ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല: നേതൃസമ്മേളനം

Saturday 1 December 2012 10:46 pm IST

കോട്ടയം: ഹിന്ദുസമൂഹത്തെ ഭിന്നിപ്പിച്ച്‌ അവകാശങ്ങള്‍ ന്യൂനപക്ഷമതസമൂഹങ്ങള്‍ക്ക്‌ വീതം വയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ അനുവദിക്കില്ലെന്ന്‌ സാമൂഹ്യനീതി കര്‍മ്മസമിതി സംസ്ഥാന നേതൃസമ്മേളനം പ്രഖ്യാപിച്ചു. ഹിന്ദുസമൂഹത്തിന്റെ ആവശ്യങ്ങളിന്മേല്‍ നിഷേധാത്മക നിലപാടുകളാണ്‌ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്‌. ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹം രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്‌.
ഘടകകക്ഷികള്‍ക്കായി വീതിച്ച്‌ നല്‍കിയിട്ടുള്ള വകുപ്പുകള്‍ ന്യൂനപക്ഷ മതതാല്‍പര്യങ്ങള്‍ക്കനുസൃതമായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ഭൂരിപക്ഷപീഡനമാണ്‌ നടത്തുന്നത്‌. കോട്ടയം തിരുനക്കര എന്‍എസ്‌എസ്‌ യൂണിയന്‍ ഹാളില്‍ നടന്ന നേതൃസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ആചാര്യ എം.കെ.കുഞ്ഞോല്‍ രാവിലെ 10.30ന്‌ ഭദ്രദീപം കൊളുത്തിയതോടെയാണ്‌ സമാരംഭിച്ചത്‌.
നാഷണല്‍ ആദിവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട്‌ പി.കെ. ഭാസ്കരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുക്കളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്‌ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ള അവകാശ പത്രിക ചര്‍ച്ച ചെയ്ത്‌ പരിഹാരം കാണാന്‍ മന്ത്രിമാര്‍, വകുപ്പ്തല മേധാവികള്‍, ഹിന്ദുസംഘടനാ നേതാക്കള്‍ എന്നിവരുടെ ഔദ്യോഗിക യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കണമെന്ന്‌ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ പോലും പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നതിന്റെ ഉദാഹരണമാണ്‌ അവകാശപത്രിക ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വരുത്തുന്ന കാലവിളംബമെന്ന്‌ കുമ്മനം പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പട്ടികജാതി അംഗത്തെ തെരഞ്ഞെടുക്കുവാന്‍ സര്‍ക്കാര്‍ വരുത്തുന്ന കാലവിളംബം നീതീകരിക്കത്തക്കതല്ല. ദേവസ്വം നിയമത്തിന്‌ നിയമപരമായി പരിരക്ഷ ഉറപ്പുവരുത്തിയ അംഗത്തെ നിയമിക്കുന്നതില്‍ ഉള്ള തടസമെന്തെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം.
മകരജ്യോതി തെളിയിക്കാനുള്ള അവകാശം മലഅരയര്‍ക്ക്‌ നല്‍കുക, രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, ഭൂരഹിത ദരിദ്രജനസമൂഹത്തിന്‌ ഭൂമിയും വീടും നല്‍കുക, കോളനി ഭൂമികള്‍ക്കും വനവാസി ഭൂമികള്‍ക്കും പട്ടയം നല്‍കുക, ക്ഷേത്രപൂജാരിമാരുടെ ശമ്പളം ക്ലാസ്‌ 2 ജീവനക്കാരുടേതിന്‌ തുല്യമായി ഉയര്‍ത്തുക. പരമ്പരാഗത വ്യവസായം, തൊഴില്‍ എന്നിവ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ നേതൃസമ്മേളനം ഉന്നയിച്ചു.
നേതൃസമ്മേളനത്തില്‍ സാമൂഹ്യനീതികര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ ഇ.എസ്‌.ബിജു, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ കെ.എന്‍.രവീന്ദ്രനാഥ്‌, കെപിഎംഎസ്‌ സംസ്ഥാന സംഘടന സെക്രട്ടറി തുറവൂര്‍ സുരേഷ്‌, അഖില കേരള വിളക്കിത്തല നായര്‍ സമാജം സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.കെ.ആര്‍.സുരേന്ദ്രന്‍, ആള്‍ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.ശിവന്‍, ആള്‍ ഇന്ത്യാ നാടാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, മലയാള ബ്രാഹ്മണസമാജം സംസ്ഥാന പ്രസിഡണ്ട്‌ തോട്ടം നാരായണന്‍ നമ്പൂതിരി, അഖില കേരള മല അരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. സജീവ്‌, ഭാരതീയ വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡണ്ട്‌ വി.പി.ശശിധരന്‍, സാംബവര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട്‌ എം.വി.ജയപ്രകാശ്‌, പണ്ഡിതര്‍ മഹാജനസഭ ജനറല്‍ സെക്രട്ടറി വി.എന്‍.അനില്‍കുമാര്‍, എസ്സി/എസ്ടി മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.സരസ്വതി, എസ്സി/എസ്ടി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന്‍, കേരള കുടുംബി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്‌.സുധീര്‍, ആള്‍ കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന വൈസ്പ്രസിഡണ്ട്‌ പി.എസ്‌.പ്രസാദ്‌, വിശ്വകര്‍മ്മ ഐക്യവേദി പ്രസിഡണ്ട്‌ അശോക്‌ രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ആര്‍.വി. സുന്ദരം, അഖില കേരള വേലന്‍ മഹാസഭ സംസ്ഥാന സെക്രട്ടറി വി.കെ. നീലകണ്ഠന്‍, വൈസ്പ്രസിഡണ്ട്‌ കെ.കെ.ബാലകൃഷ്ണന്‍, എ.കെ.സി.എച്ച്‌എം.എസ്‌. സംസ്ഥാന സെക്രട്ടറി പള്ളം പി.ജെ, വിശ്വകര്‍മ്മ ധര്‍മ്മസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി. വേലായുധന്‍, വിഎച്ച്പി ജനറല്‍ സെക്രട്ടറി വി.മോഹനന്‍, സംഘടനാ സെക്രട്ടറി എം.സി.വത്സന്‍, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട്‌ പി.ആര്‍.ശിവരാജന്‍, വിശ്വകര്‍മ്മ ധര്‍മ്മ സേവാസംഘം സംസ്ഥാന പ്രസിഡണ്ട്‌ വി.ചന്ദ്രാചാര്യ, അഖില കേരള ഹിന്ദു നായ്ക്കന്‍ സഭ സംസ്ഥാന അധ്യക്ഷന്‍ ഡി.സന്തോഷ്‌, കേരള സ്റ്റേറ്റ്‌ ഹരിജന്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.അംബേദ്ക്കര്‍, ആള്‍ ഇന്ത്യ നാടാര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ ആര്‍.നാരായണന്‍ നാടാര്‍, വിപിഎംഎസ്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം.വി. പ്രദീപ്‌, യുവജനവിഭാഗം സംസ്ഥാന പ്രസിഡണ്ട്‌ കുഞ്ഞുമോന്‍ കൂരോപ്പട, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡണ്ട്‌ അഡ്വ.വി.പത്മനാഭന്‍ സംസ്ഥാന സെക്രട്ടറിമാരായ സുശികുമാര്‍, കിളിമാനൂര്‍ സുരേഷ്‌, ആര്‍.എസ്‌.അജിത്കുമാര്‍, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.