ആലപ്പുഴയില്‍ കരകയറിയെങ്കിലും ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞു

Monday 27 May 2019 3:29 am IST
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക് 30,177 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ 69 വോട്ടിന് ആരിഫ് പിന്നിലായി. സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി ഐസക്കിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ആലപ്പുഴയില്‍ അടുപ്പിച്ചില്ല.

എ.എം. ആരിഫ്

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ആലപ്പുഴയില്‍ കഷ്ടിച്ച് ജയിക്കാനായെങ്കിലും ശക്തികേന്ദ്രങ്ങളിലടക്കം വന്‍തിരിച്ചടി നേരിട്ടു. മന്ത്രിമാരായ തോമസ് ഐസക്കും, ജി. സുധാകരനും പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലങ്ങളില്‍ പിന്നാക്കം പോയത് സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമെന്ന് ആക്ഷേപമുയര്‍ന്നു. ഇരു നേതാക്കളും ഹാട്രിക് വിജയം പൂര്‍ത്തിയാക്കിയ മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥി എ.എം. ആരിഫ് പിന്നില്‍ പോയത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക് 30,177 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ 69 വോട്ടിന് ആരിഫ് പിന്നിലായി. സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി ഐസക്കിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ആലപ്പുഴയില്‍ അടുപ്പിച്ചില്ല. കൊല്ലത്തിന്റെ ചുമതല നല്‍കി ഐസക്കിനെ നാടുകടത്തി. നേരത്തെ സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനെ പരാജയപ്പെടുത്തിയ ചരിത്രമുള്ള മാരാരിക്കുളത്ത് തോമസ് ഐസക്ക് തുടര്‍ച്ചയായി വിജയം നേടിയിരുന്നു.

 മാരാരിക്കുളം പിന്നീട് ആലപ്പുഴയായി പേര് മാറിയപ്പോഴും  മണ്ഡലം ഐസക്കിനൊപ്പം നിന്നു. അച്യുതാനന്ദനെ ക്രിസ്ത്യന്‍ സംഘടിത വോട്ട് ബാങ്കിന്റെ പിന്തുണയോടെ പാര്‍ട്ടിയിലെ ചിലര്‍  കാലുവാരിയതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീടുള്ള ഐസക്കിന്റെ തുടര്‍ച്ചയായുള്ള വലിയ വിജയങ്ങളും ഈ വാദം ശരിവയ്ക്കുന്നു. ഐസക്കിന്റെ പ്രചാരണമില്ലാതെ ആരിഫ് മണ്ഡലത്തില്‍ ലീഡ് നേടില്ലെന്ന് നേരത്തെ തന്നെ ചിലര്‍ വ്യക്തമാക്കിയിരുന്നു. ഫലം വന്നപ്പോള്‍ ഇത് യാഥാര്‍ത്ഥ്യമായി. തിരിച്ചടിക്ക് കാരണക്കാര്‍ ഐസക്ക് അനുകൂലികളായ പ്രാദേശിക സിപിഎം നേതാക്കളെന്നാണ് ആരോപണം.  

 മന്ത്രി ജി. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 638 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് 22,621 വോട്ടുകള്‍ ഭൂരിപക്ഷം കിട്ടിയിരുന്നു. നേരത്തെ സുധാകരനും എ.എം. ആരിഫുമായി പലതവണ കൊമ്പുകോര്‍ത്തിട്ടുള്ള സാഹചര്യത്തില്‍ ഇവിടെയും പാര്‍ട്ടിയിലെ അടിയൊഴുക്കുകള്‍ ആരിഫിനെ ബാധിച്ചതായാണ് സംശയം. സ്ഥാനാര്‍ത്ഥി നിര്‍ണയസമയത്ത് സംസ്ഥാന നേതൃത്വം, പ്രത്യേകിച്ച് പിണറായി വിജയന്‍ നേരിട്ട് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയായാണ് ആരിഫിന്റെ രംഗപ്രവേശം. 

 ജില്ലയില്‍ നിന്ന് മറ്റു നേതാക്കളുടെ പേരുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സിറ്റിങ് എംഎല്‍എയെ മത്സരിപ്പിക്കേണ്ടി വന്നതില്‍ പല പ്രമുഖര്‍ക്കും അനിഷ്ടമുണ്ടായിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമായ കായംകുളത്ത് ആരീഫിന് നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. യു. പ്രതിഭക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11,857 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയിരുന്നു. എന്നാല്‍, ആരീഫിന് 4297 വോട്ടുകളുടെ മേധാവിത്വം മാത്രമാണുള്ളത്. 

മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഹരിപ്പാട് ഒഴികെ ആറും പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയിലും കായംകുളത്തും മാത്രമാണ് ഇടതിന് മുന്നിലെത്താന്‍ കഴിഞ്ഞത്. സിപിഐക്കാരനായ മന്ത്രി പി. തിലോത്തമന്റെ ചേര്‍ത്തലയില്‍ വലിയ ഭൂരിപക്ഷം ലഭിച്ചതിനാലാണ് കഷ്ടിച്ച് കരകയറാനായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.