മുഖ്യമന്ത്രിയെ തള്ളി എം.വി. ഗോവിന്ദന്‍; വിശ്വാസികളെ കൂട്ടാതെ മുന്നോട്ടുപോവാനാവില്ല

Monday 27 May 2019 3:34 am IST
വിശ്വാസികളെ കൂടെ കൂട്ടാതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോവാനാവില്ലെന്നും വോട്ട് നഷ്ടപ്പെടുത്തിയ ഘടകങ്ങളിലൊന്ന് ശബരിമലയെന്നും ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം സിപിഎം ഉദ്ദേശിക്കുന്നില്ല. വിശ്വാസി സമൂഹത്തെ വിശ്വാസി സമൂഹമായിത്തന്നെ കാണണം. സിപിഎമ്മിലും വലിയൊരു വിഭാഗം വിശ്വാസികളുണ്ട്.

എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ അഭിപ്രായഭിന്നത ശക്തമാകുന്നു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമായില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. തോല്‍വിയില്‍ കണ്ണൂര്‍ നേതാക്കളില്‍ നിലനില്‍ക്കുന്ന ഭിന്നത വ്യക്തമാക്കുന്നതായി ഗോവിന്ദന്റെ പ്രസംഗം. 

വിശ്വാസികളെ കൂടെ കൂട്ടാതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോവാനാവില്ലെന്നും വോട്ട് നഷ്ടപ്പെടുത്തിയ ഘടകങ്ങളിലൊന്ന് ശബരിമലയെന്നും ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം സിപിഎം ഉദ്ദേശിക്കുന്നില്ല.  വിശ്വാസി സമൂഹത്തെ വിശ്വാസി സമൂഹമായിത്തന്നെ കാണണം. സിപിഎമ്മിലും വലിയൊരു വിഭാഗം വിശ്വാസികളുണ്ട്. വിശ്വാസിയും അവിശ്വാസിയും ഉള്‍പ്പെടെ എല്ലാവരെയും ഒപ്പംനിര്‍ത്താതെ മുന്നോട്ടുപോകാനാകില്ലെന്നു സിപിഎം ഉള്‍പ്പെടെ മനസ്സിലാക്കണം.  മസില്‍പവര്‍ കൊണ്ടു വൈരുദ്ധ്യാത്മക ഭൗതികവാദിയാകാനാകില്ലെന്നും തളിപ്പറമ്പിലെ പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമായില്ലെന്നും എല്‍ഡിഎഫിന്റെ പരാജയത്തെ ഇത് ബാധിച്ചിട്ടില്ലെന്നും അങ്ങനെയാണെങ്കില്‍ പത്തനംതിട്ടയില്‍ ബിജെപിയായിരുന്നില്ലേ ജയിക്കേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ശൈലി മാറ്റാന്‍ തയാറല്ലെന്നും പിണറായി പറഞ്ഞിരുന്നു. മസില്‍പവര്‍ കൊണ്ടു വൈരുദ്ധ്യാത്മക ഭൗതികവാദിയാകാനാകില്ലെന്ന ഗോവിന്ദന്റെ പ്രസംഗം പിണറായി ശൈലി മാറ്റാന്‍ തയാറല്ലെന്ന് പറഞ്ഞതിനുള്ള മറുപടിയെന്നാണ് പാര്‍ട്ടിയിലെ അടക്കിപ്പിടിച്ച സംസാരം. മന്ത്രി തോമസ് ഐസക്കും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. 

ഗോവിന്ദന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും നിലപാടുകളില്‍ കണ്ണൂരിലെ ഒരുവിഭാഗം നേതാക്കള്‍ക്കുളള അപ്രിയത്തിന്റെ തുടര്‍ച്ചയെന്നും വിലയിരുത്തപ്പെടുന്നു. തോല്‍വിയില്‍ പാര്‍ട്ടിക്കുളളില്‍ രൂപം കൊണ്ട ഭിന്നത ഉന്നത നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്ന സൂചനകളാണ് പല നേതാക്കളുടെയും പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും പുറത്തുവരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.