നവോത്ഥാന പരിപാടി നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു: വെള്ളാപ്പള്ളി

Sunday 26 May 2019 4:45 pm IST

ആലപ്പുഴ : തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ടെടുപ്പ് മുന്നില്‍ കണ്ടായിരുന്നെന്നും, നവോത്ഥാന സംഘടനകള്‍ക്കിടയിലെ ഭിന്നത ഒഴിവാക്കാനാണ് ഇതിലൂടെ മുഖ്യമന്ത്രി ലക്ഷ്യം വെച്ചതെന്നും അദ്ദേഹം അറിയിച്ചു. 

ഇത്തരം സംഘടനകളുടെ യോഗം വിളിച്ചാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തത്കാലത്തേയ്ക്ക് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം, ഇവയെല്ലാം പിന്നീട് പുനരാരംഭിക്കാമെന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നത്. 

എന്നാല്‍ പിന്നീട് യോഗം ചേരാന്‍ സാധിച്ചിട്ടില്ല. ശബരിമല വിഷയം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായി. ഇത് ഇടതു പക്ഷത്തിന്റെ തോല്‍വിക്ക് കാരണമായെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

ശബരിമലയില്‍ യുവതീ പ്രവേശനം നടത്താന്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് അവരും ഇടത് പക്ഷത്തെ കാലുവാരി. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് ഫേസ്ബുക്ക് പോസ്റ്റ് വഴി കൂട്ടായ്മ തന്നെ വെളിപ്പെടുത്തുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.