ബാലസോറില്‍ നിന്ന് ഒഡീഷയുടെ മോദി

Monday 27 May 2019 4:18 am IST
'ഒഡീഷയുടെ മോദി' എന്ന് ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന പ്രതാപ് ചന്ദ്ര സാരംഗിയുടെ ബാലസോറില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയുടെ ഒരുക്കം. പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞപോലെ രാജ്യത്തിന്റെ ഉന്നമനവും ഗ്രാമങ്ങളുടെ വികസനവും വര്‍ഷങ്ങള്‍ക്ക് മുമ്പ് നെഞ്ചിലേറ്റി പ്രവര്‍ത്തിക്കുന്ന ഒഡീഷയുടെ മോദി....പ്രതാപ് ചന്ദ്ര സാരംഗി.

ഭുവനേശ്വര്‍: ഇട്ട് പുതുമ നഷ്ടപ്പെട്ട ഒന്നോ രണ്ട് ജുബ്ബ. കുറച്ച് പുസ്തകങ്ങള്‍. അവയെല്ലാം കൂടി ഒതു പഴയ തുകല്‍ ബാഗിലേക്ക് അടുക്കിവച്ചു. ഉള്ളതില്‍ നല്ല വസ്ത്രം ധരിച്ചു. ആകെ സ്വന്തമായുള്ള സൈക്കിള്‍ വിശ്വസ്തരെ ഏല്‍പിച്ചു. ഇടിഞ്ഞുവീഴാറായ കുടിലില്‍ മറ്റൊന്നുമില്ല. 

 കുറച്ച് ധാന്യങ്ങളോ പഴയ വസ്ത്രങ്ങളോ ഉണ്ടാകും. പിന്നെ കുറേ പുസ്തകങ്ങളും. അവയെല്ലാം തന്റെ ഗ്രാമവാസികളെ ഏല്‍പിച്ചു. ഒരു നിമിഷം ഒന്ന് പ്രാര്‍ത്ഥിച്ചശേഷം നീണ്ട വെളുത്ത താടിയും മുടിയും കൈകൊണ്ട് ഒതുക്കി, എപ്പോഴും സുപരിചിതമായ ആ ചിരിയും ചിരിച്ച് വീടിന് പുറത്തേക്കിറങ്ങി.

 ഒഡീഷയിലെ ബാലസോറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ് 64 കാരനായ അദ്ദേഹം. രാത്രിതന്നെ തിരിച്ചാലേ പിറ്റേന്ന് ഉച്ചയോടെയെങ്കിലും അവിടെ എത്താനാകൂ. എന്‍ഡിഎയുടെ യോഗത്തില്‍ പങ്കെടുക്കാനുള്ള ഒരു എംപിയുടെ ഒരുക്കമാണ്.'ഒഡീഷയുടെ മോദി' എന്ന് ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന പ്രതാപ് ചന്ദ്ര സാരംഗിയുടെ ബാലസോറില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയുടെ ഒരുക്കം. പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞപോലെ രാജ്യത്തിന്റെ ഉന്നമനവും ഗ്രാമങ്ങളുടെ വികസനവും വര്‍ഷങ്ങള്‍ക്ക് മുമ്പ് നെഞ്ചിലേറ്റി പ്രവര്‍ത്തിക്കുന്ന ഒഡീഷയുടെ മോദി....പ്രതാപ് ചന്ദ്ര സാരംഗി.

രണ്ട് തവണ ഒഡീഷ നിയമ സഭയില്‍ അംഗമായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി. രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ ഭാരത പുത്രന് സ്വന്തമായുള്ളത് ഒരു കുടിലും ഒരു സൈക്കിളും മാത്രം. സ്വന്തം എന്നുപറയാന്‍ ഉണ്ടായിരുന്ന അമ്മ ഏതാനും വര്‍ഷം മുമ്പ് മരിച്ചു. ഒഡീഷയുടെ ഗ്രാമങ്ങളുടെ വികസനത്തിന് വേണ്ടി ലാഭേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ സമ്മാനമാണ് എംപി സ്ഥാനം. ബിജെഡിയുടെ കോടീശ്വരനായ നേതാവ് രബീന്ദ്രകുമാര്‍ ജന്നയെ കാല്‍ലക്ഷത്തിന് അടുത്ത വോട്ടുകള്‍ക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. 

