പിന്തുണയുമായി ജഗന്‍; മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച

Sunday 26 May 2019 2:03 pm IST

ന്യൂദല്‍ഹി: ആന്ധ്രാ പ്രദേശിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി. ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മോദിയെ സന്ദര്‍ശിച്ച ജഗന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. 2.58 ലക്ഷം കോടിരൂപ കടത്തിലാണ് ആന്ധ്ര. 30ന് വിജയവാഡയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മോദിയെ ക്ഷണിക്കുകയും ചെയ്തു. 

നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 175ല്‍ 151 സീറ്റ് നേടിയാണ് ജഗന്‍ അധികാരം പിടിച്ചത്. 25ല്‍ 22 ലോക്‌സഭാ സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടി. എന്‍ഡിഎക്ക് ഭൂരിപക്ഷം കിട്ടിയില്ലായിരുന്നുവെങ്കില്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിയാല്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന് ജഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാരിന് ഞങ്ങളുടെ പിന്തുണ ആവശ്യമില്ല. കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. ടിഡിപി നേതാവ് ചന്ദ്രബാബുവിന്റെ കാലത്ത് തലസ്ഥാനമായ അമരാവതി നിര്‍മ്മാണത്തിലും പോളവാരം ജലവൈദ്യുത പദ്ധതിയിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ടിഡിപി, എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.