പിഎം മോദി 30 @7.00 പിഎം

Monday 27 May 2019 3:12 am IST
കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ യോഗം നരേന്ദ്ര മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച രാഷ്ട്രപതി സത്യപ്രതിജ്ഞയ്ക്കുള്ള ദിവസവും മന്ത്രിമാരുടെ പേരും അറിയിക്കാന്‍ നിര്‍ദേശിച്ചു.

ന്യൂദല്‍ഹി: ദേശീയ ജനാധിപത്യ സഖ്യത്തെ ചരിത്ര വിജയത്തിലേക്ക് നയിച്ച നരേന്ദ്ര മോദി വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ യോഗം നരേന്ദ്ര മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച രാഷ്ട്രപതി സത്യപ്രതിജ്ഞയ്ക്കുള്ള ദിവസവും മന്ത്രിമാരുടെ പേരും അറിയിക്കാന്‍ നിര്‍ദേശിച്ചു. ചടങ്ങില്‍ ലോകനേതാക്കള്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ല്‍ മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാര്‍ എത്തിയിരുന്നു. സത്യപ്രതിജ്ഞാ ദിവസം രാജ്യത്തുടനീളം ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപിയും തയാറെടുത്തിട്ടുണ്ട്. 

മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം മാലദ്വീപ് ആയിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി അടുത്ത മാസമാണ് സന്ദര്‍ശനം. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മോദിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനം അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി സംബന്ധിച്ചിരുന്നു. മുന്‍പ് അബ്ദുള്ള യാമീന്‍ പ്രസിഡന്റായിരിക്കെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ ഇന്ത്യ എതിര്‍പ്പറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ സ്വാലിഹ് വിജയിച്ചതോടെ ബന്ധം മെച്ചപ്പെട്ടു. 2014ല്‍ പ്രധാനമന്ത്രിയായതിന് പിന്നാലെ ഭൂട്ടാനാണ് മോദി ആദ്യം സന്ദര്‍ശിച്ചത്. 

അമ്മയുടെ അനുഗ്രഹം

ഗാന്ധിനഗര്‍:  ഭാരതത്തെ നയിക്കാന്‍ ഒരിക്കല്‍കൂടി ചരിത്രജനവിധി നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറിലെത്തി അമ്മയുടെ അനുഗ്രഹം നേടി. അമ്മയുടെ കാല്‍തൊട്ട് മോദി പ്രണമിച്ചു. 

ഇന്നലെ ഉച്ചയ്ക്ക് ശേഷം അഹമ്മദാബാദിലെത്തിയ മോദി ധന്‍പൂരിലെ ബിജെപി ഓഫീസിന് സമീപം സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ഗാന്ധിനഗറിലേക്ക് പോയത്. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ പ്രതിമയില്‍ പ്രണമിച്ചതിന് ശേഷമായിരുന്നു അഹമ്മദാബാദിലെ സമ്മേളനത്തില്‍ മോദി പങ്കെടുത്തത്. മോദിയുടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത് ഈ ഓഫീസില്‍ നിന്നാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. 2014-ലും അമ്മയുടെ അനുഗ്രഹം നേടിയ ശേഷമാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.