ചെറുപ്പം മുതല്‍ ആത്മീയ ജീവിതം നയിക്കണമെന്നായിരുന്നു സാരംഗിയുട ആഗ്രഹം. ശ്രീരാമകൃഷ്ണാശ്രമത്തില്‍ ചേരാനായി നിരവധി തവണ ബേലൂരിലെ മഠത്തിലെത്തി താമസിച്ചു. ഒടുവില്‍ ഹൗറത്തിലെ ശ്രീരാമകൃഷ്ണ മഠത്തിന്റെ ആസ്ഥാനത്ത് വരെ പോയി. മഠാധിപതിയെ കണ്ട് തന്റ ആഗ്രഹം അറിയിച്ചു. വീട്ടില്‍ ആരുണ്ട് എന്ന ചോദ്യത്തിന് അമ്മ മാത്രമേ ഉള്ളൂ എന്ന് അറിയിച്ചു. അമ്മയെ ആണ് സേവിക്കേണ്ടത് എന്ന് സ്‌നേഹപൂര്‍വ്വം ഉപദേശിച്ച് മടക്കി അയച്ചു. ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സാരംഗി രാജ്യത്തെ അമ്മയായി കണ്ട് സേവനം ആരംഭിച്ചു.

സൈക്കിളിലായിരുന്നു യാത്ര. നൂറുകണക്കിന് ഗ്രാമങ്ങളില്‍ സഞ്ചരിച്ചു. അവര്‍ക്കൊപ്പം ജീവിച്ചു. പാവപ്പെട്ട ഗ്രാമങ്ങളിലെ കുട്ടികള്‍ക്കായി സമാര്‍ കരാ കേന്ദ്ര എന്ന പേരില്‍ വിദ്യാലയങ്ങള്‍ തുടങ്ങി. നൂറിലധികം സ്‌കൂളുകളും സാംസ്‌കാരിക കേന്ദ്രങ്ങളുമാണ് വിവിധ ഗ്രാമങ്ങളില്‍ സാരംഗി ആരംഭിച്ചത്. രണ്ട് തവണ നീലഗിരിയില്‍ നിന്നും എംഎല്‍എ ആയപ്പോഴും ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു മുഴുവന്‍ സമയ പ്രവര്‍ത്തനം. 2014 ല്‍ ബാലസോറില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെഡിയുടെ പണത്തിന്റെ ഒഴുക്കില്‍ പരാജയപ്പെട്ടു. അഞ്ച് വര്‍ഷം ജനങ്ങളുടെ ഇടയില്‍ പണത്തിനും മദ്യത്തിനുംഎതിരെയുള്ള പ്രചാരണത്തിലായിരുന്നു അദ്ദേഹം. ഇത്തവണ അദ്ദേഹത്തിന്റെ പ്രചാരണവും അത് തന്നെയായിരുന്നു. 'വോട്ട് നോട്ടല്ല...ഒരുകുപ്പി മദ്യവുമല്ല...രാജ്യത്തിന്റെ ഭാവിയാണ്...' ആ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു.

തെരഞ്ഞെടുപ്പ് പ്രചാരണം പോലും ലളിതമായിരുന്നു. കോലാഹലങ്ങള്‍ ഒന്നുമില്ലാതെ സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ ആയിരുന്നു യാത്ര. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്ലാ സന്നാഹങ്ങളും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തു. പക്ഷേ, ജനങ്ങള്‍ക്ക് താന്‍ അപരിചിതനല്ലെന്ന് പറഞ്ഞ്  സന്തോഷപൂര്‍വ്വം നിരസിച്ചു. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ വന്ന ഒന്നോ രണ്ടോ യോഗങ്ങളില്‍ മാത്രമാണ് അവര്‍ക്കൊപ്പം ജീപ്പില്‍ പ്രചാരണം നടത്തിയത്. സാരംഗി എന്ന യോഗിയുടെ രാജ്യസ്‌നേഹപ്രവര്‍ത്തനത്തിന് മുന്നില്‍ ബിജെഡിയുടെ പണത്തിന് പിടിച്ചുനില്‍കാനായില്ല.

ഇതുകൊണ്ടു മാത്രമല്ല ഒഡീഷയുടെ മോദി എന്ന് ജനങ്ങള്‍ വിളിക്കുന്നത്. സാക്ഷാല്‍ നരേന്ദ്രമോദി എപ്പോള്‍ ഒഡീഷയില്‍ വന്നാലും സാരംഗിയുമായി കൂടിക്കാഴ്ച നടത്തും. ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് മോദിയെ കാണാനായി പോയി. സാരംഗിയെ കണ്ട മോദി അടുത്ത് ചെന്ന് ഹസ്തദാനം നല്‍കി വിളിച്ചത് 'പാര്‍ട്ടിയുടെ മികച്ച പോരാളി' എന്നാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.