വീണ്ടും കടുവ; വനം ഉദ്യോഗസ്ഥരെ ജനങ്ങള്‍ ബന്ദികളാക്കി

Saturday 1 December 2012 10:47 pm IST

കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി ജില്ലയെ കടുവസങ്കേതമാക്കി പ്രഖ്യാപിക്കില്ലെന്ന പ്രഖ്യാപനം നടത്തി ചുരമിറങ്ങുന്നതിന്‌ മുമ്പേ വീണ്ടും കടുവയുടെ ആക്രമണം. നാല്‌ വളര്‍ത്തുമൃഗങ്ങളെ ഇന്നലെമാത്രം കടുവ കൊന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു. വട്ടുവാടി ചെമ്പ്രമ്മല്‍ വേലുക്കുട്ടിയുടെ രണ്ട്‌ ആടുകളെയും ഓടപ്പള്ളം കവലയില്‍ അത്തിത്തോട്ടത്തില്‍ എല്‍ദോയുടെ പശുവിനെയും കല്ലൂര്‍ 67ല്‍ തേക്കുംപറ്റ ശാരദയുടെ പശുവിനെയുമാണ്‌ കടുവ കൊന്നത്‌. കഴിഞ്ഞദിവസം പഴേരി ജ്യോതിയുടെ പശുവിനെ കൊന്നനിലയില്‍ കണ്ടെത്തിയിരുന്നു.
കടുവ വളര്‍ത്തുമൃഗങ്ങളെ ദിനേന പിടിക്കുന്നതില്‍ രോഷാകുലരായ ജനങ്ങള്‍ ദേശീയപാത 212 ഓടപ്പള്ളം, മൂലങ്കാവ്‌, കല്ലൂര്‍ 67 എന്നിവിടങ്ങളിലും ബത്തേരി ഊട്ടി റോഡില്‍ തൊടുവെട്ടിയിലും പുത്തന്‍കുന്നിലും റോഡ്‌ ഉപരോധിച്ചു. രാവിലെ തുടങ്ങിയ ഉപരോധം ഒന്നര മണിയോടെ അവസാനിപ്പിച്ചു. കല്ലൂര്‍ 67ല്‍ രണ്ടു വനപാലകരെ ജനം ബന്ദിയാക്കി. പശുവിനെ നഷ്ടപ്പെട്ട ശാരദക്ക്‌ 35,000 രൂപ നഷ്ടപരിഹാരം അനുവദിച്ചതിനുശേഷമാണ്‌ വനപാലകരെ വിട്ടയച്ചത്‌.
ദേശീയപാതയില്‍ മൂലങ്കാവ്‌ ഇറക്കത്തില്‍ കടുവയെ ജനം കണ്ടു. വിവരമറിഞ്ഞ്‌ വനപാലകര്‍ എത്തിയെങ്കിലും വെടിവെച്ചുകൊല്ലാന്‍ തയ്യാറായില്ല. പകല്‍ 11ഓടെ നൂല്‍പ്പുഴ പഞ്ചായത്തിലെ മാണ്ടാരക്കൊല്ലിയില്‍ വീണ്ടും കടുവ പ്രത്യക്ഷപ്പെട്ടു. 30 കടുവകള്‍ക്ക്‌ മാത്രം വസിക്കാന്‍ ശേഷിയുള്ള വയനാടന്‍ കാടുകളില്‍ 70 കടുവകളുണ്ടെന്ന്‌ വനം വകുപ്പ്‌ പറയുമ്പോഴും വയനാട്ടിലെ കടുവ സങ്കേതമാക്കി പ്രഖ്യാപിക്കില്ലെന്ന സാങ്കേതികത്വത്തിലാണ്‌ കേരള സര്‍ക്കാര്‍ പിടിമുറുക്കിയിരിക്കുന്നത്‌. പലകാടുകളില്‍ നിന്നും സര്‍ക്കസ്‌ കൂടാരത്തില്‍ നിന്നും, കാഴ്ചബംഗ്ലാവില്‍ നിന്നുമുള്ള കടുവകളെ വയനാടന്‍ കാടുകളില്‍ ഇറക്കിവിട്ടശേഷം കടുവസങ്കേതമാക്കില്ലെന്ന പ്രസ്താവന രാഷ്ട്രീയം മാത്രമാണെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.