ഡയാന രാജകുമാരിയുടേത് അപകടമരണം അല്ലെന്ന് വെളിപ്പെടുത്തല്‍

Sunday 26 May 2019 10:53 am IST

പാരീസ് : ഡയാന രാജകുമാരിയുടേയും സുഹൃത്തിന്റേയും അപകടമരണം ആയിരുന്നില്ലെന്ന് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. ഡയാനയും സുഹൃത്തും കാറില്‍ സഞ്ചരിക്കുന്നതിനിടെ പാപ്പരാസികള്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഇരുവരും കൊല്ലപ്പെട്ടെന്നാണ് വാര്‍ത്തകള്‍ പരന്നിരുന്നത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് ദൃക്സാക്ഷികളായ റോബിന്‍, ജാക്ക് ഫയര്‍സ്റ്റോണ്‍ എന്നിവരുടെ വെളിപ്പെടുത്തല്‍. 

അപകടം നടക്കുമ്പോള്‍ അവിടെ രണ്ട് കറുത്ത കാറുകള്‍ ഉണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ ഇവ അപ്രത്യക്ഷമായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും ജാക്കും റോബിനും വെളിപ്പെടുത്തി. 1997 ഓഗസ്റ്റ് 31-ന് പാരീസിലെ പോണ്ട് ദെ ലാമ ടണലില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ഡയാന രാജകുമാരിയും സുഹൃത്ത് ദോദി ഫയേദും ഡ്രൈവര്‍ ഹെന്റി പോളും കൊല്ലപ്പെട്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന മേഴ്സിഡസ് എസ്280 കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, അത് വെറുമൊരു അപകടമായിരുന്നില്ലെന്നാണ് ജാക്കിന്റെയും റോബിന്റെയും വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. 

താമസിച്ചിരുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ജാക്കും റോബിനും. ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്സി ടണലിനുള്ളിലേക്ക് കടക്കുമ്പോള്‍, ഡയാനയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന് ഏതാനും മിനിറ്റുകളേ ആയിരുന്നുള്ളൂ. തകര്‍ന്ന കാറിന് സമീപം സംശയമുളവാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്ത രണ്ട് കറുത്ത കാറുകള്‍കൂടിയുണ്ടായിരുന്നതായി ഇവര്‍ പറയുന്നു. അപകടം സംഭവിച്ചുവെന്നല്ലാതെ, പിറ്റേന്ന് വാര്‍ത്തകള്‍ വായിക്കുന്നതുവരെ അതിനുള്ളില്‍ ഡയാനയായിരുന്നുവെന്ന് ഇവര്‍ക്ക് മനസ്സിലായിരുന്നില്ല.

ഈ വിവരം പിറ്റേന്നുതന്നെ ജാക്കും റോബിനും ഫ്രഞ്ച് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കാറുകളെക്കുറിച്ച് ആലോചിക്കേണ്ടെന്നുമായിരുന്നു പോലീസ് അന്ന് മറുപടി നല്‍കിയത്. ലോകത്തേറ്റവും പ്രശസ്തയായ യുവതി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മൊഴി നല്‍കിയിട്ടും പോലീസ് അത് കേള്‍ക്കാന്‍ തയ്യാറായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ വെളിപ്പെടുത്തല്‍ നടത്തിയതിന് ജീവന്‍പോലും അപകടത്തിലായേക്കുമെന്ന് ഭയക്കുന്നതായും അവര്‍ സൂചിപ്പിച്ചു.

സംഭവത്തിന് ദൃക്സാക്ഷികളെന്ന നിലയ്ക്ക് രേഖപ്പെടുത്തിയിട്ടും തെളിവെടുപ്പിനുപോലും ഇവരെ ഫ്രഞ്ച് പോലീസോ ബ്രിട്ടീഷ് പോലീസോ സമീപിച്ചില്ല. പപ്പരാസികള്‍ പിന്തുടര്‍ന്നതാണ് ഡയാന രാജകുമാരിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണെമന്നാണ് കരുതിയിരുന്നത്. ഒമ്പത് ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരേയും ഒരു റിപ്പോര്‍ട്ടര്‍ക്കെതിരേയും കേസുമെടുത്തിരുന്നു. എന്നാല്‍, 1999 സെപ്തംബറില്‍ ഫ്രഞ്ച് ജഡ്ജി ഹെര്‍വ് സ്റ്റീഫന്‍ ഇവരെ കുറ്റവിമുക്തരാക്കി. കാറോടിച്ചിരുന്ന ഹെന്റി പോള്‍ അമിതമായ തോതില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നുവെന്നും കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും അതാണ് അപകടകാരണമെന്നും ജഡ്ജി വിധിച്ചു.

പിന്നീട് 2007- ലാണ് ബ്രിട്ടീഷ് പോലീസ് ലണ്ടനില്‍ നടന്ന തെളിവെടുപ്പില്‍ ഇവരെ വിളിച്ചത്. ഏതാനും മാസത്തിനുശേഷം ശേഷിച്ച തെളിവെടുപ്പ് ജഡ്ജിയുടെ മുന്നിലാകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ആ സമയത്ത് ദോദി ഫയേദിന്റെ അച്ഛന്‍ മുഹമ്മദ് ഫയേദ് ജാക്കിനേയും റോബിനേയും സമീപിച്ചിരുന്നു. ഇരുവരുടേയും അപകട മരണമല്ല മറിച്ച് കൊലപാതകമാണെന്ന് മുഹമ്മദ് ഫയേദ് വിശ്വസിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫയേദിന്റെ നിയമവിദഗ്ദ്ധര്‍ ജാക്കിനെയും റോബിനെയും ന്യുയോര്‍ക്കിലെത്തി കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.