രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Sunday 26 May 2019 2:46 pm IST

ന്യൂദല്‍ഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ മുന്‍ എഡിജിപിയുമായിരുന്ന രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഈ മാസം 23 നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേയ്ക്ക് കടക്കുന്നത് തടയാനായി രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. 

രാജീവ് കുമാറിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അടുത്ത വിശ്വസ്തനാണ് രാജീവ് കുമാര്‍. 

കേസില്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രീം കോടതി സിബിഐയ്ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുന്നതിനായി അറസ്റ്റ് ചെയ്യുന്നത് ഒരാഴ്ചത്തേയ്ക്ക് കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ സ്‌റ്റേ വീണ്ടും നീട്ടാന്‍ രീജിവ് ഹര്‍ജി നല്‍കിയതോടെ കോടതി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. 

1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

മാത്രമല്ല രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ മമത ബംഗാള്‍ പോലീസിനെക്കൊണ്ട് അറസ്റ്റും ചെയ്യിപ്പിച്ചിരുന്നു. ഇത് വിവാദം ആവുകയും കോടതി ഇടപെട്ട് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.