിഷയം തന്നെയെന്ന് ആനത്തലവട്ടം ആനന്ദന്‍ ടിവി ചര്‍ച്ചിയിലൂടെയും തുറന്നടിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ച പോലെ ആകാതെ,  അടുത്തയാഴ്ചത്തെ സംസ്ഥാന സമിതിയില്‍ തോല്‍വി തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന സൂചനയാണ് ഇരുവരും നല്‍കുന്നത്. തോല്‍വിക്കു കാരണം ശബരിമല തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. 

പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുന്നു എന്ന് കണ്ടപ്പോഴാണ് പിണറായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നു മുഖ്യമന്ത്രി താന്‍ പാര്‍ട്ടിക്ക് അതീതനാണെന്നും അത് ആരും ചോദ്യം ചെയ്യരുതെന്ന താക്കീതും  നല്‍കുന്ന തരത്തിലുള്ള മറുപടിയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.