രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

Sunday 26 May 2019 7:38 pm IST
കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ യോഗം നരേന്ദ്ര മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച രാഷ്ട്രപതി സത്യപ്രതിജ്ഞക്കുള്ള ദിവസവും മന്ത്രിമാരുടെ പേരുകളും അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ ലോകനേതാക്കള്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കും. പ്രധാനമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ യോഗം നരേന്ദ്ര മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച രാഷ്ട്രപതി സത്യപ്രതിജ്ഞക്കുള്ള ദിവസവും മന്ത്രിമാരുടെ പേരുകളും അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ ലോകനേതാക്കള്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ല്‍ മോദിയുടെ സത്യപ്രതിജ്ഞക്ക് സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാര്‍ എത്തിയിരുന്നു. സത്യപ്രതിജ്ഞാ ദിവസം രാജ്യത്തുടനീളം ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപിയും തയ്യാറെടുത്തിട്ടുണ്ട്. 

മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം മാലദ്വീപ് ആയിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി അടുത്ത മാസമാണ് സന്ദര്‍ശനം. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മോദിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനം അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി സംബന്ധിച്ചിരുന്നു.

മുന്‍പ് അബ്ദുള്ള യാമീന്‍ പ്രസിഡന്റായിരിക്കെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ ഇന്ത്യ എതിര്‍പ്പറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ സ്വാലിഹ് വിജയിച്ചതോടെ ബന്ധം മെച്ചപ്പെട്ടു. 2014ല്‍ പ്രധാനമന്ത്രിയായതിന് പിന്നാലെ ഭൂട്ടാനാണ് മോദി ആദ്യം സന്ദര്‍ശിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.